Skip to main content

ഇന്ത്യന്‍ നാവികസേനയില്‍നിന്ന്‍ സ്വയം വിരമിച്ചതിനു ശേഷം ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച മുപ്പതുകളിലുള്ള പ്രദീപ്. രണ്ടാം ക്ലാസ്സുകാരന്‍ ആദിത്യന്‍റെ അച്ഛന്‍. പ്രദീപും ആദിത്യനും പ്രദീപിന്‍റെ കീഴുദ്യോഗസ്ഥനും കൂടി ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തി. സ്ഥലം പാലക്കാട് കൊഴിഞ്ഞാമ്പാറ. സദ്യ കഴിഞ്ഞ് കൊടുംചൂടില്‍ മരത്തണലില്‍ മറ്റ് സുഹൃത്തുക്കളുമായി നില്‍ക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ആദിത്യനില്‍. ഒന്നൊന്നര മീറ്റര്‍ നീളം വരുന്ന ഒരു വടികൊണ്ട് ആദിത്യന്‍ പ്രദീപിന്‍റെ അസിസ്റ്റന്‍റായ ജോണ്‍സനെ അടിയോടടി. പിന്നില്‍ നിന്ന്‍ ചന്തിക്കാണ് അടി. നല്ല ഒന്നാന്തരം അടി. വേദനകൊണ്ട് പുളയുന്നുണ്ടെങ്കിലും ജോണ്‍സണ്‍ ഓരോ അടി കിട്ടുമ്പോഴും ചിരിയോട് ചിരി. അതനുസരിച്ച് ആസ്വദിച്ച് ആദിത്യനും ചിരിക്കുന്നു. എന്തോ രസകരമായ കാര്യത്തിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന ഭാവത്തില്‍. പ്രദീപാണെങ്കില്‍ താന്‍ ഇപ്പോഴും സേനയില്‍ ഉണ്ടെന്നുള്ള ഒരു ശരീരഭാഷയിലാണ് നില്‍പ്പ്. ഓരോ അടി കഴിയുമ്പോഴും ആദിത്യനെ അതിശക്തമായി നോ പറഞ്ഞ് വിലക്കുന്നുണ്ട്. ആദിത്യന്‍ എവിടെ കേള്‍ക്കാന്‍. കണ്ടുനില്‍ക്കുന്നവര്‍ക്കും സങ്കടം വന്നു. അമ്മാതിരിയാണ് അടി പുരോഗമിച്ചത്. ഒടുവില്‍ പ്രദീപ് ബലാല്‍ക്കാരമായി ആദിത്യനെ പിടിച്ചുമാറ്റി. ആദിത്യന്‍ ചിരിച്ചുകൊണ്ട് അതിലുള്ള അസ്വസ്ഥത പ്രകടമാക്കി. എന്നിട്ടവന്‍ ചോദിച്ചു -നിങ്ങള്‍ക്കാര്‍ക്കും നിങ്ങളുടെ കൈയ്യ് വേണ്ടേ- എന്ന്‍ ചോദിച്ചുകൊണ്ട് പ്രദീപിന്‍റെ കയ്യില്‍ അമര്‍ത്തി കടിച്ചു. കടിയില്‍ കൈ മുറിയുമെന്നായപ്പോള്‍ പ്രദീപ് ആദിത്യന്‍റെ കൈകളിലെ ബലമായ പിടിവിട്ടു. പിടിച്ചുമാറ്റിയപ്പോള്‍ ആദിത്യന്‍റെ കൈയ്യിലുണ്ടായിരുന്ന വടിയും വാങ്ങി ഒടിച്ചു കളഞ്ഞിരുന്നു.

 

പിടിയില്‍ നിന്നു മോചിതനായ ആദിത്യന്‍ ദൂരേക്ക് ഓടി. ആ സമയം തന്റെ മകനെക്കുറിച്ചായി പ്രദീപ്. “ഒരു രക്ഷയുമില്ല, വല്ലാത്ത ഹൈപ്പറാക്ടീവാ. ഇന്ന്‍ വൈഫ് വീട്ടിലില്ല. ഇവന്‍ സെന്‍ട്രല്‍ സ്‌കൂളിലാ. ഇനി നാലു ദിവസം കൂടി കഴിഞ്ഞാലേ സ്‌കൂള്‍ തുറക്കൂ.” ഒരു ക്ഷമാപണമെന്നപോലെയാണ് പ്രദീപ് പറഞ്ഞത്. വീട്ടില്‍ ആദിത്യന്‍റെ ഹൈപ്പറാക്ടിവിറ്റി നിമിത്തം തന്റെ ഭാര്യയും പൊറുതിമുട്ടിയിരിക്കുകയാണെന്ന്‍ പ്രദീപ് കൂട്ടിച്ചേര്‍ത്തു. അപ്പോഴേക്കും ആദിത്യന്‍ വീണ്ടുമെത്തി. തന്‍റെ കൈയ്യില്‍നിന്നും പിടിച്ചുവാങ്ങി നശിപ്പിച്ച വടിയുടെ അത്രയുമോ അതിനേക്കാളോ നീളമുള്ള ഒരു ഉപേക്ഷിക്കപ്പെട്ട കറുത്ത ഒരിഞ്ചിന്‍റെ ഹോസുമായാണ് വരവ്. എല്ലാവരും ഒന്നു ഞെട്ടി. അതുകൊണ്ട് അടി കിട്ടുകയാണെങ്കില്‍ സംഗതി പഴയതു പോലാകില്ല. ആദിത്യന്‍ പഴയതുപോലെ ജോണ്‍സന്‍റെ പിന്നിലെത്തി ഹോസ് ഉയര്‍ത്തി ഉന്നം പിടിച്ചു. കൃത്യം ചന്തിക്കു തന്നെ അടിക്കാന്‍. ആ സമയത്ത് മൂപ്പര്‍ അവിടെയുണ്ടായിരുന്നു.

 

മൂപ്പര്‍ - ആദിത്യന്‍, എന്താ ആ കയ്യില്‍? അത് ഹോസല്ലെന്നു  തോന്നുന്നല്ലോ?

ആദിത്യന്‍ - ഇത് ഹോസ്. ഇതുകൊണ്ട് നന്നായി അടിക്കാം.

മൂ- വ്വ്, അതടിക്കാം. അതിനുമുന്‍പ് അതുവെച്ച് ഒരു കുതിരയെ ഉണ്ടാക്കാമോ.

ആദി- കുതിരയോ?

മൂ- അതേ, കുതിരയെ. ആദിത്യനു പറ്റും. നോക്കിയേ.

 

ആദിത്യന്‍ ഹോസിനെ മുമ്പോട്ടുപിടിച്ച് നോക്കിയിട്ട് ഒന്നുരണ്ട് തവണ തിരിച്ചും മറിച്ചും നോക്കി. ആ നോട്ടം കണ്ടപ്പോള്‍ മൂപ്പര്‍ ചോദിച്ചു ആദിത്യന് മൂപ്പരുടെ സഹായം വേണോ എന്ന്‍. അതിനുത്തരം-“യൂ ആര്‍ നോട്ട് മൈ ഫാദര്‍ ടു ഹെല്‍പ് മീ”- എന്നായിരുന്നു. രണ്ടാംക്ലാസ്സുകാരന്‍റെയുള്ളില്‍ സ്വന്തം അച്ഛന്‍റെയല്ലാതെ ആരുടേയും സഹായം സ്വീകരിക്കരുതെന്ന്‍ ഒരു വിശ്വാസം കയറിക്കൂടിയിട്ടുണ്ട്. അത് പുറത്തുനിന്നാകാന്‍ വഴിയില്ല.

 

മൂ- ശരിയാ. ആദിത്യന് ഒറ്റയ്ക്ക് കുതിരയെ ഉണ്ടാക്കാന്‍ പറ്റുമല്ലോ! നോക്കിയേ.

 

ഉടന്‍ തന്നെ ആദിത്യന്‍ ആ ഹോസ് നാലായി മടക്കി കുതിരയുടെ ഷേപ്പിലാക്കി.

 

മൂ- ഉഗ്രന്‍ കുതിര!

 

മൂപ്പര്‍ കൈയ്യടിച്ചപ്പോള്‍ കൂടി നിന്നവരും കൈയ്യടിച്ചു. ജോണ്‍സണ്‍ അപ്പോഴും ചിരിച്ചു.

 

മൂ- ആദിത്യന്‍റെ കുതിര കൊള്ളാം. അതിന് ഓടാനുള്ള ശക്തിയുണ്ടോ എന്നു നോക്കിയേ.

 

അതു പറഞ്ഞ മാത്രയില്‍ നാലായി മടക്കിയ കുതിരയെ കാലുകള്‍ക്കിടയിലേക്ക് കയറ്റി അതിവേഗത്തില്‍ കുതിര സവാരി നടത്തുന്നതുപോലെ ആദിത്യന്‍ ഓടി. കുതിരയെ ഇഷ്ടപ്പെട്ടതിനാല്‍ മൂന്ന്‍ നാല് തവണ ആ ഗ്രൗണ്ടില്‍ കുതിരയെ ഓടിച്ചു. അതു കഴിഞ്ഞ് വീണ്ടും എത്തി കുതിരയെ പുറത്തെടുത്തു. ആദിത്യന്‍ വിസ്മയത്തോടെ കൈയ്യിലിരുന്ന ഹോസിനെ നോക്കി. കൂടി നിന്നവരെയാരും അവന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല.

 

മൂ- ആദിത്യന്‍ അതു വച്ച് ഒരാനയെ ഉണ്ടാക്കാമോന്നു നോക്കാമോ?

ആദി- ആനയോ?

 

അതുപറഞ്ഞുകൊണ്ട് ആദിത്യനൊന്നു കൗതുകപൂര്‍വ്വം ചിരിച്ചു. എന്നിട്ട് ഹോസ് ഒന്നുകൂടി നോക്കി. പാലക്കാടന്‍ വെയിലുകൊണ്ടുണങ്ങിയ ഹോസായതിനാല്‍ ആനയെപ്പോലെ വളഞ്ഞുവരാന്‍ പ്രയാസം. കാരണം വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മടങ്ങിപ്പോകുന്നു.

 

മൂ- ആദിത്യന്‍ എന്‍റെ സഹായം വേണോ?

 

അതിന് നിങ്ങളെന്‍റെ അച്ഛനല്ലല്ലോ എന്ന്‍ ആംഗലേയത്തില്‍ കൗതുകപൂര്‍വം ഒരു മറുചോദ്യം. അത് വളരെ നിഷ്‌കളങ്കവുമായിരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോഴും പ്രദീപ് ആ പട്ടാളശ്വാസം വിടാതെയാണ് നില്‍പ്പ്. പുറമെയുള്ള ആരുടേയും സഹായം സ്വീകരിക്കരുതെന്ന്‍ ആ കുഞ്ഞുമനസ്സില്‍ എവിടെനിന്നോ ധാരണ കയറിയിരിക്കുന്നു. എന്തായാലും അവന്‍ ആനനിര്‍മാണം തുടര്‍ന്നു. അപ്പോള്‍ ഹോസ് രണ്ടായി മടങ്ങി. ആ മടങ്ങിയ ഹോസ് ഉയര്‍ത്തി.

 

മൂ- ഗുഡ്. ദിസ് ഈസ് ദി ഇംഗ്ലീഷ് ലെറ്റര്‍ ‘വി’!

 

അതോടെ വീണ്ടും ആദിത്യന് ആവേശമായി. അവന്‍ തുള്ളിച്ചാടിക്കൊണ്ട് ഹോസ് വീണ്ടും പെരുമാറി.

 

മൂ- ഗ്രേറ്റ്! ഇപ്പോള്‍ ഉഗ്രന്‍ മീന്‍! മീന്‍ നീന്തുന്നത് ഒന്ന്‍ കാണിച്ചേ!

 

ആദിത്യന്‍ മീനിന്‍റെ ഷേപ്പിലാക്കിയ ഹോസിനെ വെള്ളത്തിലെന്നോണം നീന്തിച്ചു. അതു കഴിഞ്ഞ് അവന് വീണ്ടും പ്രിയപ്പെട്ട കുതിരയിലേക്കു മടങ്ങി. കുതിര ആയപ്പോള്‍ വില്ലാളിവീരനെപ്പോലെ അതിനെ ഓടിച്ചു. പ്രദീപ് ശ്വാസം വിടാതെയാണെങ്കിലും ചിരിച്ചു. ജോണ്‍സണ്‍ ഉള്ള് തുറന്ന്‍ കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു. ജോണ്‍സണ്‍ മൂപ്പരെ ആദ്യമായാണ് പരിചയപ്പെടുന്നതെങ്കിലും ഉപകാരസ്മരണപോലെയായിരുന്നു മൂപ്പരെ നോക്കിയുള്ള ചിരി. രണ്ടുമൂന്നു ചാല് കുതിരയെ ഓടിച്ച് അല്‍പ്പം വിശ്രമിക്കാനെത്തിയ ആദിത്യന്‍ വീണ്ടും ഹോസില്‍ പണി ആരംഭിച്ചു.

