മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ഫയലുകള്‍ ചോദിച്ചാല്‍ തരാന്‍ തയ്യാറാവുന്നില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവ് ആയ ആളല്ല എന്നും ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 8 ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നും ഒന്നിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.
ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍, കള്ളനെ കയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും ചെന്നിത്തല. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ നടന്ന് പോയി കത്തിയതല്ല ഇത്രയും വിചിത്രമായ തീപിടിത്തം ആദ്യമായാണെന്നും ചെന്നിത്തല പറയുന്നു.
വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ സര്‍വത്ര അഴിമതിയാണെന്നും അതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നാണ് പറയുന്നത് അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ എന്തിനാണെന്നും ജനങ്ങളെ കളിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

