Skip to main content
ദമാസ്കസ്

ദമാസ്കസിലുണ്ടായ രാസായുധാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ യു.എന്‍ സംഘത്തിനു നേരെ ആക്രമണം. അന്വേഷണ സംഘത്തിന്റെ വാഹനത്തിനു നേരെ അജ്ഞാത സംഘം തിങ്കളാഴ്ച വെടിവെപ്പ് നടത്തുകയായിരുന്നെന്നു യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണത്തെത്തുടര്‍ന്ന് അന്വേഷണം തല്ക്കാലം നിര്‍ത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. രാസായുധ പ്രയോഗത്തില്‍ പരിക്കേറ്റവരില്‍ നിന്നും സംഘം മൊഴിയെടുത്തു. 

 

യു.എന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനു സിറിയ ആദ്യം അനുമതി നല്‍കിയിരുന്നില്ല എന്നാല്‍ പിന്നീട് ഉണ്ടായ അന്താരാഷ്‌ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് സിറിയ അനുമതി നല്‍കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ വിമതരാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യമാണ്‌ ആക്രമണം നടത്തിയതെന്ന് വിമതരും ആരോപിച്ചു.  ആയിരക്കണക്കിന് പേരാണ് ബുധനാഴ്ച സിറിയയില്‍ നടന്ന രാസായുധപ്രയോഗത്തില്‍ മരണപ്പെട്ടത്. എന്നാല്‍ രാസായുധം ആര് പ്രയോഗിച്ചു എന്നതിനെക്കുറിച്ച് നിഗമനത്തിലെത്താന്‍ യു.എന്‍ സംഘത്തിനു ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ സിറിയക്ക് നേരെ സൈനികാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇതിനെതിരെ റഷ്യയും ഇറാനും രംഗത്തെത്തി. അന്താരാഷ്ട്രസമൂഹവുമായി കൂടിയാലോചിച്ചു മാത്രമേ സൈനികനടപടി തീരുമാനിക്കൂ എന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ചക് ഹേഗല്‍ അറിയിച്ചു