 

മൂ- ആദിത്യന്‍, മോന്‍ ഇതിനകം കുതിരയെ ഉണ്ടാക്കി. കുതിരയെ കലക്കന്‍ സ്പീഡിലോടിച്ചു. ആനയെ ഉണ്ടാക്കി, മീനിനെ ഉണ്ടാക്കി. ഇനി ഒരു കിളിയെ ഉണ്ടാക്കണ്ടേ?

 

ഉടന്‍ സ്‌നേക്കിനെ ഉണ്ടാക്കാം എന്നു പറഞ്ഞ് ആ ഹോസിനെ പാമ്പാക്കി മാറ്റി തറയില്‍ ഇഴയിപ്പിച്ചു. അതിനു ശേഷം ആ ഹൈപ്പര്‍ കുട്ടന്‍ ആ ഹോസ് ഇംഗ്ലീഷ് ഡബ്ല്യൂ പോലാക്കി കിളി ചിറകടിക്കുമ്പോലെ ചിറകടിപ്പിച്ച് കിളിയാക്കി. അവന്‍ മറ്റൊരു ലോകത്തിലെത്തി. ഭാവനയുടെ ലോകത്തില്‍ അടിയും വാശിയും മോശം ഭാഷയൊന്നും ആദിത്യനില്‍ നിന്നു വന്നില്ല. അവനിപ്പോള്‍ ആ ഹോസ് ഹോസല്ലാതായി മാറി. അവന്റെ ഭാവനയ്ക്ക് രൂപം നല്‍കുന്ന, പറഞ്ഞാല്‍ കേള്‍ക്കുന്ന കൂട്ടുകാരനെയോ മുത്തച്ഛനെയോ പോലെയൊക്കെയായി. മാറിമാറി അവന്‍ രൂപങ്ങളുണ്ടാക്കി. അതുവരെ അവന്‍റെ അച്ഛനെ നിര്‍ത്തിയുരിയിക്കുന്ന അക്രമരംഗങ്ങളും അസ്വസ്ഥവാക്കുകളും പറഞ്ഞിരുന്ന ആദിത്യന്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ആ മാറ്റം അവിടെ നിന്നവരിലെല്ലാം പ്രതിഫലിച്ചു. എല്ലാവരും കൗതുകപൂര്‍വം അവന്‍റെ കളികള്‍ ശ്രദ്ധിക്കുന്നു. പിന്നീടാണറിഞ്ഞത് അവിടെ എത്തിയ സമയം മുതല്‍ അവന്‍ ഓരോ സുഖകരമല്ലാത്ത, മറ്റുള്ളവര്‍ക്ക് നോവുന്ന വിനോദത്തിലേര്‍പ്പെട്ടു വരികയായിരുന്നു. ആദിത്യനിപ്പോള്‍ ആരെയും ശ്രദ്ധിക്കുന്നില്ല. പ്രദീപിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. എന്നാല്‍ എന്ത് ചോദിക്കണം എന്നറിയാത്ത ഒരവസ്ഥ. ചെറുതായിട്ട് ആ പട്ടാളക്കാരന്‍റെ കണ്ണില്‍ ഇത്തിരി നീരു വന്നോ എന്നു സംശയം.

 

പ്രദീപ്‌- വീ ഹാവ് എന്‍ഗേജ്ഡ്‌ ഹിം

 

തലകുലുക്കി, പാതി കുറ്റസമ്മതം പോലെ പ്രദീപ് പറഞ്ഞു. എന്നിട്ടു തുടര്‍ന്നു. “വെരി ഡിഫിക്കല്‍ട്ട്. വൈഫ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.”

 

മൂ- ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് അഥവാ ഹൈപ്പറാക്ടീവ് ആകുന്നതെന്നാ പ്രദീപ് മനസ്സിലാക്കിയിട്ടുള്ളത്?

പ്ര- യെസ്, വളരെ ഹൈപ്പറാക്ടീവാണ്. ഞങ്ങള്‍ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുവാനിരിക്കുവാ.

