Skip to main content

എല്ലാ അമ്മമാരും സ്‌നേഹനിധികളാണ്. ചിലപ്പോൾ ഈ അമ്മമാർ അൽപ്പം കത്തിവേഷമൊക്കെ എടുക്കാറുണ്ട്. കൂടുതലും ജോലിയുള്ള അമ്മമാർ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എത്രപേർ ചെയ്യുന്ന പണിയാണ് അവർ ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ല. കുട്ടികളുടെ കാര്യംനോക്കൽ, അവരെ പഠിപ്പിക്കൽ, പാചകം, വീടിനകം അടുക്കിവയ്ക്കൽ, അതിഥികൾ വന്നാൽ അവരെ സൽക്കരിക്കൽ, വീട്ടുകാരുമായുള്ള ബന്ധം നിലനിർത്തൽ, കൂട്ടത്തിൽ അവരുടെ ക്ഷേമം നോക്കൽ, പ്രായമായവരുണ്ടെങ്കിൽ അവരുടെ കാര്യം നോക്കൽ അങ്ങിനെ നീളുന്നു ആ പട്ടിക. ഇതെല്ലാം കഴിഞ്ഞുവേണം ആപ്പീസിലെത്തി അവിടുത്തെ പണി. ഇതിനെല്ലാം ഇടയിൽ നിന്നുകൊണ്ട് അത്യാവശ്യം മൊബൈൽ പ്രയോഗവും പിന്നെ ചിലർക്ക് ഫേസ്ബുക്ക് കറക്കവും. മറ്റുചിലർ സാമൂഹികമായി ചിന്തിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്കുള്ള ഇടപെടൽ. അങ്ങനെയുള്ളവർക്കാണെങ്കിൽ അത്യാവശ്യം വായന നിർബന്ധം. ഇതിനിടയിൽ ഞൂന്ന് ഞൂന്ന് ജീവിക്കുന്നതിനിടയിൽവേണം കിട്ടുന്ന സ്‌നേഹം ഏറ്റുവാങ്ങിക്കൊണ്ട് കുട്ടികൾ വളരേണ്ടത്. അതിനാൽ കിട്ടുന്ന സമയം ഈ അമ്മമാർ മക്കളെ വല്ലാതെ സ്‌നേഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

 

ഈ തിരക്കിനിടയിൽ ചിലപ്പോൾ വാണം വിട്ട കണക്കാണ് ഓട്ടം. വാണം വിടുന്നതിനിടയിലെങ്ങാനം മക്കള് വന്നുപെട്ടാൽ ചിലപ്പോൾ ചെറിയ ലാത്തിച്ചാർജ്. ചെറിയ ന്യൂനപക്ഷമാണ് ഇങ്ങനെയുള്ളവരെന്നും, അല്ല മറിച്ചാണെന്നും ഒരഭിപ്രായമുണ്ട്. ഈ വിഷയത്തിൽ ഇതുവരെ ഒമ്പതുമണി ടെലിവിഷന് ചർച്ച നടന്നിട്ടില്ലാത്തതിനാൽ അക്കാര്യത്തിൽ തീർപ്പായിട്ടില്ല. താമസിയാതെ അതിനു തീർപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇവിടുത്തെ അമ്മ അൽപ്പം പുരോഗമന സ്വഭാവക്കാരിയാണ്. മാമൂലുകൾക്കും അന്ധവിശ്വാസങ്ങൾക്കും എല്ലാം എതിര്. വെറും എതിരല്ല. നല്ല കട്ട എതിര്. ചില അന്ധവിശ്വാസങ്ങൾ ചിലപ്പോൾ അവരുടെ ഇടപെടീൽ നിമിത്തം ഇല്ലാതായാൽ ഒട്ടും അതിശയപ്പെടാനില്ല. കാരണം എതിർപ്പ് അത്രയ്ക്കാണ്. കുട്ടികളെ സർഗാത്മകതയിൽ വളർത്തുന്നു. പത്തും എട്ടും വയസ്സുള്ള രണ്ട് മിടുക്കി പെൺകുട്ടികളാണ് മക്കൾ.

