Skip to main content

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ പ്രശ്നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ളതെന്നും സതീശന്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റേത് കള്ളക്കളിയാണെന്നും സതീശന്‍ ആരോപിച്ചു. മന്ത്രി വാസവന്‍ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രി തുറന്നുവെന്ന് വ്യക്തമാക്കണം. നേരത്തെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 'ഈ ചാപ്റ്റര്‍ അടച്ചു' എന്നാണ് മന്ത്രി വാസവന്‍ പ്രതികരിച്ചത്. എങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി വീണ്ടും ഇത് തുറന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

'വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വ്യത്യസ്ത നിലപാടാണ്. പത്ത് ദിവസം മുമ്പ് ഒരു പ്രസ്താവന നടത്തുക അതിന് ശേശം പത്ത് ദിവസത്തിന് ശേഷം വീണ്ടും അത് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. പ്രസ്താവന നടത്താനല്ല മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമാണ്'. യു.ഡി.എഫിന് തുടക്കം മുതല്‍ ഒരേ നിലപാടാണ്. വര്‍ഗ്ഗീയ പരാമര്‍ശം ആര് നടത്തിയാലും തെറ്റെന്നതാണ് ഞങ്ങളുടെ നിലപാട്. പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിപക്ഷം ശ്രമിക്കുന്നത്'.

കേരളത്തെ രക്ഷിക്കാന്‍ അടിയന്തരമായി സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നം അവസാനിപ്പിക്കണം. ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും, എന്തുകൊണ്ട് ചെയ്യുന്നില്ല എന്നതാണ് തങ്ങളുടെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.