മൂ- പ്രദീപ്, ആദിത്യന് ഒരു കുഴപ്പവുമില്ല. ഹൈപ്പറാക്ടീവാകുക എന്നാല്‍ അവനില്‍ അടിഞ്ഞുകൂടിയ അധിക ഊര്‍ജ്ജം പുറത്തു കളയാനുള്ള വഴിയാണ്. അവനത് നിയന്തിക്കാന്‍ കഴിയില്ല. അധികമുള്ള ഊര്‍ജം പുറത്തുകളയാന്‍ പറ്റുന്നില്ലെങ്കില്‍ അവന് ഭ്രാന്ത് പിടിച്ചപോലെയാകും. അവനെ തടഞ്ഞപ്പോള്‍ അവന്‍ നിങ്ങളുടെ കൈയ്യില്‍ കടിച്ച രീതി കണ്ടില്ലേ?

 

അതു കേട്ടപ്പോള്‍ പ്രദീപ് കൈ നോക്കുകയും മൂപ്പരെ കാണിക്കുകയും ചെയ്തു. പ്രദീപിന്‍റെ കൈപ്പത്തിയുടെ താഴെ അരിക് പല്ലിന്‍റെ പാടുകൊണ്ട് നീലിച്ച് കിടക്കുന്നു.

 

മൂ- ഹൈപ്പറാക്ടീവാകുന്ന കുട്ടിയെ തടഞ്ഞാല്‍ അതുപോലെ അസഹനീയം അവന് വേറൊന്നുമുണ്ടാവില്ല. അവന്‍ സ്വാതന്ത്ര്യത്തിന് അഥവാ രക്ഷപ്പെടലിനായാണ് അങ്ങിനെ ഹൈപ്പറാക്ടീവാകുന്നത്. അപ്പോള്‍ തടഞ്ഞാല്‍ സന്തോഷം നഷ്ടപ്പെട്ട അവന്‍ ഏതുരീതിയില്‍ പെരുമാറുമെന്ന്‍ പറയാനാകില്ല.

പ്ര- അതു ശരിയാ. അവന്‍ ചില വികൃതികള്‍ കാട്ടിയപ്പോള്‍ വൈഫ് തടഞ്ഞപ്പോഴൊക്കെ വൈഫിനെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട്. ചിലപ്പോള്‍ അപകടം സംഭവിക്കുന്ന വിധത്തിലായിരിക്കും.

മൂ- പേടിക്കേണ്ട ഒരു കാര്യവുമില്ല. ഇതൊരു അവസരമാണ്. അവനിലെ അധിക ഊര്‍ജത്തെ സര്‍ഗാത്മകമാക്കി തിരിച്ചുവിടുക. ഏതുപോലെയാണോ വിനാശകരമാകുന്നത് അതുപോലെ ആ ഊര്‍ജം സര്‍ഗാത്മകമായി മാറും. അല്ലെങ്കില്‍ ഇങ്ങനെയുള്ള കുട്ടികള്‍ എന്തായിത്തീരുമെന്ന്‍ പറയുക വയ്യ. അപകടകാരികളായേക്കും. അവര്‍ക്കും മറ്റുള്ളവര്‍ക്കും ദോഷകരമായി ജീവിക്കുന്നവരാകും. തീരെ ക്ഷമയില്ലാത്തവരുമാകും. ഇപ്പോള്‍ കണ്ടില്ലേ ഒരു നിമിഷം കൊണ്ട് അവന്‍ അവന്‍റെ ഭാവനയുടെ ലോകത്തിലേക്ക് പ്രവേശിച്ചു. ഊര്‍ജമില്ലാത്ത കുട്ടികള്‍ക്ക് ഇതുപോലെ ഭാവനാസമ്പന്നരാകാനും കഴിയില്ല. ഒരു മനുഷ്യന്‍ അവന്‍റെ മാനുഷിക മൂല്യം ഉയര്‍ത്തുന്നത് അവന്‍റെ ഭാവനാശേഷി ഉയരുന്നതനുസരിച്ചാണ്. ഇപ്പോഴവന്‍ നിങ്ങളുടെ മുന്നില്‍ അപാര സാധ്യതയായി നില്‍ക്കുകയാണ്. മാറ്റം അവനില്‍ ആവശ്യമില്ല. നിങ്ങളിലാണ് മാറ്റം വേണ്ടത്. എന്നു കരുതി നിങ്ങളിലെന്തോ കുഴപ്പമുണ്ടെന്നു ചിന്തിച്ചുകളയരുത്. നിങ്ങളിലും കുഴപ്പമില്ല, അവനിലും കുഴപ്പമില്ല. ചില ചെറിയ മാറ്റങ്ങള്‍. അതാണല്ലോ ജീവിതത്തിന്‍റെ ഭംഗി.

