Skip to main content

Parenting-child-sea

തിരുവനന്തപുരത്ത് താമസിക്കുന്ന യുവദമ്പതികളും അവരുടെ ഒന്നര വയസ്സിനോടടുക്കുന്ന മകനും. മകന് കടല്‍ വലിയ ഇഷ്ടം. ഇടയ്ക്കിടയക്ക് അവര്‍ ശംഖുമുഖത്തു പോകും. കടലിലേക്കു നോക്കി നിന്ന് അവന്‍, കടല്‍.... എന്ന് പറയും. തിരകള്‍ വരുമ്പോള്‍ അവന്റെ ഭാവത്തിലും തിരയിളക്കം. തിരകളിലേക്ക് അച്ഛനുമമ്മയും അവനെ നിര്‍ത്തുമ്പോള്‍ അവന്റെ സന്തോഷം തിരകള്‍ക്കു മേല്‍. എത്ര തന്നെ തിരയില്‍ കളിച്ചാലും അവനു മതി വരില്ല. ഈ കടല്‍ പ്രേമവും കാരണമായി അവര്‍ ഒരു കന്യാകുമാരി യാത്ര നടത്തി. കന്യാകുമാരിയില്‍ ചെന്നപ്പോള്‍ അവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്റെ മുന്നില്‍ മയിലുകള്‍. തൊട്ടപ്പുറത്ത് സാഗരസംഗമമുണ്ടെങ്കിലും അവന് താല്‍പ്പര്യം മയിലിലായി.
    

 

മയിലിന് അവന്റച്ഛന്‍ കപ്പലണ്ടിയും മറ്റുമൊക്കെ കൈവെള്ളയില്‍ കൊടുക്കുന്നത് ആരാധനയോടെ നോക്കി നിന്നു. പിന്നീട് കടലിലും ഇറങ്ങി ആവോളം കളിച്ചു. കടലില്‍ കുളിച്ചു കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴും മയിലിന്റെ കാര്യം പറഞ്ഞാല്‍ അവന്‍ വെള്ളത്തില്‍ നിന്നു കയറാന്‍ തയ്യാറാകും. അച്ഛനമ്മമാരുടെ ഉള്ളില്‍ കന്യാകുമാരിയിലെ സൂര്യാസ്തമയവും സൂര്യോദയവുമാണ്. അവിടെയെത്തുന്ന എല്ലാവരുടെയും ലക്ഷ്യവും അതു തന്നെ. വൈകുന്നേരമായപ്പോള്‍ അവര്‍ അല്‍പ്പം സങ്കടത്തിലായി. കാരണം അന്തരീക്ഷം മൂടിക്കെട്ടുന്നു. ആകാശം മേഘാവൃതം. മകനെ മനോഹരമായ സൂര്യാസ്തമയം കാണിക്കാന്‍ പറ്റില്ലല്ലോ. ആകാശം കറുത്തപ്പോള്‍ അവരുടെ താമസസ്ഥലത്തിന് മുന്നിലുളള മയിലുകള്‍ക്ക് ഉഷാര്‍. അതില്‍ ഒരു മയില്‍ ഒന്നുകുടഞ്ഞ് അതാ പീലിവിടര്‍ത്തി നൃത്തം ചെയ്യുന്നു. ആയിരം സൂര്യാസ്തമയങ്ങള്‍ ഒന്നിച്ചു കാണുന്ന അനുഭവം. ആദ്യമായാണ് ഈ യുവദമ്പതികള്‍ തുറന്ന സ്ഥലത്ത് ഇത്രയും സമീപത്ത് നിന്ന് മയിലാട്ടം കാണുന്നത്.
        

