Skip to main content

തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കല്‍. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു. ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കള്‍ വാങ്ങിയെന്ന് അവകാശവാദം. പാസ്‌പോര്‍ട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാസ്‌പോര്‍ട്ടില്ലാതെയാണ് മോന്‍സന്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.

തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാള്‍ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അന്‍പതിനായിരം രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച്  ലക്ഷം വരുമെന്നും മോന്‍സന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി എം ഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. 

മോണ്‍സണിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്. ചേര്‍ത്തലയിലെ മോന്‍സന്റ വീട്ടിലെ റെയ്ഡില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കള്‍ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മോണ്‍സണെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ പോകേണ്ടതുണ്ട്. മോണ്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് നാലരക്ക് മുമ്പ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ 3 ദിവസമായി ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.