പ്ര- പക്ഷേ ചിലപ്പോഴൊക്കെ അവന്‍ വല്ലാതെ വയലന്‍റാകും.

മൂ- ശരിയാണ്. അത് ലേശം നമ്മളൊന്നു ശ്രദ്ധിച്ചാല്‍ മതി. അവന് ശ്രദ്ധ കിട്ടുന്നില്ല.

പ്ര- അയ്യോ! അങ്ങിനെ പറയരുത്. അവന് ഞങ്ങള്‍ നല്ല ശ്രദ്ധ കൊടുക്കാറുണ്ട്. അവന്‍ പറയുന്ന ന്യായമായ എല്ലാ അവശ്യങ്ങളും സാധിച്ചുകൊടുക്കാറുണ്ട്.

മൂ- ശ്രദ്ധയും സ്‌നേഹവുമൊക്കെ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന സംഗതിയാ. തത്ക്കാലം അതവിടെ നില്‍ക്കട്ടെ. നിങ്ങളുടെ സംതൃപ്തിക്കനുസരിച്ചാണ് നിങ്ങളിപ്പോള്‍ അവനെ ശ്രദ്ധിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ സന്തോഷത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതുപോലെ അവനും അവനറിയാവുന്ന സന്തോഷത്തിനനുസരിച്ച് ഓരോന്നു ചെയ്യുന്നു. അവനിപ്പോള്‍ ചെയ്യുന്നത് എന്തുതന്നെയായാലും അതു നിങ്ങളില്‍നിന്ന്‍ പഠിച്ചതാണ്. അവനിപ്പോ അസ്സലായി ഹിന്ദി സംസാരിക്കുന്നു. ഇല്ലേ? അതെന്തുകൊണ്ടാ?  നിങ്ങള്‍ വീട്ടില്‍ ഹിന്ദി സംസാരിക്കാറുണ്ട്. അല്ലേ?

പ്ര- വ്വ്, ഞങ്ങള്‍ വീട്ടില്‍ അത്യാവശ്യം ഹിന്ദി സംസാരിക്കാറുണ്ട്.

