Skip to main content

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് തിയറ്റര്‍ ഉടമകള്‍. ഉടമകള്‍ മുന്നോട്ട് വെച്ച വിനോദ നികുതി ഇളവിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചു. അതിനാല്‍ തിങ്കളാഴ്ച്ച തന്നെ തിയറ്ററുകള്‍ തുറക്കുമെന്നും തിയറ്റര്‍ ഉടമകള്‍.

ഇത്തവണ സെക്കന്റ് ഷോക്ക് ഉള്‍പ്പടെ അനുമതി ലഭിച്ചതായും ഉടമകള്‍ അറിയിച്ചു. അതേസമയം 50 ശതമാനം പ്രവേശന അനുമതി മാത്രമായിരിക്കും ഉണ്ടാവുക. തിയറ്റര്‍ ജീവനക്കാരും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും സംസ്ഥാനത്ത് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക.

വലുതും ചെറുതുമായ നിരവധി മലയാള സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടക്കുകയാണ്.