Skip to main content

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ  പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം സമവായമാകാതെ പിരിഞ്ഞു. അഭിപ്രായ ഭിന്നതകള്‍ പരിശോധിക്കാന്‍ മന്ത്രി തല സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം.

 

ഡല്‍ഹി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകളില്‍ നിന്ന് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരടുബില്ലിലെ  വ്യവസ്ഥകള്‍ വ്യത്യസ്ഥമായതിനോട് നിയമ, വനിതാശിശുക്ഷേമ മന്ത്രാലയങ്ങള്‍  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌  പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം വിളിക്കാന്‍  വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിന്റെ കാലാവധി ഏപ്രില്‍ 4 ന് അവസാനിക്കാനിക്കും. ബില്ലിന് അനുസൃതമായി ക്രിമിനല്‍ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്.

 

ബലാത്സംഗം എന്ന വാക്കിനുപകരം ലൈംഗികാതിക്രമമെന്ന പദമാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ സ്ത്രീക്കോ പുരുഷനോ ലൈംഗികാതിക്രമം കാണിക്കാമെന്നും വിശദീകരിച്ചിരുന്നു. ലൈംഗികാതിക്രമമെന്ന പദം ലിംഗഭേദമില്ലാത്തതാണെന്നും സ്ത്രീവിരുദ്ധമാണെന്നും വനിതാസംഘടനാപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. ബലാത്സംഗമെന്ന വാക്ക് ഉള്‍പ്പെടുത്തിയും ഈ കുറ്റത്തിന് പുരുഷനെതിരെ കേസ്സെടുക്കുമെന്ന് വ്യക്തമാക്കിയുമുള്ള ഭേദഗതിയാണ് കരടുബില്ലില്‍ വരുത്തിയിട്ടുള്ളത്. കുട്ടിക്കുറ്റവാളികളുടെയും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുന്നതിന്റേയും പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറക്കുന്നതാണ് തീര്‍പ്പുണ്ടാകേണ്ട മറ്റൊരു വിഷയം.