 

പച്ചക്കുതിര ചോറുതിന്നുമോ ...

കമ്മ്യൂണിസ്റ്റുകാരന്റെ മക്കൾ ഒന്നാംതരം ഫ്യൂഡൽ സ്വഭാവക്കാരും പണ്ടൊക്കെ ഇത് തിരിച്ചും സംഭവിച്ച മാതിരി ഒന്ന് ഈ അന്ധവിശ്വാസത്തിനെതിരായ പോരാളിയായ അമ്മയുടെ വീട്ടിൽ നടന്നു. കേരളമെന്നു കേട്ടാൽ രക്തം തിളയ്ക്കില്ലെങ്കിലും കേരളത്തിൽ ജീവിക്കുന്നതാണ് സുഖമെന്ന ഒരന്ധവിശ്വാസം ഈ അമ്മയ്ക്കുണ്ട്. ഏതാനും വർഷങ്ങളായി ജോലിയും താമസവും ദില്ലിയിൽ. ഇടയ്ക്കിടെയുള്ള നാട് സന്ദർശനവും ഒന്നുരണ്ടുതവണ അന്ധവിശ്വാസത്തിന് അവധികൊടുത്ത് ഓണമുണ്ടതുമൊക്കെ കുട്ടികളില്‍ വലിയ ആവേശമായി നിൽക്കുന്നു. ഇളയ ചിമിട്ടത്തിയുടെ ഉള്ളിൽ ഓണം ഓണമായി തിളങ്ങി നിൽക്കുന്നു. 2013 ഓണം അടുത്തുവരുന്നു. ഒരുദിവസം ജോലികഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോൾ ഇളയമകൾ ഓടിയെത്തി. അവൾക്കറിയണം പച്ചക്കുതിര ചോറുതിന്നുമോ. പലതരം ചോദ്യങ്ങൾ ഇതിനകം അഭിമുഖീകരിക്കുകയും നേരിടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒരു ചോദ്യം നേരിടുന്നത് ആദ്യം. അറിവുള്ളതുകൊണ്ട് മകളുടെ ചോദ്യത്തിനു ഉടൻ മറുപടി കൊടുത്തു. പച്ചക്കുതിര ചോറുണ്ണുകയില്ല. പകരം അത് പുല്ലാണ് തിന്നുക. എന്താണ് ഇങ്ങനെ ചോദിക്കാൻ കാരണമെന്ന് അമ്മ തിരക്കി. ചിമിട്ടത്തി ചിണുങ്ങി. എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് അമ്മ മനസ്സിലാക്കി. കൗതുകം കലർത്തി കെട്ടിപ്പിടിച്ചുചോദിച്ചപ്പോൾ ചിമിട്ടത്തി കാര്യം പറഞ്ഞു. സ്‌കൂളിൽ നിന്ന് കൂട്ടുകാരിയുടെ സഹായത്തോടെ ഒരു പച്ചക്കുതിരെയെ ജീവനോടെ പിടിച്ചു. ദില്ലിയിൽ ആഗസ്ത്-സെപ്തംബര്‍ മാസങ്ങൾ പച്ചക്കുതിരകളുടെ കാലമാണ്. പിടിച്ച പച്ചക്കുതിരയെ പുള്ളിക്കാരി ഭദ്രമായി വീട്ടിലേക്കു കൊണ്ടുവന്നു. വളരെ പരിമിതമായ പദ്ധതി. അതിനെ വീട്ടിൽ വളർത്തുക. അതിന്റെ പിന്നിൽ ഈ ചിമിട്ടത്തിക്ക് ഒരു വൻ ലക്ഷ്യമുണ്ട്. ഓണത്തിന് നാട്ടിൽ പോകണം. അതിന് ടിക്കെറ്റെടുക്കാൻ കാശ് വേണം. പച്ചക്കുതിര വീട്ടിലുണ്ടാവുകയാണെങ്കിൽ വീട്ടിൽ കാശിഷ്ടംപോലെ വരും. ആ കാശുകൊണ്ട് അമ്മയ്ക്കും അച്ഛനും കൂടി ടിക്കറ്റെടുത്ത് നാട്ടിലേക്ക് വിടാം. ഓണം കൂടാം. സന്തോഷിക്കാം.

 

കുഞ്ഞുമകളുടെ അന്ധവിശ്വാസം കേട്ട്  അന്ധവിശ്വാസങ്ങളുടെ ബദ്ധശത്രുവായ അമ്മ ഉറഞ്ഞുതുള്ളിയില്ല. പകരം പൊട്ടിച്ചിരിച്ചു. എന്നിട്ട് ചേർത്തുനിർത്തി പച്ചക്കുതിരയെ ചോറൂട്ടി വീട്ടിൽ വളർത്താൻ പറ്റില്ലെലന്നൊക്കെ സ്‌നേഹപൂർവ്വം അമ്മ പറഞ്ഞു. അന്ധവിശ്വാസമാണെങ്കിലും മകളുടെ ആ കൗതുകവും മറ്റുമൊക്കെ ഓർത്ത് അമ്മയ്ക്ക് പെരിയ സന്തോഷം തോന്നി. ആ സന്തോഷം മറ്റുള്ളവരോട് ആ അമ്മ ആവേശത്തോടെ പങ്കുവയ്ക്കുകയും ചെയ്തു. അതു പങ്കുവയ്ക്കുമ്പോൾ പ്രസരണം ചെയ്തത് ആ അമ്മയിലെ മാതൃസ്‌നേഹം തന്നെ.

 

ഈ കുഞ്ഞിന്റെ കാര്യത്തിൽ ആ അമ്മയ്ക്ക് സന്തോഷിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ സന്തോഷിക്കുമ്പോൾ ആ കുഞ്ഞിന്റെ ലോകവും അമ്മ അറിയുന്നത് നല്ലത്. ആ കുഞ്ഞിന്റെ ലോകത്തിൽ നിറയുന്ന സങ്കൽപ്പങ്ങൾ എത്രയോ മനോഹരവും ഉദാത്തവുമാണ്. നാട്ടിലെത്തി മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റ് ബന്ധുക്കളോടുമൊത്ത് ഓണമാഘോഷിക്കണമെന്ന് ആ എട്ടുവയസ്സുകാരി സ്വപ്നം കാണുന്നു. ഏറിവന്നാൽ സജീവമായി ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നത് ഒന്നോ രണ്ടോ ഓണങ്ങളായിരിക്കും. ഇവിടെയാണ് സംസ്‌കാരത്തിന്റെ അനായാസമായ പകർച്ച. ആ കുട്ടി കൂടുതൽ ചെലവഴിച്ചത് ദില്ലിയിലാണെങ്കിലും നാടും ഓണവും അതിന്റെ കുഞ്ഞുലോകത്തെ ഏറ്റവും വലിയ സന്തോഷമായി നിലകൊളളുന്നു. ഒരു നാടിനൊപ്പം എല്ലാവരോടുമൊത്ത് സന്തോഷിക്കാനുള്ള  ആ കുഞ്ഞറിയാതെയുള്ള വ്യഗ്രത. കളിപ്പാട്ടങ്ങളിലെ കുഞ്ഞുകൗതുകം വിട്ടുമാറേണ്ട പ്രായമായില്ലെങ്കിലും ആ കുഞ്ഞിനെ ഓണം വിളിക്കുന്നു. ഓണത്തിനു നാട്ടിൽ പോകണമെന്ന് കുട്ടി പറഞ്ഞപ്പോൾ മൂന്നു ദിവസമേ അവധിയുള്ളു അതിനാൽ നാട്ടിൽ പോയിവരവ് ബുദ്ധിമുട്ടാണെന്ന് ആദ്യം പറഞ്ഞു. ഒരുദിവസം വീട്ടിൽ നിന്നാൽ മതിയെന്നും ഓണം കൂടണമെന്നും കുട്ടി നിർബന്ധിച്ചു പറഞ്ഞു. ഒടുവിൽ അമ്മ പറഞ്ഞു, ടിക്കറ്റിനൊക്കെ ഒരുപാട് കാശ് വേണം. ഇപ്പോള്‍ കൈയ്യിൽ കാശില്ല.

 

ദാരിദ്ര്യബോധത്തിന്റെ വിത്തുകൾ

നിർദോഷമായ ഒരു കാരണം പ്രത്യക്ഷത്തിൽ. എന്നാൽ അത് ആ കുട്ടിയിൽ അറിയാതെ ഉണ്ടാക്കുന്ന ചലനങ്ങൾ എണ്ണിയാൽ തീരില്ല. ആ കുട്ടിയുടെ ജീവിതത്തിന്റെ മുഴുവൻ കാഴ്ചപ്പാടിനെ സ്വാധീനിക്കുവാൻ അത് ധാരാളം. ചേരിയിൽ ഭക്ഷണവും വസ്ത്രവും പോലുമില്ലാതെ ജീവിക്കുന്ന മനുഷ്യരേയും കുഞ്ഞുങ്ങളേയും ദില്ലിയിൽ കണ്ടുവളരുന്ന ആ കുഞ്ഞിൽ ദാരിദ്ര്യബോധത്തിന്റെ വിത്തുകൾ പാകപ്പെടുന്നു. ദാരിദ്യം  ഒരവസ്ഥയാണ്. തന്റെ വീട്ടിൽ കാശുണ്ടാവാനാണ് ആ കുട്ടി പച്ചക്കുതിരയെ പിടിച്ചുകൊണ്ട് വീട്ടിലെത്തിയത്. എത്രമാത്രം ആ കുട്ടി സ്വന്തം നിലയിൽ നാട്ടിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവും. വെറുതേയിരിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ മനസ്സിൽ ഓണവും നാടും മിന്നിമറഞ്ഞിട്ടുണ്ടാവും. വീട്ടിൽ കാശില്ലെന്നറിഞ്ഞപ്പോൾ അവൾ വേറെ വഴിക്കു ചിന്തിച്ചുതുടങ്ങി. കാരണം അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാൻ അവൾ തയ്യാറല്ല. ആ കുഞ്ഞുമനസ്സ് എത്രമാത്രം കരുതലോടെ എട്ടാം വയസ്സിൽ സ്വന്തം അച്ഛനേയും അമ്മയേയും കാണുന്നു. തന്റെ ആഗ്രഹനിവൃത്തിക്ക് അവരെ ബുദ്ധിമുട്ടിക്കരുതെന്ന് അവൾ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ സന്തോഷവും അവൾ കാംക്ഷിക്കുന്നു. വീട്ടിൽ പണമില്ല എന്ന തോന്നിലിൽ നിന്നാണ് പണമുണ്ടാവണമെന്നാഗ്രഹിക്കുന്നത്. അതിനവൾ കണ്ട വഴി പച്ചക്കുതിരയെ വളർത്തുക. അവളുടെ മനസ്സ് പ്രത്യേക സാഹചര്യത്തിൽ ഒരു വിശ്വാസത്തെ അഭയം പ്രാപിച്ചു. എല്ലാ വിശ്വാസങ്ങളും അന്ധമാണ്. അക്കാര്യം അമ്മ അറിയുന്നില്ലെന്നു മാത്രം. വിശ്വാസങ്ങൾ അന്ധമായിരിക്കുകയും വേണം. വിശ്വാസത്തിന്റെ നിലനിൽപ്പ് തന്നെ അതിലാണ്. നേരിൽ കാണാൻ കഴിയാതെ വരുമ്പോഴാണ് വിശ്വാസത്തിന്റെ പ്രസക്തി. ആ തലത്തിൽ നോക്കുമ്പോൾ അമ്മയേക്കാൾ ശാസ്ത്രീയമായ വിശ്വാസി മകൾ തന്നെയാണ്. കാരണം അവളുടെ വിശ്വാസം അവൾക്ക് വഴിതുറന്നുകൊടുത്തു. കുട്ടികളുടെ സ്വഭാവപരിണാമത്തിന്റെ രസതന്ത്രവും ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അമ്മയുടെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള വിശ്വാസത്തേക്കുറിച്ചോ അതിന്റെ യുക്തിയില്ലായ്മയെക്കുറിച്ചോ ഒന്നും അവൾക്ക് അറിയില്ല.

