Skip to main content

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് രാജ്യസഭ എം.പിയായ നടന്റെ നിലപാട്. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു മുമ്പ് ഇതേ ചോദ്യം ചോദിചപ്പോള്‍ നടന്റെ പ്രതികരണം. കേരള ബി.ജെ.പിയില്‍ കേന്ദ്ര നേതൃത്വം അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് സുരേഷ്‌ഗോപി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയത്. 

മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന അദ്ധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ സജീവമാണ്. അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്നാണ് വിവരം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വര്‍ഷം ആകുന്നതേയുള്ളൂ.

സുരേന്ദ്രനോട് നേരത്തെയുണ്ടായ താല്‍പര്യം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴില്ല. നിലവുണ്ടായ ഒരു സീറ്റ് നഷ്ടപ്പെടുത്തിയുള്ള നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് താല്‍പര്യമില്ലായ്മയ്ക്ക് പ്രധാനകാരണം. ഒപ്പം കൊടകര കുഴല്‍പ്പണക്കേസിന്റെയും ഉയര്‍ന്ന മറ്റ് സാമ്പത്തിക ആരോപണങ്ങളുടെയും ഭാവി എന്താകുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതേസമയം ഇപ്പോള്‍ സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ അത് കേസില്‍ പങ്കുണ്ടായത് കൊണ്ടാണെന്ന വ്യഖ്യാനം ഉയര്‍ന്ന് വരുമോ എന്ന ചിന്തയും ബി.ജെ.പിക്കുണ്ട്.