Skip to main content

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ തുടങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും. പോലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30-2.30, 9-4,  9.30-4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വി.സിയോട് വിശദീകരണം ചോദിച്ചെന്നും വിശദീകരണം ലഭ്യമായ ശേഷം വിഷയത്തില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.