Skip to main content
Mimicry

മിമിക്രി എങ്ങനെ കലാരൂപമാകും

Yes

മിമിക്രിയെ കേരള സർക്കാർ കലാരൂപമായി അംഗീകരിച്ചു. വിനോദത്തിനായി ആരെയെങ്കിലും, എന്തിനെയെങ്കിലും അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി കേരള സംഗീത നാടക അക്കാദമിയുടെ നിയമാവലിയിൽ ചേർത്തത്. വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച്  മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം  നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ സംഭാഷണ രീതികളും ചേഷ്ടകളും ഒരു വ്യക്തി സ്റ്റേജിൽ അനുകരിച്ചാൽ ഏവരും ചിരിക്കണമെന്നില്ല.  പിണറായി വിജയനെ നേതാവായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അത് കാണുന്നതെങ്കിൽ ആ വ്യക്തിയിൽ ഉണ്ടാകുന്ന വൈകാരികത എന്താകുമെന്ന് ആലോചിക്കാവുന്നതാണ്. പിണറായി വളരെ വിമർശിക്കപ്പെട്ട അവസരത്തിൻ്റെ അനുകരണമാണെങ്കിൽ തൻ്റെ നേതാവ് മോശക്കാരനായി ചിത്രീകരിക്കപ്പെടുന്നുവെന്നാകും കരുതുക. അത് ചിരിക്ക് പകരം വിദ്വേഷത്തിൻ്റെ വൈകാരികതയായിരിക്കും ആ വ്യക്തിയിൽ നിറയ്ക്കുക . .അതുപോലെ പിണറായി വിജയനെ എതിർക്കുന്ന വ്യക്തിയാണെങ്കിൽ ചിലപ്പോൾ അത് കയ്യടിച്ച് ആസ്വദിച്ചേക്കും. ഇതിലൂടെ സംഭവിക്കുന്നത് പരദൂഷണത്തിനോട് ചേർന്ന് നിൽക്കുന്ന വൈകാരികത  ആസ്വാദകരിൽ ജനിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് മനുഷ്യൻ്റെ സംസ്കാരത്തെ താഴ്ചയിലേക്കേ കൊണ്ടു പോകൂ.സിനിമാ നടൻ മധു താൻ അനുകരിക്കപ്പെടുന്നതിലുള്ള അമർഷം പരസ്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.ചിരിയിൽ നിന്ന് ചിന്തിപ്പിച്ച കലാചരിത്രമുള്ള നാടാണ് കേരളം. മിമിക്രി മിക്കപ്പോഴും പൊള്ളച്ചിരിയാണ് കാണികളിൽ ഉളവാക്കുന്നത്. പൊള്ളച്ചിരി കൂടുന്നതനുസരിച്ച് മനുഷ്യൻ്റെ പൊള്ളത്തരവും കൂടും .എല്ലാത്തിനുമുപരി യഥാർത്ഥ കലയെ മിമിക്രി ഇല്ലായ്മ ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന് കഥാപ്രസംഗം. ഒരിക്കൽ ഉത്സവപ്പറമ്പുകളെ ഉത്തേജിപ്പിച്ചിരുന്നത് ഈ കലാരൂപമാണ്. അതിലൂടെ നിരക്ഷരായവർ പോലും എത്ര ലോകോത്തര കൃതികളെയാണ് പരിചയപ്പെട്ടത്. ആ കഥാപ്രസംഗത്തെ വിരള സാന്നിദ്ധ്യമാക്കിയതിൽ മുഖ്യപങ്ക് മിമിക്രിക്കാണ്.