കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യോഗം യൂണിയന് സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും. മാരാരിക്കുളം പോലീസ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുക.
യൂണിയനുകളില്‍ കോടികളുടെ തട്ടിപ്പാണ് കെ.കെ മഹേശന് നടത്തിയതെന്നും സാമ്പത്തിക ക്രമക്കേടില്‍ നിന്നൊഴിയാന്‍ ആദ്യം ശ്രമിച്ചു അത് നടക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. 15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോഴാണ് മഹേശന് ആത്മഹത്യ ചെയ്തതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആത്മഹത്യാകുറിപ്പില്‍ കഥയുണ്ടാക്കി എഴുതി എന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ ശ്രമിച്ചു എന്നും മാധ്യമപ്രവര്‍ത്തകരോട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെ മഹേശന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്നും വെള്ളിയാഴ്ച പോലീസ് മൊഴിയെടുത്തിരുന്നു.

