Skip to main content

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നുമാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കില്‍ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറഞ്ഞു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള  സഞ്ചാരം തുടരാന്‍ സാധ്യത. ഇതാണ് വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് ഇടയാക്കുന്നത്.