 

ഈ കുട്ടിയിൽ നേതൃത്വപാടവവും കാണാൻ കഴിയുന്നുണ്ട്. ഓണത്തിന് പോകാൻ പറ്റില്ലെന്നറിഞ്ഞിട്ട് അവൾ നിരാശയാകുന്നില്ല. മറിച്ച് മറ്റ് വഴികളേക്കുറിച്ച് ചിന്തിക്കുന്നു. മാത്രവുമല്ല അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. രണ്ടാംക്ലാസ്സുകാരി കരഞ്ഞു കാര്യം സാധിക്കാൻ ശ്രമിക്കുന്നതിനു പകരം കാശുണ്ടാക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. ഇത്രയും ആത്മാർഥമായി ഈ കുട്ടി ഓണം കൊള്ളാൻ വെമ്പുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് ഈ ഓർമ്മകൾ അവളുടെ ഉപബോധമനസ്സിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ പതിക്കും. കാശില്ലാത്തതാണ് തന്റെ സന്തോഷത്തിനു വിഘാതമായി നിൽക്കുന്നതെന്ന് ആ നിഷ്‌ക്കളങ്കയായ കുട്ടിയുടെ ഉള്ളിൽ ധാരണ പതിയുന്നു. അങ്ങിനെ കാശും സന്തോഷവും ബന്ധപ്പെട്ടിരിക്കുന്നു എന്ന സമവാക്യം ഒരു സോഫ്റ്റ് വെയർപോലെ അവളിൽ ഇൻസ്റ്റാൾഡാകുന്നു. അതവളുടെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായാൽ അതിശയിക്കാനില്ല. തന്റെ വീട്ടിൽ പണമില്ല എന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. തന്റെ അമ്മയേയും അച്ഛനേയും അവൾ പരിപൂർണമായും വിശ്വസിക്കുകയും ചെയ്യുന്നു. കുറേ നാൾ കഴിയുമ്പോൾ അവൾ മനസ്സിലാക്കും തന്റെയടുത്ത് തന്റെ അമ്മ പണ്ടുപറഞ്ഞത് കളവാണെന്ന്. അമ്മയോടുള്ള സ്‌നേഹം കൊണ്ട് ബോധതലത്തിൽ അവൾക്ക് അമ്മയോട് സ്‌നേഹക്കുറവ് തോന്നില്ല. എന്നാൽ അമ്മയുടെ ആ സ്വഭാവം അവളിലേക്കും ചേക്കേറുന്നു. ചെറിയ കാര്യങ്ങൾക്ക് നിർദോഷമെന്നു തോന്നുന്ന കുഞ്ഞുകളളങ്ങൾ പറയാമെന്ന്. അവൾ അവളുടെ മക്കളുടെയടുത്തും ഭാവിയിൽ ഇതുപോലെ പറഞ്ഞെന്നിരിക്കും.

