Skip to main content

north 24 kaatham

 

ദിശാബോധം രണ്ടുവിധത്തിൽ കാണിക്കാം. ഒന്ന് ദിശനോക്കുന്ന യന്ത്രം പുറത്തെടുത്ത് തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറ് നോക്കി ദിശ കണ്ടുപിടിക്കുക. രണ്ടാമത്തേത് ലക്ഷ്യത്തേക്കുറിച്ചുള്ള ശരിയായ ധാരണ സൃഷ്ടിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ അതിന്റെ നേർക്ക് നീങ്ങുന്നത്. ഇതിൽ ആദ്യത്തെ രീതിയിലൂടെ രണ്ടാമത്തെ ദിശയിലേക്ക് നടക്കാൻ ശ്രമിക്കുന്ന ഒന്നായി നോർത്ത് 24 കാതം എന്ന ന്യൂ ജനറേഷൻ സിനിമ. വളരെ മാന്യമായി വേഷം ധരിച്ച് വ്യാകരണശുദ്ധിയോടെ സംസാരിക്കുന്ന ഒരുവൻ സമൂഹത്തിൽ അശ്ലീലമെന്ന് പൊതുവേ കരുതുന്ന ഒരു ചേഷ്ട കാണിച്ചാൽ ആ വ്യക്തിയുടെ വ്യക്തിത്വം വ്യക്തമാകും. പിന്നീട് ആ വ്യക്തി ഭഗവദ്ഗീതയിലെ ശ്ലോകമോ, ഖുറാനിലെ സൂക്തമോ ബൈബിളിലെ ഗിരിപ്രഭാഷണമോ ഉദ്ധരിച്ചിട്ട് കാര്യമില്ല. തീരെ സംസ്‌കാരമില്ലാത്തവർപോലും അവരുടെ പശ്ചാത്തലത്തിന് പുറത്ത് ഉപയോഗിക്കാൻ മടിക്കുന്ന ഒന്നുരണ്ട് പച്ചത്തെറികളുടെ സാന്നിദ്ധ്യമാണ് വലിയ മോശമല്ലാതാകുമായിരുന്ന ഈ സിനിമയെ നശിപ്പിച്ചത്.

 

പച്ചത്തെറിയാണെങ്കിലും പച്ചയായി പറയേണം ന്യൂ ജനറേഷൻ സിനിമയെന്നാൽ എന്ന വൃത്തലക്ഷണം ഒപ്പിക്കാൻ വേണ്ടിയെന്ന് തോന്നി,  ഒരാവശ്യവുമില്ലാതെ വിളക്കിച്ചേർത്ത ഈ സിനിമയിലെ തെറി. ഓരോ ന്യൂ ജനറേഷൻ സിനിമ ഇറങ്ങുമ്പോഴും മലയാളത്തിലെ തെറികൾക്ക് പൊതുസമൂഹത്തിൽ മാന്യത കിട്ടാറുണ്ട്. ആ നിലയിൽ ഏറ്റവും വോൾട്ടേജ് കൂടിയ തെറിയാണ് ഇതിൽ ഉപയോഗിച്ചത്. ഇനി മലയാളത്തിൽ ഇതിനേക്കാൾ വലിയ തെറി ഉപയോഗിക്കാൻ ഉണ്ടോ എന്നു സംശയം. ഉണ്ടായാൽ തന്നെ ഏറിയാൽ ഒരു തെറി. അതിനപ്പുറമുണ്ടാവില്ല. തെറി എന്നു പറയാൻ കാരണം നിലവിലുള്ള ശബ്ദതാരാവലിയിൽ ഈ തെറിവാക്കിനു ശേഷം ബ്രാക്കറ്റിൽ അശ്ലീല പദം എന്നു ചേർത്തിട്ടുണ്ട്. ജുഗുപ്‌സാവഹമായ പകർച്ചവ്യാധികൾ പിടിപെടുന്നവർ തങ്ങളുടെ രോഗം മറ്റുള്ളവർക്കുകൂടി പകർത്താൻ വ്യഗ്രത കാണിക്കും. അങ്ങിനെ മറ്റുള്ളവരുമായി താദാത്മ്യം പ്രാപിച്ച് സുഖം കണ്ടെത്താനുള്ള ശ്രമം. ഇതൊരു മാനസിക രോഗമാണ്. ഇതേ മാനസികരോഗമാണ് ന്യൂ ജനറേഷൻ സിനിമയിൽ ഇമ്മാതിരി തെറികൾ ഉൾപ്പെടുത്തുന്നതിന്റെ മനശ്ശാസ്ത്രം. ഇടക്കാലത്ത് കൊള്ളയും കൊലപാതകവുമൊക്കെ നടത്തുന്ന നായകനെ മഹത്വവത്ക്കരിച്ചുകൊണ്ട് ചില ജനപ്രിയനായകന്മാരെ വച്ചുകൊണ്ട് ചില സിനിമകൾ ഇറങ്ങിയിരുന്നു. അതിന്റെയൊക്കെ പിന്നണിപ്രവർത്തകരുടെ പശ്ചാത്തലപരിശോധന നടത്തിയാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ടായിരുന്നു. അതായത് ഉഗ്രൻ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു ആ സിനിമകളുടെ നിർമ്മാതാക്കളും സംവിധായകരും. ഒരിക്കൽ ഗതികെട്ടിട്ടെന്നവണ്ണം നടനും സംവിധായകനുമായ ശ്രീനിവാസൻ ഇക്കാര്യം ഉറക്കെ വിളിച്ചുപറയുകയുമുണ്ടായി. തങ്ങളുടെ ക്രിമിനൽ പശ്ചാത്തലത്തിന് സാമൂഹിക അംഗീകാരം നേടി അപകർഷതാബോധത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാനുള്ള മനശ്ശാസ്ത്രമാണ്  അത്തരം സിനിമകളുടെ പിന്നിൽ പ്രേരകമായി പ്രവർത്തിച്ചിട്ടുള്ളത്.

 

Fahad Fazil in North 24 Kaathamഒരു യുവാവിന്റെ  ചില പെരുമാറ്റരീതികളെ ആസ്പദമാക്കി  മെനഞ്ഞെടുത്തതാണ് ഈ നോർത്ത് 24 കാതം. വലിയ കുഴപ്പമില്ലാതെ ബോറടിക്കാതെ കണ്ടുകൊണ്ടിരിക്കാൻ കഴിയുമായിരുന്ന സുഖത്തെയാണ് ന്യൂ ജനറേഷൻ വ്യാകരണ ലക്ഷണം തകർത്തുകളഞ്ഞത്. ഫഹദ് ഫാസിൽ നായകവേഷത്തിൽ പരമാവധി  നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ നായിക സ്വാതിയും. സ്വാതിയുടെ റോൾ അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. കാരണം നായകനെ നായകസ്വഭാവത്തിലേക്ക് ഉണർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിലെ നായികയുടെ റോൾ. അതായത് ഒരു നായകന്റെ സ്വഭാവവൈശിഷ്ട്യങ്ങളിൽ പെരുമാറുകയും അതേസമയം ആകർഷകത്വമുള്ള സ്‌ത്രൈണത  നിലനിർത്തുകയും വേണം. ഒപ്പം ധൈര്യവും പ്രകടമാക്കണം. കാരണം പേടിയാണ് കഥയിലെ വില്ലൻ. നായകനെ ബാധിച്ചിരിക്കുന്ന പേടി. ആ പേടി നായകനുമായി ബന്ധമില്ലാത്ത സന്ദർഭങ്ങളിലൂടെ എന്നാൽ നായകന്റെ സാന്നിദ്ധ്യത്തിൽ പ്രകടമാക്കി നായകനെ യഥാർഥ നായകനാക്കി പരിണമിപ്പിക്കുന്നു. പേടിയിൽ നിന്നാണ് എല്ലാവിധ സ്വാർഥതകളും വ്യക്തിയിൽ ഉടലെടുക്കുന്നത്. അമിത വൃത്തിയും വിട്ടുവീഴ്ചയില്ലാത്ത ചിട്ടയും വ്യായാമമുറകളുമെല്ലാം അങ്ങിനെയുണ്ടാവുന്നു. ആവിധത്തിൽ പേടിമൂലം ഒരു വൃത്തിരാക്ഷസനായി മാറിയ ഒരു ഐടിരാക്ഷസനാണ് നായകൻ.