ഒന്നര വയസ്സുകാരന്റെ വിസ്മയം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അവന്റെ ഒന്നരക്കൊല്ലത്തിനുള്ളില്‍ ആദ്യമായി അനുഭവിക്കുന്ന ഏറ്റവും വലിയ വിസ്മയം. കാരണം അത്രയ്ക്കാകാംക്ഷയോടെയിരുന്നു  വിടര്‍ന്ന മയില്‍പ്പീലിയിലേക്ക് അവന്റെ കണ്ണുകള്‍ പോയത്. അവനോടുള്ള സ്‌നേഹ പ്രകടനമെന്ന് തോന്നും വിധം, ഒരുപാട് സമയം ആ മയില്‍ പീലിവിടര്‍ത്തി ആടിക്കൊണ്ടു നിന്നു. അവന്റെ അച്ഛന്‍ അതിന്റെ വീഡിയോ ഷൂട്ടു ചെയ്യുകയും ചെയ്തു. സൂര്യന്‍ അസ്തമിച്ചു. ദമ്പതികള്‍ക്ക് അസ്തമയം കാണാത്തതിലുള്ള വിഷമവും അസ്തമിച്ചു. മയിലാട്ടത്തിന്റെ സന്തോഷത്തില്‍ ഉദയവും സംഭവിച്ചു. രാവിലത്തെ സൂര്യോദയം  കാണണമെന്നുള്ള ചിന്ത പോലും കടന്നു വരാത്ത വിധം അവരുടെയുള്ളില്‍ മയിലിന്റെ നൃത്തം സന്തോഷത്തെ നിറച്ചു. അവരുടെ കന്യാകുമാരി വരവ് സഫലമായി.
         

അവര്‍ക്ക് അതില്‍ നിന്നും വലിയ ഒരു പാഠം കിട്ടി. തങ്ങള്‍ കാണുന്നതല്ല, അല്ലെങ്കില്‍ തങ്ങള്‍  കാണിക്കണമെന്ന് ഉദ്ദേശിക്കുന്നതല്ല കുഞ്ഞുങ്ങള്‍ കാണുന്നത്. ഒന്നര വയസ്സുകാരന്റെ കാഴ്ചയില്‍ തങ്ങളുടെ കാഴ്ചയല്ല എന്നുള്ളത് അവര്‍ക്ക് അനുഭവത്തില്‍ നിന്നു ബോധ്യമായി. അത് അവനുമായുളള അവരുടെ സംവേദനത്തെ കൂടുതല്‍ മെച്ചപ്പെടുത്തി. പലപ്പോഴും മുതിര്‍ന്നവര്‍ അരുത് പ്രയോഗം തുടങ്ങുന്നത് ഈ സമയത്താണ്. തങ്ങളുടെ കാഴ്ചപ്പാടിന് വിരുദ്ധമായി കുഞ്ഞുങ്ങള്‍ പെരുമാറുമ്പോഴാണ്, മുതിര്‍ന്നവര്‍ അതു പാടില്ല, അതു തെറ്റ്, ഇതാണ് ശരി തുടങ്ങിയ പറച്ചിലുകളിലൂടെ സമൂഹത്തെ കുട്ടികളുടെ ഉള്ളില്‍ നിക്ഷേപിച്ചു തുടങ്ങുന്നത്. ഇതിലൂടെ ഓരോ കുഞ്ഞിന്റെയും സ്വതസിദ്ധമായ കാഴ്ചാ സ്വാതന്ത്ര്യമാണ് നശിച്ചു പോകുന്നത്.

 

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തതയാര്‍ന്ന ഈ വിശാല ലോകത്തില്‍ അയാളെ പരിമിതമാക്കുന്നതാണ് സ്വാതന്ത്ര്യ ലംഘനം. ആ ലംഘനത്തിന്റെ തുടക്കമാണ് കുട്ടികളെ അവരുടെ സ്വന്തം കാഴ്ചകളിലേക്ക് പിച്ചവെച്ചു നടക്കാന്‍ പോലും മുതിര്‍ന്നവര്‍ അനുവദിക്കാത്തത്. ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലിടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും. വിശേഷിച്ചും മറ്റുള്ളവരുടെ മുന്നില്‍ വച്ച്. കുഞ്ഞിന്റെ മനസ്സിലേക്കു നോക്കാതെ, തങ്ങളുടെ അന്തസ്സ് കുറഞ്ഞുപോകുമോ എന്ന ഭയമാണ് വിരല്‍ വലിച്ചെടുക്കാന്‍ മാതാപിതാക്കളേയോ മുതിര്‍ന്നവരെയോ പ്രേരിപ്പിക്കുന്നത്. അത് കുഞ്ഞുങ്ങളില്‍  കൂടുതല്‍ അസുരക്ഷിതത്വബോധം ഉണ്ടാക്കും. അതവരുടെ വ്യക്തിത്വത്തില്‍ മുതിരുമ്പോള്‍ നിഴലിക്കുകയും ചെയ്യും.  അതാണ് പലപ്പോഴും ആത്മവിശ്വാസമില്ലായ്മയായി വ്യക്തിയെ ജീവിതാവസാനം വരെ പിന്തുടരുക.
       