 

ഇതിനേക്കാളുപരി സമ്പന്നതയെ കുട്ടി പണവുമായി ചേർത്തു കാണുന്നു. പണമില്ലായ്മാബോധം എപ്പോഴും പരിമിതിബോധമാണ് സൃഷ്ടിക്കുക. പരിമിതിബോധമാണ് മനുഷ്യനെ എല്ലാവിധ ദുരിതങ്ങളിലും ചാടിക്കുന്നത്. പരിമിതിബോധം ഉണ്ടായാൽ അതിൽ നിന്നും കരകയറുക  എന്നതായിരിക്കും ചിന്ത. കാരണം മനുഷ്യൻ എപ്പോഴും സന്തോഷം കാംക്ഷിക്കുന്നു. പരിമിതി ബോധത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് അവൾ പച്ചക്കുതിരയെ വീട്ടിലേക്കുകൊണ്ടുവന്നത്. ഇവിടെ അവളുടെ ആ പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു. ഏതെങ്കിലും കാരണവശാൽ അവൾക്ക് ഓണം കൂടാൻ കഴിഞ്ഞില്ലെങ്കിൽ സ്വതവേ നേതൃത്വപാടവവും ദയയും കരുതലും സ്‌നേഹവുമൊക്കെയുള്ള ആ കുട്ടിയുടെ ആത്മവിശ്വാസത്തിന് ചെറിയ ഇടിവുണ്ടാകും. പരാതിപറയുന്ന സ്വഭാവം വേണമെങ്കിൽ ആ കുട്ടിയിൽ പ്രകടമായേക്കാം. കാരണം  വിഷമം എന്ന അവസ്ഥയിൽ നിന്ന് രക്ഷനേടാനാണ് പരാതി പറയുന്നത്. പരാതി പറയുന്നതിലൂടെ തന്റെ ദുഖത്തിനും സന്തോഷമില്ലായ്മയ്ക്കും മറ്റുള്ളവരാണ് കാരണക്കാരെന്ന തോന്നലും രൂപപ്പെടും. ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രതിഫലനങ്ങൾ ആ കുട്ടിയുടെ സ്വഭാവത്തിൽ വന്നുചേരാം. തന്റെ കുട്ടിയ്ക്ക് അങ്ങനെ വരാത്തവിധം താൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കുമെന്ന് ഒരുപക്ഷേ ഈ അമ്മയ്ക്ക് തോന്നുന്നുണ്ടാകും. പക്ഷേ നടക്കില്ല. അമ്മയുമായി മാത്രമല്ല ആ കുട്ടി ബന്ധപ്പെടുന്നത്.

 

നിഷ്‌കളങ്കതയെന്ന ശ്രദ്ധ

കുട്ടികളുടെ സർഗ്ഗശേഷി വികസിക്കുന്ന വിധം വളർത്താനാഗ്രഹിക്കുന്ന അമ്മയാണ് ഇവിടുത്തെ അമ്മ. പുരോഗമനവാദി. കുട്ടികളെ താൻ വളർത്തുന്നില്ല, അവർ വളരുന്നു. അത്രയേയുള്ളു എന്നൊക്കെ ആത്മാർഥമായി വിശ്വസിക്കുന്ന അമ്മയാണ്. എന്നിട്ടും ആ അമ്മയിൽ നിന്നുണ്ടായ ഒഴിവുകഴിവ് കളവായി മാറി. അത് ആ കുഞ്ഞുലോകത്തിൽ സൃഷ്ടിച്ച ചലനങ്ങൾ അപാരം. സ്‌നേഹം കൊണ്ടു പൊതിയുമ്പോഴും കുട്ടികളുടെയടുത്ത് സംസാരിക്കുമ്പോൾ നാം അവരുടെ കണ്ണുകളിൽ നോക്കിവേണം സംസാരിക്കാൻ. കാരണം അവർ അശ്രദ്ധമായി ഒന്നും കേൾക്കുന്നില്ല. അതുകൊണ്ടാണ് അവർ നിഷ്‌കളങ്കരാണെന്ന് പറയുന്നത്. നിഷ്‌കളങ്കതയിൽ ഉള്ളിലേക്കു പോകുന്നത് അതേപടി അവിടെ കുറിക്കപ്പെടും. അത് മാഞ്ഞ് മറ്റൊന്നാകണമെങ്കിൽ ബുദ്ധിമുട്ടാണ്. വളർന്ന് വലുതാകുമ്പോൾ അവർ ആവശ്യമില്ലാതെ എരിപൊരി കൊള്ളും. ചില പൊതുപ്രവർത്തകരെ നോക്കിയാൽ അതു കാണാൻ കഴിയും. ഉന്നയിക്കുന്ന വിഷയം അങ്ങേയറ്റം കാലികപ്രസക്തിയുളളതായിരിക്കും. പക്ഷേ അവർ നീറിക്കൊണ്ടാവും അതവതരിപ്പിക്കുക. ആ നീറ്റല്‍ അവർ ക്ഷോഭത്തോടെയും ആശങ്കയുടെ ഭാഷയിലുമൊക്കെ അവതരിപ്പിക്കും. അവർ അനുഭവിക്കുന്ന പരിമിതിബോധത്തിന്റെ  തടവറയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം മാത്രമാണത്.

