അഴിമതിക്കെതിരെ പോരാടാന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് അറിയിച്ച് ഇടതുസഹയാത്രികനായിരുന്ന ചെറിയാന് ഫിലിപ്പ്. 'ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിലാകും യൂട്യൂബ് ചാനലെന്നും, രാഷ്ട്രീയനിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചെറിയാന് ഫിലിപ്പ് പറയുന്നു.
ചെറിയാന് ഫിലിപ്പ് സി.പി.എമ്മുമായി അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വസ്തുതകള്‍ തുറന്ന് കാട്ടാനും പ്രതികരിക്കാനും യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
'ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.