Skip to main content

കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് തെക്കുംഭാഗം ബീച്ചില്‍വെച്ചാണ് ഏഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്കെതിരെ സദാചാര ആക്രമണം ഉണ്ടായത്. ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിക്കുന്നതിനായി തെക്കുംഭാഗം ബീച്ച് സൈഡില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു. ഇവര്‍ക്ക് നേരെ ആക്രോശിച്ച് എത്തിയ ആള്‍ അസഭ്യം പറയുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നെന്ന് ഷംല പറഞ്ഞു.

വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ മകനെയും ഇയാള്‍ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഷംലയ്ക്കും മര്‍ദ്ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു. തങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ കണ്ടുനിന്നവര്‍ പോലും ഇടപെട്ടില്ലെന്നും ഷംല പറയുന്നു. തങ്ങള്‍ ആ നാട്ടുകാരല്ലെന്നും മര്‍ദ്ദിച്ചയാളെ അറിയില്ലെന്നും അയാളുമായി യാതൊരു മുന്‍വൈരാഗ്യവുമില്ലെന്നും ഷംല പറയുന്നു.

'വിശന്നിട്ടാണ് അവിടെ വെച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത്. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ പോലുമായില്ല. ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കും,' ഷംല പറഞ്ഞു.

ഇരുവരും പരവൂര്‍ പോലീസില്‍ എത്തി പരാതി നല്‍കി. പ്രതിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.