Skip to main content

പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും  പ്രതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ നേതാവ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍. പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സുകുമാരന്‍ നായര്‍ വി.ഡി സതീശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെ.പി.സി.സിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 

മുന്നണികളോടും പാര്‍ട്ടികളോടും എന്‍.എസ്.എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളില്‍ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.