Skip to main content

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.പി സുരേഷ് ഗോപി. വിഷയത്തില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഇടപെടാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഓടിച്ചെന്ന് മൈക്കുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ആളല്ല താനെന്നും സുരേഷ് ഗോപി പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പിന് അനുകൂലമായാണ് ബി.ജെ.പി പ്രതികരിക്കുന്നത്. ഇതിനിടെയാണ് വ്യത്യസ്ത നിലപാടുമായി സുരേഷ് ഗോപി രംഗത്തെത്തുന്നത്.

'ഇതിനകത്ത് അങ്ങനൊരു പ്രശ്നമുണ്ടെങ്കില്‍ എന്നോട് പറയാം. അവര്‍ക്ക് പറയാനുള്ളത് ഞാന്‍ കേള്‍ക്കും. എന്നിട്ട് അവര്‍ക്ക് ആരോടാണോ അറിയിക്കേണ്ടത് അവിടെ ഞാന്‍ പോയി നേരിട്ട് അറിയിക്കും. അതാണെന്റെ ജോലി. ഒരു പേര തൈമാത്രമല്ല, അവിടെ എത്തുന്നത്, എല്ലാ വിഷയവും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്. അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീര്‍, കര്‍ഷക നിയമം അങ്ങനെ എല്ലാം. ബിഷപ്പ് വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കില്‍ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവര്‍ ആവശ്യപ്പെടണം. അല്ലാതെ മൈക്കെടുത്ത് ഓടിച്ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാന്‍. പറയാന്‍ ഉള്ളവര്‍ പറയട്ടെ, അവരുടെ എണ്ണം കൂടട്ടെ. കൂടിവന്നാല്‍ നമ്മള്‍ ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നില്‍ക്കുന്നത്. ഭൂരിപക്ഷം തീരുമാനിക്കട്ടെ. ഭൂരിപക്ഷം തെരഞ്ഞെടുത്ത സര്‍ക്കാര്‍ ചെയ്യട്ടെ,' സുരേഷ് ഗോപി പറഞ്ഞു.