 

മുതിര്‍ന്നവര്‍ പലരും സ്വന്തം നിലയില്‍ കാഴ്ചകള്‍ കാണുന്നില്ല. വിനോദസഞ്ചാര വഴികാട്ടികള്‍ പറയുന്ന കാഴ്ചകളാണ് മിക്കവരും പല സ്ഥലങ്ങളില്‍ നിന്നും കണ്ടു മടങ്ങുന്നത്. എന്നാല്‍ ഓരോ പ്രദേശത്തിനും ഓരോരുത്തര്‍ക്കും ഓരോ കാഴ്ചകള്‍ സമ്മാനിക്കാനുണ്ടാകും. അതു കാണുമ്പോഴാണ് കാഴ്ചയുടെ ഭംഗി ഉണ്ടാവുക. പകരം ഇന്ന സ്ഥലത്ത് ഞാന്‍ പോയിട്ടുണ്ട് എന്ന് പറഞ്ഞ് പിന്നീട് ചിന്തയില്‍ സായൂജ്യമടയുക, അല്ലെങ്കില്‍ അവിടുത്തെ പശ്ചാത്തലത്തിലെടുത്ത പടങ്ങള്‍ നോക്കി സ്വന്തം ചിത്രത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനെ യാത്രാസ്മരണയായി അറിഞ്ഞ് സുഖിക്കുക, ഇതൊക്കെയാണ് ഇന്ന് നടക്കുന്നത്. ഇതൊരു തരം ജീര്‍ണ്ണതയാണ്. കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റാതെ വരുന്നതിന്റെ ഫലമാണ്. അതാണ് വിരസത സൃഷ്ടിക്കുന്നത്. ഈ വിരസതയാണ് പലപ്പോഴും ജീവിതത്തെ പലവിധത്തില്‍ തകിടം മറിക്കുന്നത്.
      

 

മുതിര്‍ന്നവര്‍ക്ക് വേണമെങ്കില്‍ ഉയരാനുള്ള അവസരമാണ് കുഞ്ഞുങ്ങള്‍ തരുന്നത്. കുഞ്ഞുങ്ങള്‍ കാണുന്ന കാഴ്ചയിലേക്ക് നോക്കിയാല്‍ മതി. അങ്ങനെ നോക്കുമ്പോഴാണ് അവരുടെ കാഴ്ചയുടെ പരപ്പിലൂടെ, യഥാര്‍ത്ഥ കാഴ്ചയുടെ ആഴം കാണാന്‍ സാധിക്കുക. കടല്‍ പ്രിയനായ ഒന്നര വയസ്സുകാരന്‍ കന്യാകുമാരി യാത്രയ്ക്കു ശേഷം രാവിലെ എഴുന്നേറ്റുവന്നാല്‍ അവന്‍ ആദ്യം പറയുന്നത് മയില്‍ എന്നാണ്. അപ്പോള്‍ ആരെങ്കിലും കന്യാകുമാരിയില്‍ നൃത്തം ചെയ്ത മയിലിനെ കമ്പ്യൂട്ടറില്‍ കാണിച്ചുകൊടുക്കും. എത്ര നേരം വേണമെങ്കിലും അവന്‍ അതിന്റെ റിപ്പീറ്റുമായി ഇരുന്നുകൊളളും. അല്‍പ്പം നിര്‍ബന്ധം പിടിച്ചാലും അതിട്ടുകൊടുത്താല്‍ അവന്‍ ഹാപ്പി. എന്തായിരിക്കും അവന്‍ ആ മയിലിന്റെ പീലിവിടര്‍ത്തിയാട്ടത്തിലൂടെ ഉള്ളില്‍ കാണുന്നതെന്നുള്ളത് അവന് മാത്രം അറിയാം. ഒരുകാര്യം ഉറപ്പാണ്. അതവന്‍ ആസ്വദിക്കുന്നു, ഒപ്പം മുതിര്‍ന്നവരും. പക്ഷേ മുതിര്‍ന്നവര്‍ കാണുന്ന വിരസത ആവര്‍ത്തനത്തില്‍ അവന്‍ കാണുന്നില്ല. സൗന്ദര്യത്തെ ആസ്വദിക്കുന്ന വ്യക്തിയായി അവന്‍ വളര്‍ന്ന് വരും എന്നുള്ളത് ഉറപ്പ്. അവനെ കൂടുതല്‍ സൗന്ദര്യത്തിന്റെ ലോകവുമായി പരിചയപ്പെടുത്തുക എന്ന സന്ദേശവും ദമ്പതികള്‍ക്ക് അതിലൂടെ കിട്ടുന്നു.
     