 

*Spoiler Ahead*

 

ന്യൂജനറേഷൻ സിനിമയാകുമ്പോൾ പശ്ചാത്തലം ഐ.ടി.കമ്പനി ആയിരിക്കണമല്ലോ. നോർത്തിന്റെയും പശ്ചാത്തലം അതു തന്നെ. അതു ഒരുവിധം നന്നായി കാണിച്ചിട്ടുമുണ്ട്. സഹപ്രവർത്തകർക്ക് പേടിസ്വപ്നമായ നായകന്‍ സഹപ്രവർത്തകർ പണിഞ്ഞ പാരയുടെ ഫലമായി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പ്രസന്റേഷന് പോകാൻ നിർബന്ധിതനാകുന്നു.  രാത്രിവണ്ടിക്ക് എറണാകുളത്തുനിന്ന് യാത്രയാകുന്നു. തന്റെ സീറ്റിൽ കിടന്ന യുവതിയെ ടിടിഇയുടെ സഹായത്തോടെ മുകളിലത്തെ ബർത്തിലേക്ക് പറഞ്ഞയച്ചിട്ട് വൃത്തിരാക്ഷസനായ മൂപ്പര് ബർത്തിൽ കിടക്കാതെ ഇരിക്കുന്നു. അപ്പോഴാണ് നടുബർത്തിലെ വൃദ്ധനായ മാഷിന്റെ (നെടുമുടിവേണു) മൊബൈല്‍ ഫോണടിക്കുന്നത്. ഫോണെടുത്ത മാഷ് ഭാര്യയുടെ അസുഖം ഗുരുതരമായതറിഞ്ഞ് അസ്വസ്ഥനായി  തറയിൽ വീഴുന്നു. അതുകണ്ട് മുകളിൽ നിന്ന് ജീൻസ് യുവതി ബർത്തിൽ ഇരിക്കുന്ന നായകന്റെ മുഖത്ത് തട്ടാതെ തട്ടി താഴേക്കുപതിക്കുന്നു. നായകന്റെ കാഴ്ചയിൽ യുവതിയുടെ രണ്ടുകാലുകൾ ആകാശത്തുനിന്നു തിരിച്ചിട്ട ഇംഗ്ലീഷ് വി പോലെ താഴേക്ക് സംഭവിക്കുന്നു - നായകസ്വഭാവമുള്ള നായിക. ഒരു കൈ സഹായിക്കാൻ പറഞ്ഞിട്ടും പേടിച്ച് നോക്കി ഇരിക്കുകമാത്രം ചെയ്യുന്ന നായകനെ നോക്കിക്കൊണ്ട് നോക്കാതെ നായിക മാഷിനൊപ്പം അടുത്ത സ്റ്റേഷനിലിറങ്ങുന്നു. ഇതിനിടയിൽ മാഷിന്റെ പഴയ നോക്കിയ ഫോൺ താഴെ വീഴുന്നു. ട്രെയിൻ വിടാറാകുമ്പോൾ തറയിൽ കിടന്ന് മാഷിന്റെ ഫോൺ അടിക്കുന്നു. ഫോണെടുത്ത നായകൻ കേൾക്കുന്നത് മാഷ് നേരത്തേ കേട്ടതിന്റെ തുടർച്ചയാണെന്ന് കാണികൾക്ക് നായകനൊപ്പം മനസ്സിലാകുന്നു. നായകൻ പുറത്തേക്കോടുന്നു. പുറത്തിറങ്ങി എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ആ അർധരാത്രിയിൽ ട്രെയിൻ നീങ്ങുന്നു. നായകൻ പിന്നെ മാഷിനും  ഒരു എൻജിഒയിൽ പ്രവർത്തിക്കുന്ന സോഷ്യൽ വർക്കറായ ഷൊർണ്ണൂർക്കാരി നാണിയെന്ന നാരായണിയോടുമൊപ്പം കൂടുന്നു. ഒന്നും മിണ്ടാതെ അവരോടൊപ്പം കൂടുന്നു. അങ്ങിനെ കൂടിയുള്ള യാത്രയിലൂടെയാണ് സിനിമ വികസിക്കുന്നത്.

