Skip to main content

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. ഭരണപരമായി എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നും തീരുമാനം ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഇവ നേരത്തെ തീരുമാനിച്ചതാണെങ്കിലും പുതിയ സാഹചര്യത്തില്‍ വേഗത കൂട്ടുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

'ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുത്. പാലാ ബിഷപ്പ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല,' സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഏതെങ്കിലും മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.