 

  munnar-boy-sky

ഏതാനും നാളുകള്‍ക്ക് ശേഷം ദമ്പതികള്‍ അവനുമായി മൂന്നാറില്‍ പോയി. മലനിരകള്‍ അവന്‍ നോക്കിയിരുന്നു. മൂന്നാറിന്റെ മണ്ടയ്ക്ക് ചെന്നപ്പോള്‍ മൂടല്‍ മഞ്ഞിന്റെ ചലനവും തൊട്ടടുത്ത് ആകാശവും. മലനിരകള്‍ക്കപ്പുറത്തു കണ്ട ആകാശത്തെ നോക്കി അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ' കടല്‍....' അതവന്‍ ആവേശത്തോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അത് കടലല്ല ആകാശമെന്ന് ഒരിക്കല്‍ വേണമെങ്കില്‍ ഓര്‍മ്മിപ്പിക്കാം. ഇല്ലെങ്കിലും കുഴപ്പമില്ല. കാരണം അല്‍പ്പം കൂടി കഴിയുമ്പോള്‍ അവന്‍ അറിയും അത് കടലല്ല ആകാശമാണെന്ന്. എന്നാല്‍ ഇപ്പോള്‍ അവന്‍ ആകാശത്ത് കടലിനെ കാണുന്നു. അവനെപ്പോലെ നിഷ്‌ക്കളങ്കമായി അവിടേക്കു നോക്കുകയാണെങ്കില്‍ കാണപ്പെടുന്നത് കടല്‍ പോലെ ഓളനിബിഡമായി പരന്നു കിടക്കുന്ന ആകാശക്കടല്‍ തന്നെ. അവന്റെ കാഴ്ചയാണവിടെ ശരി. നാം നമ്മുടെ ബുദ്ധിയിലൂടെ കാണുന്നു.
      

 

മൂന്നാറിലെ മലനിരകള്‍ക്ക് പിന്നില്‍ അവന്‍ കണ്ട മേഘങ്ങള്‍ തന്നെയല്ലേ കടലും. കടലിന്റെ മറ്റൊരവസ്ഥ തന്നെയാണ് മൂന്നാര്‍ മലനിരകള്‍ക്കു പിന്നിലും കണ്ടത്. ആകാശത്തു നിന്ന് വീഴുന്ന ഓരോ തുള്ളിയും കടലിലെത്തുന്നു. അവിടെ നിന്നു വീണ്ടും കടല്‍ മുകളിലേക്ക് പോകുന്നു.മേഘങ്ങളാകുന്നു. ആ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതു തന്നെ ജീവിതവും. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആ ആവര്‍ത്തനത്തിനിടയില്‍ ഒരോളമോ മേഘപാളിയോ ഒരിക്കല്‍ പോലും മറ്റൊരോളം പോലെയോ മേഘപാളി പോലെയോ  ആവര്‍ത്തിക്കപ്പെടുന്നില്ല. അതുപോലെ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഒരു മനുഷ്യനും ഒരുപോലെയല്ല. വ്യത്യസ്തതകളാണ്. എന്നാല്‍ മനുഷ്യന്റെ ജീര്‍ണ്ണിച്ച മനസ്സ് അതിനെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവന് എല്ലാം ഒരുപോലെ കാണണം. മുതിര്‍ന്നവര്‍ കാണുന്ന അതേ കാഴ്ച കുട്ടിയും കാണണം. ഒരുപോലെയുളളത് ഒത്തുകൂടണം. ഒത്തുകൂടുന്നത് ഒന്നാകണം. ഇതാണ് എല്ലാ വിധ അക്രമ വാസനകള്‍ക്കും കാരണമാകുന്ന വിരസത. ഒരു കുടുംബത്തിലെ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം മുതല്‍ തീവ്രവാദവും,ഭീകരവാദവും,രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധവും,എല്ലാം ഉണ്ടാകാന്‍ കാരണമിതാണ്. അവിടെയാണ് മൂന്നാറില്‍ ഒന്നര വയസ്സുകാരന്‍ കാണുന്ന കടല്‍ ഭംഗിയുള്ളതാകുന്നത്.

 

Tags