Skip to main content

ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കും എന്ന കോണ്‍ഗ്രസിന്റെ ഒറ്റ പ്രസ്ഥാവന കൊണ്ട് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ബി.ജെ.പിക്ക് പുറമെ യു.ഡി.എഫും പ്രചരണ വിഷയമാക്കുന്നത് ശബരിമലയെ തന്നെയാണ്. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് താനെന്ന് പ്രചരണയോഗങ്ങളില്‍ കെ മുരളീധരന്‍ ആവര്‍ത്തിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആരോപണമുയര്‍ത്തിയാണ് മുരളീധരന്റെ പ്രചരണം.

2016ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍ 8,671 വോട്ടിനു വിജയിച്ച മണ്ഡലമാണ് നേമം. നേമം പിടിച്ചെടുക്കുമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നത്. 67,813 വോട്ടായിരുന്നു ഒ.രാജഗോപാലിന് ലഭിച്ചത്. വി.ശിവന്‍കുട്ടിയാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2016ല്‍ വി ശിവന്‍ കുട്ടി 59,142 വോട്ട് നേടി. യു.ഡി.എഫിന് കനത്ത വോട്ട് ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തുണ്ടായി. യു.ഡി.എഫിന് ലഭിച്ചത് ആകെ 13,860 വോട്ട്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ദുഷ്ചെയ്തിക്കെതിരെയുള്ള പോരാട്ടമാണ് നേമത്തെതെന്നും കെ.മുരളീധരന്‍. മത്സ്യത്തൊഴിലാളികളെ എല്ലാ പ്രതിസന്ധിയിലും തുണക്കുന്ന കടല്‍ പിണറായി സര്‍ക്കാര്‍ അമേരിക്കക്ക് കരാര്‍ കൊടുക്കാന്‍ ഒരുങ്ങിയെന്നും മുരളീധരന്‍ ആരോപിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനം മുന്‍നിര്‍ത്തി യു.ഡി.എഫ് പുറത്തിറക്കിയ മതധ്രുവീകരണം ലക്ഷ്യമിട്ടുള്ള വീഡിയോ വിമര്‍ശനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആചാരം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ നടപ്പാക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി മതധ്രുവീകരണവും വിദ്വേഷവും ജനിപ്പിക്കുന്ന രീതിയിലായിരുന്നു വീഡിയോ. സുപ്രീം കോടതി വിധി പ്രകാരമുള്ള ശബരിമല യുവതീപ്രവേശനത്തില്‍ വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചരണ വീഡിയോയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്തത്. 'വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം. യു.ഡി.എഫിന്റെ വാക്ക്' എന്ന ടാഗ് ലൈനില്‍ അവസാനിക്കുന്ന വീഡിയോ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.