മൂ- അതുപോലെ അവന്‍ എന്തെല്ലാം കാട്ടിക്കൂട്ടുന്നുവോ, അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതായിക്കൊള്ളട്ടെ അല്ലാത്തതായിക്കൊള്ളട്ടെ, എല്ലാം നിങ്ങളില്‍ നിന്ന്‍ ഏറ്റുവാങ്ങിയതാ. നിങ്ങളുടെ തന്നെ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്ത വശങ്ങളാണ് അവനിലൂടെ കാണുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാതെ വരുന്നത്. അതിലേര്‍പ്പെടുമ്പോള്‍ നിങ്ങള്‍ അവനോട് അരുതെന്ന്‍ പറയും. അവന്‍ സന്തോഷം കണ്ടെത്തി അതിലേക്കു നീങ്ങുമ്പോഴാണ് അതു പാടില്ലെന്ന്‍ നിങ്ങള്‍ അവനോട് പറയുന്നത്. ആര്‍ക്കാണ് തങ്ങളുടെ സന്തോഷം കെടുമ്പോള്‍ ദേഷ്യവും കോപവുമൊക്കെ വരാത്തത്. അതേ അവനും വരുന്നുള്ളു. അതു കാണിക്കുമ്പോള്‍ അവനു തോന്നും അവന്‍ ശ്രദ്ധിക്കപ്പെടുന്നുവെന്ന്‍. ആ വഴിക്ക് അവന്‍ ഊര്‍ജത്തെ പുറത്തേക്കുവിടുന്നു. അത്രയേ ഉള്ളു. നമ്മുടെ സുഖത്തിന്റെ കാര്യം ഒന്നു വിട്ടിട്ട് അവന്‍റെ സുഖത്തിന്റെ ഭാഗത്തുനിന്നൊന്ന്‍ അവനെ നോക്കിയേ. അവന്‍ കളിക്കുമ്പോള്‍ ഒന്നു കൂടെ കളിക്കുക. കളിയുടെ വിവിധ ഘട്ടങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുക, ഇത്യാദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ശ്രദ്ധിക്കപ്പെടുകയായി. പിന്നെ ഏതു വഴിക്കുവേണമെങ്കിലും അവനെ നിങ്ങള്‍ക്കു കൊണ്ടുപോകാം. അവനെ ഈ മൂപ്പര്‍ ജീവിതത്തിലാദ്യമായി കാണുകയാണ്. അവന് തടസ്സം നില്‍ക്കാതെ അവനിലേക്കു ശ്രദ്ധിച്ചപ്പോള്‍ അവന്‍ അക്രമത്തിന്‍റെ വഴിയില്‍ നിന്നും സ്വിച്ചിട്ടതുപോലെ മാറി. അവന്‍ സര്‍ഗാത്മകമായി ആസ്വദിച്ചു. ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാക്കാതെ. നോക്കൂ അവന്റെ ലോകത്തില്‍ അവന്‍ കളിച്ചാസ്വദിക്കുന്നു. ഒരു കാര്യം കൂടി ശ്രദ്ധിക്കണം. രൂപങ്ങളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടത് കുതിരയെയാണ്. ഇപ്പോഴും അവന്‍ കുതിരയെ ഓടിച്ചുകൊണ്ടിരിക്കുന്നു. കുതിര എന്നാല്‍ ഊര്‍ജത്തിന്‍റെ പ്രതീകമാണ്. അവന്റെയുള്ളില്‍ എപ്പോഴും കുതിക്കാന്‍ വെമ്പി നില്‍ക്കുന്ന മെരുങ്ങാത്ത കുതിരയുണ്ട്. അതിനെ ബലം പ്രയോഗിച്ച് മെരുക്കാന്‍ നോക്കിയാല്‍ നടക്കില്ല. അതിനെ തടഞ്ഞാലും അപകടമാ. മെരുങ്ങിക്കിട്ടിയാല്‍ അത്രയും സമര്‍ഥമായിരിക്കും ആ കുതിരയെന്ന്‍ പറയേണ്ടതില്ലല്ലോ. മൂട്ടില്‍ തീകൂട്ടിയാല്‍ പോലും അനങ്ങാത്ത കുതിരകളെക്കൊണ്ട് എന്തു കാര്യം. അത്തരം കുതിരകളെ നമ്മള്‍ കുട്ടികളിലൂടെ പ്രതീക്ഷിക്കുന്നു. അങ്ങനെ അല്ലാത്ത കുട്ടികളെ അങ്ങിനെ ആക്കിയെടുക്കാന്‍ ശ്രമിക്കുന്നു. അവന്റെ സന്തോഷത്തിലേക്കു ശ്രദ്ധിച്ചാല്‍ മതി അനായാസം അവന്‍ സര്‍ഗാത്മകമാകുമെന്നാണ് ഇപ്പോഴിവിടെ നടന്നതും അവനും ഹോസും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നത്.

 

