Skip to main content

ഉത്രവധക്കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് പ്രതി സൂരജിനെ ഒഴിവാക്കിയത് പ്രായം പരിഗണിച്ചെന്ന് കോടതി. വധശിക്ഷ നല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് വിധിയില്‍ പറയുന്നുണ്ടെങ്കിലും, പ്രതിയുടെ പ്രായവും, ഇതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി പരിഗണിച്ചു. തെളിയിക്കപ്പെട്ട നാല് കുറ്റങ്ങളില്‍ മൂന്നെണ്ണത്തിനും പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പ്രസ്താവിച്ചത്. നീതി കിട്ടിയില്ലെന്നും, വിധിയില്‍ തൃപ്തരല്ലെന്നും ഉത്രയുടെ കുടുംബം പ്രതികരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ കുറ്റങ്ങളില്‍ പത്തും, ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുക്കാന്‍ ശ്രമിച്ചതിനുമാണ് ജീവപര്യന്തം തടവ്. വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷകള്‍. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ പാമ്പ്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാശ്രമം(307), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍(328), തെളിവ് നശിപ്പിക്കല്‍(201) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു. വിചിത്രവും ദാരുണവുമാണ് കൊലപാതകമെന്നും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേസെന്നും കോടതിയില്‍ വാദിച്ച പ്രോസിക്യൂഷന്‍, പ്രതിക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.