Skip to main content

വലിയ പരീക്ഷ ജയിച്ച ആശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പത്ത് സീറ്റ് നേടി കരുത്തനായെങ്കിലും ഇത്തവണ മല്‍സരിക്കാന്‍ ചിഹ്നമെ ഇല്ലാത്ത പ്രതിസന്ധി ജോസഫ് നേരിട്ടിരുന്നു. മല്‍സരിക്കുന്ന 10 സീറ്റില്‍ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന്‍ കിട്ടുമെന്ന് ഉറപ്പായി. ചങ്ങനാശ്ശേരിയില്‍ മറ്റൊരു സ്ഥാനാര്‍ഥി ഇതേചിഹ്നം ആവശ്യപ്പെട്ടെങ്കിലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ജോസഫ് വിഭാഗത്തിനാണ് മുന്‍ഗണന. ചങ്ങനാശ്ശേരിയില്‍ സ്ഥാനാര്‍ഥി വി.ജെ. ലാലിയുടെ പത്രികയില്‍ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സ്വീകരിച്ചു.

പി.സി തോമസിന്റെ അതേപേരിലുള്ള പാര്‍ട്ടിയില്‍ ലയിച്ചതിനാലാണ് കേരള കോണ്‍ഗ്രസെന്ന ലേബലിലായിരിക്കും അറിയപ്പെടുക. ദേശീയ തിരഞ്ഞെടുപ്പുകമ്മിഷന്‍ അംഗീകരിച്ച ചിഹ്നം ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാര്‍ഥികള്‍ക്ക് പൊതുചിഹ്നമെന്ന കടമ്പവന്നത്. ആവശ്യപ്പെട്ട ചിഹ്നത്തെക്കുറിച്ച് വിവരം പുറത്തുപോയാല്‍, വേറെ സ്ഥാനാര്‍ഥികള്‍ അതാവശ്യപ്പെട്ട് തര്‍ക്കത്തിന് സാധ്യതയുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ് വെള്ളിയാഴ്ച ഉച്ചവരെ സ്ഥാനാര്‍ഥികളുടെ പത്രിക തയ്യാറാക്കുന്നത് മാറ്റിയത്. സ്ഥാനാര്‍ഥികളെപ്പോലും ചിഹ്നം ഏതെന്ന് അറിയിച്ചത് ഉച്ചയ്ക്കാണ്.