 

ഇത്രയും വെമ്പിനിൽക്കുന്ന ഈ കുട്ടിയെ എന്തു ബുദ്ധിമുട്ടുണ്ടായാലും ഓണത്തിന് നാട്ടിലെത്തിക്കുകയാണ് വേണ്ടിയിരുന്നത്. അവൾക്ക് അവളുടെ ജീവിതത്തിൽ അമ്മയ്ക്കും അച്ഛനും നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിച്ച സമ്മാനം. അഥവാ  ഒരു കാരണവശാലും പോകാൻ കഴിയുന്നില്ലെങ്കിൽ യഥാർഥ കാരണം പറയുക. പട്ടിണിപ്പാവങ്ങളെ ധാരാളം കാണാൻ കഴിയുന്ന നഗരത്തിൽ  ഉന്നതമായ സ്‌കൂളിൽ പഠിക്കുന്ന അവൾ ദരിദ്രയാണെന്ന് ഉള്ളിൽ ചെറിയ രീതിയിലെങ്കിലും തോന്നിയാൽ അത് ഉണ്ടാക്കാവുന്ന ദോഷഫലങ്ങൾ വലുതാണ്. കുട്ടികളോട് സംസാരിക്കുമ്പോൾ സ്‌നേഹത്തിന്റെ ഭാഷ തന്നെയാവണം. അതോടൊപ്പം സ്‌നേഹം ഏറ്റവും വലിയ ഉത്തരവാദിത്വവുമാണ്. ഒരു കുഞ്ഞിനെ വളർത്തുക എന്നത് ഏറ്റവും വലിയ സാമൂഹ്യപ്രവർത്തനമാണ്. വിശേഷിച്ചും ഒരു സാമൂഹ്യജീവിയെ വാർത്തെടുക്കുന്നതിൽ അമ്മയുടെ പങ്ക് അനിർവചനീയം. സ്വാതന്ത്ര്യത്തിൽ നിന്നേ സ്‌നേഹവും ഉടലെടുക്കൂ. ഇവിടെ തൽക്കാലം കുഞ്ഞിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ഒരു കാരണവശാലും പോകാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അതിന്റെ യഥാർഥ കാരണം പറഞ്ഞിട്ട് പോകാതിരിക്കുകയാണെങ്കിൽ കുട്ടിക്ക് മറ്റൊരു പാഠവും കൂടി ലഭ്യമാകും. കാര്യങ്ങളുടെ അവസ്ഥ പരിഗണിച്ച് ശക്തമായ തീരുമാനമെടുക്കാനുളള ശേഷി വികസിക്കും. ചിലപ്പോൾ  ഓണം കൂടാത്തതിൽ ഇത്തിരി വിഷമം തോന്നുമെങ്കിലും. സ്‌നേഹനിധികളായ അമ്മമാരും അച്ഛന്മാരും കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും അവരുടെ മുന്നിൽ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാതിരിക്കുന്നതുമെല്ലാം അവർ അവരുടെ നിഷ്‌കളങ്കതയെന്ന ശ്രദ്ധ കൊണ്ട് കൃത്യമായി അറിയുന്നുണ്ടെന്നുള്ളത് മറക്കാൻ പാടില്ല.

Tags