Skip to main content

നാഗാലാന്റ് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞും മോന്‍സണ്‍ മാവുങ്കല്‍ നിക്ഷേപകരെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. മോന്‍സണ്‍ പറഞ്ഞത് അനുസരിച്ച് ഡല്‍ഹിയിലെത്തിയ പരാതിക്കാരെ നാഗാലാന്റ് പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന വാഹനത്തിലെത്തിയവരാണ് സ്വീകരിച്ചത്. മൂന്ന് പോലീസ് നക്ഷത്രമുള്ള നാഗാലാന്റ് രജിസ്ട്രേഷനുള്ള വാഹനമായിരുന്നു ഡല്‍ഹിയിലെത്തിയ പരാതിക്കാരെ സ്വീകരിക്കാനെത്തിയത്. എസ്.ഐ എന്ന് പരിചയപ്പെടുത്തിയ ഒരാളും വാഹനത്തിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഫെമ നിയമപ്രകാരം തന്റെ പണം വിട്ടുകിട്ടുന്നതിന് നിയമതടസങ്ങളുണ്ടെന്നായിരുന്നു പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിപ്പിക്കുന്നതിനായാണ് മോന്‍സണ്‍ ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. പരാതിക്കാര്‍ക്ക് മോന്‍സണ്‍ തട്ടിപ്പുക്കാരനാണെന്ന സംശയമുണ്ടായ സമയത്തായിരുന്നു ഡല്‍ഹി യാത്രയെന്നും, വിമാനത്താവളത്തില്‍ അവരെ സ്വീകരിക്കാനെത്തിയത് നാഗാലാന്റ് രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ ഒരു പോലീസുകാരനായിരുന്നുവെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.