Skip to main content
തിരുവനന്തപുരം

വയനാട്ടില്‍ സ്പൈസസ് പാര്‍ക്കിന് കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി വയനാട്ടില്‍ 10 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശര്‍മയുമായി ചര്‍ച്ച നടത്തിയ ശേഷം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കൊച്ചിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിനു വേണ്ടി കാക്കനാട് കിന്‍ഫ്രയുടെ സ്ഥലം വിട്ടുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

റബ്ബറിന്റെ വില ഇടിയുന്ന സാഹചര്യത്തില്‍ റബ്ബര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നികുതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം മുന്‍കയ്യെടുത്ത് റബ്ബര്‍ സംഭരിക്കുക, കേരളത്തില്‍ റബ്ബര്‍ സംഭരിക്കുന്നതിനുളള സാമ്പത്തിക സഹായം സംസ്ഥാനത്തിന് നല്‍കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സി വഴി റബ്ബര്‍ സംഭരിക്കാനുളള സാധ്യത പരിശോധിക്കാന്‍ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, റബ്ബര്‍ സംഭരണം നടത്തുന്ന വിവിധ ഏജന്‍സികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബ്ബര്‍ സംഭരണത്തിനായി ബജറ്റില്‍ നീക്കി വെച്ചിട്ടുള്ള 10 കോടി രൂപ ആവശ്യമെങ്കില്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags