Skip to main content

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി പ്രത്യേക നിയമ നിര്‍മ്മാണം എന്ന വാദ്ഗാനമാണ് ബി.ജെ.പി ദേശീയ നേതാക്കളെല്ലാം പ്രചാരണ പൊതുയോഗങ്ങളില്‍ മുന്നോട്ട് വയ്ക്കുന്നത്. ശബരിമല ഒരു പ്രശ്‌നമല്ലെന്ന നിലപാടെടുത്ത് കരുതലോടെയാണ് സി.പി.എം വിശ്വാസപ്രശ്‌നത്തെ നേരിടുന്നത്. പ്രതികരണങ്ങള്‍ നിയന്ത്രിച്ച് പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമ്പോഴും സി.പി.എമ്മിനെ കുടുക്കുന്നത് കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം തന്നെയാണ്. 

പ്രചാരണ തുടക്കത്തില്‍ ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തോടെയാണ് ശബരിമല ചര്‍ച്ചയായി ഉയര്‍ന്ന് വന്നതെങ്കിലും വിശ്വാസ സംരക്ഷണവും സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ സര്‍ക്കാര്‍ ഇടപെടലും തുടങ്ങി അധികാരത്തിലെത്തിയാല്‍ ശബരിമലക്ക് വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം എന്ന ബിജെപി പ്രഖ്യാപനം വരെ എത്തി നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കളത്തിലെ ശബരിമല വിവാദം. ആക്രമണമെന്ന നിലയിലും പ്രതിരോധമെന്ന നിലയിലും മുന്നണി വ്യത്യാസം ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ പ്രധാന ചര്‍ച്ചാ വിഷയവുമാണ്  ഇപ്പോള്‍ ശബരിമല.