Skip to main content

ദേവികുളം, തലശ്ശേരി, ഗുരുവായൂര്‍ എന്നീ 3 മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് വലി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മൂന്ന് മുന്നണികളും വാദപ്രതിവാദങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക ഭരണാധികാരി പുറപ്പെടുവിക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താന്‍ സാധിക്കൂ. അതുകൊണ്ടാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഈ ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന് ബി.ജെ.പി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രികയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും എന്‍.ഡി.എ.ക്ക് സ്ഥാനാര്‍ഥിയില്ലാതായി. തലശ്ശേരിയില്‍ ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ദേവികുളത്ത് എന്‍.ഡി.എ.ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ആര്‍. ധനലക്ഷ്മിയുടെ പത്രിക അപൂര്‍ണ്ണമാണെന്ന കാരണത്താലാണ് തള്ളിയത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു.