Skip to main content

Om shanti oshana

 

ഗിരി മാധവ് എന്ന ഹിന്ദുയുവാവിനെ പൂജ മാത്യു എന്ന ക്രിസ്ത്യാനി പെൺകുട്ടി പുറകെ നടന്നു പ്രേമിക്കുന്നു. ഗിരി ഒരു കർഷകനാണ്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നവനാണ്. ഒരു പ്രണയ നഷ്ടം പേറുന്നവനാണ്.

 

പൂജ അൽപം ആണത്തമുള്ള പെണ്ണാണ്. അവൾ ബൈക്കോടിക്കും, ചൂളം കുത്തും. അടുക്കളയിൽ കേറുകയേയില്ല. പഠിച്ചു പഠിച്ചവൾ ഡോക്ടറാവും. എന്നിട്ടും അവൾക്ക് ഗിരിയോടുള്ള പ്രണയം അസ്തമിച്ചിട്ടില്ല. അതെവിടെ ചെന്നെത്തും എന്നതാണ് ഓം ശാന്തി ഓശാനയുടെ കഥ. കഥാഭാഗം ബാക്കി പറയാത്തത് ആരെങ്കിലും ഈ ചിത്രം കാണുന്നുണ്ടെങ്കിൽ ഞാനായിട്ടാ കഥ പറഞ്ഞ് രസം കളയേണ്ടല്ലോന്ന്‍ കരുതിയാ. (അങ്ങിനെയൊന്ന്‍ ആർക്കെങ്കിലും തോന്നുന്നെങ്കിൽ!)

 

ചിത്രത്തിന്റെ തുടക്കത്തിൽ നായകനും സഹായിയും ബുള്ളറ്റിൽ വന്നിറങ്ങി ഒരു സിഗരറ്റിന് തിരികൊളുത്തുന്നു. പെട്ടെന്നാണ് സ്ക്രീനിൽ പുകവലി മുന്നറിയിപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്. നായകൻ അതുകണ്ട് തന്റെ ശ്രമത്തിൽ നിന്നും പിൻവാങ്ങുന്നു. വീണ്ടും സിഗരറ്റ് ചുണ്ടത്തെത്തിയപ്പോഴേക്കും മുന്നറിയിപ്പിന് നീളം കൂടി. നായകൻ അതുകണ്ട് സിഗരറ്റ് കളയുന്നു. ഈ സിനിമയിലാരും സിഗരറ്റ് വലിക്കുന്നില്ലെന്നൊരു പ്രസ്താവനയും. പണ്ട് ചിന്താവിഷ്ടയായ ശ്യാമള പവർകട്ടിന്റെ ഇരുളിൽ തുടങ്ങുന്നതിന്റെ ഒരു പുതുമ പോലെ ചില പ്രതീക്ഷകൾ വളരാൻ തുടങ്ങി. നായികാ പ്രാധാന്യമുള്ള ചിത്രമായിട്ടും അഭിനയിക്കാൻ തയ്യാറായതിന് നിവിൻ പോളിക്കൊരു സ്പെഷൽ താങ്ക്സ് കണ്ടപ്പോഴും ഹോ... ഒരു നായികാപ്രാധാന്യമുള്ള ചിത്രം കണ്ടിട്ട് നാളെത്രയായി എന്നൊരു ചിന്തയും തോന്നി. പക്ഷെ എല്ലാം അസ്ഥാനത്താണെന്ന് കഥ പറയുന്നതിലെ വലിച്ചുനീട്ടൽ കണ്ടപ്പോ തോന്നി തുടങ്ങി. അടുത്തിരിക്കുന്നവരുടെ കോട്ടുവാ ഒരു സാംക്രമിക രോഗമായി തിയേറ്ററിൽ പടരുന്നതും വൈകാതെ കണ്ടു.

 

ഇന്റർവെല്ലായി. അപ്പോൾ സ്ക്രീനിൽ ഇങ്ങനെ: ഇന്റർവെൽ - ആവശ്യമുണ്ടായിട്ടല്ല, ഒരു ശീലമായിപ്പോയി. പെട്ടെന്നു വരണേ എന്ന്. അവസാനം ഞങ്ങൾക്കങ്ങോട്ട് പറയാനുള്ളതും അതു തന്നെ. ഈ സിനിമ തന്നെ ഒരാവശ്യമുള്ളതല്ല എന്ന്.

 

സംവിധായകനായ ലാൽജോസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധാനം തന്നെയാണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ള പണിയെന്ന് തോന്നിപ്പോയാൽ കുറ്റം പറയരുത്. അതു സ്നേഹം കൊണ്ട് മാത്രമാ. നേരെ തിരിച്ചാരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് സ്തുതിപാഠകരാണെന്ന്‍ മനസിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിന് കൊടുക്കേണമേ എന്നേ പറയാനുള്ളൂ.

 

ജൂഡ് ആന്റണി എന്ന നവാഗത സംവിധായകനും മിഥുൻ മാധവ് എന്ന എഴുത്തുകാരനും ചേര്‍ന്നാണീ സിനിമാ സാഹസം ഒരുക്കിയിരിക്കുന്നത്. വാലന്റൈൻ മാസമായ ഫെബ്രുവരിയിൽ തന്നെ ഇറക്കാൻ തോന്നിയത് ഇതൊരു പ്രണയ ചിത്രമായത് കൊണ്ടുമാവാം. പക്ഷെ ഇതിലില്ലാതെ പോയതും പ്രണയമാണ്. നായകൻ നായികയെ കല്യാണം കഴിക്കാതെ പോവുകയാണെങ്കിൽ അതെത്ര നന്നായെന്നു തോന്നിപ്പോവും. അവരുടെ അടുപ്പം നമുക്ക ഫീലു ചെയ്യുന്നില്ല എന്നർഥം. പുതിയ കാലത്തിന്റെ പ്രണയം ഇങ്ങനെയാണെന്ന്‍ പറയുമായിരിക്കും. പക്ഷെ പ്രണയം എന്നും ഒരുപോലെ തന്നെയാണ്. അതിനൊരു രസതന്ത്രമേയുള്ളു. ആ രസതന്ത്രം രൂപപ്പെടുന്നില്ലെങ്കിൽ ഈ കഥ തന്നെ മാറ്റിവെക്കുക. സിനിമയോട് പ്രണയമുള്ളവർ അത്രയെങ്കിലും മിനിമം സ്നേഹം കാണിക്കണമെന്ന അഭ്യർഥനയോടെ നിർത്തട്ടെ. മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധിയാൽ മാപ്പു നൽകണമെന്നും പറയുന്നില്ല!

Tags