 

nedumudi and swathiസ്‌ക്രിപ്റ്റ് ലളിതമാക്കാൻവേണ്ടി കേരളപശ്ചാത്തലത്തിന് ഉചിതമായ ബന്ദിന്റെ തുടക്കം ആ അർധരാത്രിമുതൽ. ഈ യാത്രയിൽ ഉണ്ടായ സാഹസ നിമിഷങ്ങളില്‍ നായകൻ പരമ്പരാഗത നായികയെപ്പോലെയും നായിക പരമ്പരാഗത നായകനേപ്പോലെയും പെരുമാറുന്നു. ചില മുഹൂർത്തങ്ങളിൽ ഐടി-വൃത്തി രാക്ഷസനായ നായകൻ ചില ഒറ്റപ്പെട്ട നമ്പരുകൾ പുറത്തെടുക്കുന്നു. അതോടെ മൂപ്പര് വെറും ബുദ്ദൂസല്ലെന്ന് സംവിധായകൻ നായികയെ ഓർമ്മിപ്പിക്കുന്നു. പറയേണ്ട കാര്യമില്ലല്ലോ, അവിടെ പ്രണയം അങ്കുരിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. ഇടയ്ക്ക് 'വാ, എന്തേലും കഴിക്കാം' എന്ന് നായകൻ നായികയോട് പറയുന്നു. നായകന്റെ ഈ സിനിമയിലെ ഏകസംഭാഷണം എന്നുവേണമെങ്കിൽ പറയാം. എന്തിനുപറയുന്നു, ആ ദോശതീറ്റ സംഗതിയെ ആകെ മാറ്റിമറിക്കുന്നു. നായകൻ നായികയെപ്പോലെ ദോശകഴിച്ചിട്ട് വിരല് നക്കി ഊറുന്നു. വൃത്തിയോട് പോകാൻ പറയെന്ന മട്ടിൽ. വീണ്ടും യാത്ര തുടരുന്നു.

 

യഥാർഥ സ്ഥലം പറഞ്ഞ് സിനിമയിലെ കഥ പുരോഗമിപ്പിക്കുമ്പോൾ കുറച്ച് യാഥാർഥ്യബോധം പാലിക്കേണ്ടത് അത്യാവശ്യമാണ്. ബന്ദ് ദിനത്തെ യാത്രയുടെ കൊഴുപ്പിക്കൽ കൂട്ടാൻ കുഞ്ഞുതൂക്കുപാലത്തേക്കൂടെയും മലമുകളിലൂടെയും കാട്ടരുവി മുറിച്ചുകടന്നുമൊക്കെ കോഴിക്കോട്ടേക്ക് യാത്ര തുടരുന്നു എന്നു പറയുമ്പോൾ അവിടെ കല്ലുകടിക്കും. അതേപോലെ ഒരാവശ്യവുമില്ലാതെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പരസ്പരം ഭാഷയറിയാതെ പ്രേമിച്ചുകല്യാണം കഴിച്ച് ജീവിക്കുന്ന തമിഴ് ഭർത്താവും ഗുജറാത്തിക്കാരി ഭാര്യയും. നാലഞ്ചുവയസ്സുള്ള  മകളുണ്ടായിട്ടും അവരിതുവരെ സംസാരഭാഷയിലൂടെ ആശയവിനിമയം നടത്തിയിട്ടില്ലത്രെ. എന്നിട്ടും ഒരു ടെമ്പോവാനെ തമിഴ് കാരവനാക്കി ചുമ്മാ ഇങ്ങനെ ഓടിച്ചുകൊണ്ടിരിക്കുന്നു. അനിൽ രാധാകൃഷ്ണൻ ഇങ്ങനെയൊരു സിനിമയെടുക്കുന്നുണ്ടെന്നറിഞ്ഞാണോ അവർ ഇറങ്ങിത്തിരിച്ചതെന്നും തോന്നിപ്പോകും. പക്ഷേ അതൊന്നും സിനിമയുടെ ഒഴുക്കിനെയും ആസ്വാദ്യതയേയും വലുതായി ബാധിക്കുന്നില്ല . ടിക്കറ്റിന് കൊടുത്ത കാശ് പാഴായി എന്ന തോന്നൽ ഈ സിനിമയുണ്ടാക്കുന്നില്ല എന്നുള്ളതിൽ ആശ്വസിക്കാം. അപ്പോഴും ഒരു കാര്യം പൊന്തിവരുന്നു. വഴിയുണ്ടെത്രയോ കാതം ന്യൂജനറേഷൻകാർക്ക് സിനിമയിലെത്തും മുന്നേ പിന്നിടാൻ.

Tags