Skip to main content

സംസ്ഥാനത്തെ കൊവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കാനായി. കൊവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനം വാക്‌സീനേഷനാണ്. 80 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നത് ആ ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമാണ്. സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

സെപ്തംബര്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് ആക്ടീവ് കേസുകള്‍ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടി.പി.ആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനത്തിന് മാത്രമേ ഓക്‌സിജന്‍ ബെഡുകള്‍ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐ.സി.യുവില്‍ ആയുള്ളൂ.