Skip to main content

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക് മാറ്റുന്നത്. നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. 

സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ്  ഉത്രയുടെ കുടുംബത്തിന്റെ  ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

സ്വന്തം ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വര്‍ഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്. ക്രൂരവും മൃഗീയവുമായ കൊലപാതകമാണ് സൂരജ് നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയുടെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും വധശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടി. വിവിധ കുറ്റങ്ങള്‍ക്കുള്ള പിഴയായി 5 ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ സൂരജില്‍ നിന്ന് ഈടാക്കും. ഈ തുക ഉത്രയുടെ മകന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.