Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ് കാര്യങ്ങളാണ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അന്വേഷണത്തില്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടുമോയെന്ന കാര്യം ഒരാഴ്ച്ചക്കുള്ളില്‍ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയും ഓഫീസും അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ഉള്‍പ്പെടെ അന്വേഷണത്തിനായി ഏതു വിഷയവും ആര്‍ക്കും അന്വേഷണസമയത്ത് ഉന്നയിക്കാമെന്നും ആവശ്യം ഉന്നയിക്കുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാറുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഉത്തരവാദി ആര്, 2006 മുതലുള്ള ആരോപണങ്ങളുടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ, നിയമവിരുദ്ധമായി ആര്‍ക്കെങ്കിലും സഹായം ചെയ്തു കൊടുത്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഉത്തരവാദി ആര്, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലെ നിയമം പര്യാപ്തമോ, അല്ലെങ്കില്‍ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്ത്, തട്ടിപ്പിന് ഇരയായവര്‍ക്ക് തുക തിരിച്ചുകിട്ടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം,എന്നിവയാണ് പരിഗണനാ വിഷയങ്ങള്‍.

Tags