പ്രദീപിന്‍റെ പട്ടാളശ്വാസം പിടുത്തം അല്‍പ്പമൊന്നു കുറഞ്ഞു. മുഖത്ത് ഒരുതരം നിര്‍വികാരത പ്രകടമായി. ഏതോ ആലോചനയില്‍ പെട്ടതുപോലെ. ആദിത്യന്‍ വീണ്ടും അടുത്തെത്തി. എന്തോ ചില നിരുപദ്രവ സംഗതികളിലേര്‍പ്പെടാന്‍ തുടങ്ങാന്‍ നേരം തന്നെ അറിയാതെ നോ, നോ പ്രദീപിന്‍റെ നാവിന്‍തുമ്പത്തു വരാന്‍ തുടങ്ങി. പിന്നെ ചെറു ചിരിയോടെ അതില്‍ നിന്ന്‍ പിന്‍വാങ്ങി. ആദിത്യന്‍ എന്തോ ഒന്നു സംസാരിച്ചിട്ട് വീണ്ടും അവന്‍ തന്റെ കുതിരയുമായി മടങ്ങി. കുറച്ചു കഴിഞ്ഞ് എല്ലാവരും പുറത്തുനിന്നും അകത്തു ഓഫീസ് മുറിക്കുളളിലേക്കു വന്നു. അപ്പോഴും ആദിത്യന്‍റെ കയ്യില്‍ ഹോസുണ്ട്. അത് ടിയാന്‍ മൂലയ്ക്ക് ചാരിവച്ചു. ചങ്ങാതി നന്നായി ക്ഷീണിച്ചിരിക്കുന്നു. ശാന്തനായി കസേരയിലിരുന്നു. അവന്‍ മൂപ്പരെ ശ്രദ്ധിച്ചു. വെറുതെ ചിരിച്ചു. മൂപ്പര്‍ കൈവിരലുകള്‍ മടക്കി പെരുവിരലും നടുവിരലും ചേര്‍ത്ത് തള്ളവിരല്‍ കൂട്ടിമുട്ടിച്ച് നായക്കുട്ടിയുടേയും പിന്നെ മാനിനെയും മുയലിനേയുമൊക്കെ കാണിച്ചു. അവനും അതുപോലെ പല രൂപങ്ങള്‍ കാണിച്ച്, ഒടുവില്‍ അവന്‍ മൂപ്പനെ കടത്തിവെട്ടി. ഒരു കൈകൊണ്ട് പൂച്ചയെ കാണിച്ച് മറ്റേ കൈവിരലുകള്‍ മടക്കി എലിയെ കാണിച്ച് പൂച്ച എലിയെ പിടിക്കാന്‍ ഓടിക്കുന്നത് കാട്ടി. എലിയുടെ മരണവെപ്രാളം കണ്ട് ഈ മൂപ്പര് വല്ലാതെ ആസ്വദിച്ച് ചിരിച്ചുപോയി. പിന്നെ രണ്ടു കൈകൊണ്ടും അവന്‍ ഓരോ മൃഗങ്ങളെ കാണിച്ച് കുഞ്ഞു കഥകള്‍പോലെ ഓരോന്നു കാണിച്ചു. അപ്പോഴേക്കും പ്രദീപ് എത്തി വീട്ടിലേക്കു പോകാമെന്നറിയിച്ചു. മേശപ്പുറത്ത് റബര്‍ബാന്‍ഡിട്ട് ചുരുട്ടി വച്ചിരുന്ന ഒരു വെള്ള പേപ്പര്‍ പ്രദീപ് മേശപ്പുറത്തുനിന്നെടുത്തു.

 

പ്ര- ഇത് ആദി വരച്ച പടമാ.

 

അതു പറഞ്ഞപ്പോള്‍ അവനത് പ്രദീപിന്‍റെ കൈയ്യില്‍ നിന്ന്‍ അധികാരത്തോടെ വാങ്ങി. അങ്കിളിനെയൊന്നു കാണിക്കുമോ എന്ന്‍ മൂപ്പര്‍ ചോദിച്ചു. ആദ്യത്തെ പ്രതികരണം തല കുലുക്കിക്കൊണ്ട് പറ്റില്ലെന്നായിരുന്നു. മൂപ്പര്‍ നിര്‍ബന്ധിച്ചില്ല. ഉടന്‍ തന്നെ അവന്‍ റബര്‍ബാന്‍ഡൂരി പേപ്പര്‍ നിവര്‍ത്തി അവന്‍ വരച്ച ചിത്രം കാണിച്ചു. ഒരു കടുംമഞ്ഞ പശ്ചാത്തലത്തില്‍ ചുവന്ന ചായം കൊണ്ട് വരച്ച രാക്ഷസന്‍റെ ചിത്രം. ചിത്രം വളരെ നന്നായി എന്നു പറഞ്ഞപ്പോള്‍ അവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ യാത്ര ചോദിച്ചുകൊണ്ട് പുറപ്പെട്ടു. പെട്ടെന്ന്‍ അവന്‍ തിരിഞ്ഞ് മുറിയുടെ മൂലയ്ക്ക് വച്ചിരുന്ന ഹോസ് വിലപ്പെട്ട നിധിപോലെ എടുത്ത്  അതുമായി അവന്‍റെ അച്ഛന്‍റെ പിന്നാലെ പോയി. ഇപ്പോള്‍ ആ ഹോസ് അവന് വെറും ഹോസേ അല്ല. അവന് സൃഷ്ടിക്കാനുള്ള മായാപ്രപഞ്ചത്തിനുള്ള അസംസ്കൃതവസ്തുവാണ്. അതിപ്പോള്‍ അവന് ആരേയും വേദനിപ്പിക്കാനുള്ള വടിയുമല്ല. അങ്ങിനെ ഹൈപ്പര്‍ ആദിത്യന്‍ ശാന്തനായി അവിടെ നിന്ന്‍ യാത്രയായി.

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.