Skip to main content

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകള്‍ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. വേണ്ടത്ര മുന്നറിപ്പ് നല്‍കിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പകല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവൂ. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ യോജിച്ചുള്ള പദ്ധതികള്‍ ആവശ്യമെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് പെരിയാര്‍ തീരത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ന് പുലര്‍ച്ചെയും ഇതേ രീതിയില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടിരുന്നു. സെക്കന്‍ഡില്‍ 8000 ഘനയടിയിലധികം വെള്ളമാണ് രാത്രിയുടെ മറവില്‍ തമിഴ്‌നാട് പെരിയാറിലേക്ക് ഒഴുക്കിയത്. ഈ സീസണില്‍ ഏറ്റവും കുടുതല്‍ വെള്ളം തുറന്നു വിട്ടത് കഴിഞ്ഞ രാത്രിയിലാണ്. ഇത് പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറാന്‍ കാരണമായി. വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങുകയും ചെയ്തു.