Skip to main content

കേരള പോലീസ് പരിശോധനയുടെ ഭാഗമായി ഇപ്പോള്‍ ഹൈവേകളില്‍ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ പിടിച്ചുപറിയാണ്. കാരണമില്ലാതെയും കാരണമുണ്ടാക്കിയും പോലീസ് വാഹന യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഓരോ പിഴ ചുമത്തി കാശ് ഈടാക്കുകയാണ്. 

കഴിഞ്ഞ 27-ാം തീയതി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കുടുംബത്തെ അഞ്ചോളം പോലീസുകാര്‍ അടങ്ങുന്ന സംഘം കൊല്ലം ബൈപ്പാസ് എത്തുന്നതിന് മുന്നേ തടഞ്ഞു നിര്‍ത്തി. രേഖകളെല്ലാം പൂര്‍ണ്ണമല്ല എന്ന് തങ്ങളുടെ സിസ്റ്റത്തില്‍ കണ്ടു എന്ന് പറഞ്ഞാണ് തടഞ്ഞു നിര്‍ത്തിയത്. രേഖകള്‍ കാണിച്ചപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്ന കുറ്റം ഉയര്‍ത്തിക്കാട്ടി. ഒരു കുടുംബത്തിലെ 5 പേരാണ് വാഹത്തില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ 70 വയസ്സ് കഴിഞ്ഞവരും. ആശുപത്രി ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പോലീസിനോട് പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല. 

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൂന്ന് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല ഏറി വന്നാല്‍ നാല് എന്ന് പോലീസുകാര്‍ പറഞ്ഞു. എങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യു എന്ന് പറഞ്ഞപ്പോള്‍ അതില്‍ ഒരു പോലീസുകാരന്‍ വളരെ പതിഞ്ഞ സ്വരത്തില്‍ ഡ്രൈവറുടെ ചെവിയില്‍ പറഞ്ഞു ഒരു പെറ്റിക്കേസ് ചുമത്തിത്തരാം, അത് അടച്ചിട്ട് പോകുന്നതാണ് നല്ലത്. അത് ഒരു പോലീസുകാരന്റെ രീതിയിലുള്ള സംസാരമായിരുന്നില്ല മറിച്ച് ഒരു ഇടനിലക്കാരന്റേതായിരുന്നു. 

യാത്രയുടെ അത്യാവശ്യം പരിഗണിച്ച് ചെയ്യാത്ത കുറ്റത്തിന് പിഴ സ്വീകരിച്ച് കാശ് അടച്ചപ്പോള്‍ പോലീസുകാരന്‍ ചുമത്തിയത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തു എന്ന കുറ്റവും. ആ വാഹനത്തില്‍ പുറകെ ഇരുന്ന ആളുകള്‍ ഉള്‍പ്പെടെ എല്ലാവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നു എന്നതാണ് വസ്തുത. ഈ രീതിയില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയില്‍ പലയിടത്തും ഈ ഹൈവേ റോബറി കാണാന്‍ സാധിച്ചു. ഇത്തരത്തില്‍ ചെയ്യാത്ത കുറ്റത്തിന് ഭീമമായ പിഴ പോലീസ് ഈടാക്കുന്നത് വര്‍ധിച്ചിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്.