Skip to main content

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് വടകര എം.എല്‍.എ കെ.കെ.രമ. വടകര സാന്റ് ബാങ്ക്സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലാണ് ആര്‍.എം.പി.ഐ നേതാവ് കൂടിയായ രമ കെ.കെ റിയാസിനെ പോലൊരു മന്ത്രിയെ ലഭിച്ചത് അഭിമാനമെന്ന് പറഞ്ഞത്. നാടിന്റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒരുമിച്ച് നിന്ന് അവരവരുടെ ജനപ്രാതിനിധ്യത്തിന്റെ കടമ നിറവേറ്റേണ്ടതുണ്ടെന്നും കെ.കെ.രമ.

കെ.കെ രമയുടെ വാക്കുകള്‍;

നമ്മുക്ക് ഇപ്രാവശ്യം കിട്ടിയ സൗഭാഗ്യം. നമ്മുടെ പൊതുമരാമത്ത് ടൂറിസം മിനിസ്റ്റര്‍, നമ്മള്‍ പറയുന്ന ഏതെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ഏറ്റവും പൊസിറ്റിവായി അതിനോട് റിയാക്ട് ചെയ്യുകയും ചെയ്യുന്ന മിനിസ്റ്ററെ നമ്മുക്ക് കിട്ടിയത് അഭിമാനമായി ഞാന്‍ കാണുന്നു.

മന്ത്രി എന്ന നിലയില്‍ റിയാസിനോട് ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പോസിറ്റീവായി മറുപടി നല്‍കുകയും ചെയ്യും, വടകര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് അഭിപ്രായപ്രകടനമെന്നും രമ പറയുന്നു. സി.പി.എം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രമയുടെ ഭാഗത്ത് നിന്നാണ് റിയാസിന് ഇത്തരമൊരു പ്രശംസ എന്നത് ശ്രദ്ധേയമാണ്.