ലോക്ക്ഡൗണ്‍ ദുരിതം മറികടക്കാനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ ബാങ്കുകള്‍ സ്വീകരിച്ച് തുടങ്ങും. രണ്ട് ലക്ഷത്തോളം പേര് അപേക്ഷ നല്‍കിയേക്കുമെന്നാണ് പ്രാഥമിക കണക്ക്. 2000 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പ അനുവദിക്കുന്നത്.
കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുടുംബശ്രീ വഴിയുള്ള വായ്പാ പദ്ധതി. കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20,000രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. വായ്പ ആവശ്യമുള്ളവരെ അയല്‍ക്കൂട്ടമാണ് നിര്‍ദ്ദേശിക്കുക. ഒരു അയല്‍ക്കൂട്ടത്തിന് അതിലെ അംഗങ്ങള്‍ക്കായി പരമാവധി 10ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. 9 ശതമാനമാണ് പലിശ, 36 മാസമാണ് തിരിച്ചടവ് കാലാവധി.
വായ്പ ആവശ്യമുള്ളവരുടെ വിവരശേഖരണം അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മഹാപ്രളയത്തില്‍ ദുരിതത്തിലായ 28,000ത്തോളം കുടുംബങ്ങള്‍ക്കായിരുന്നു കുടുംബശ്രീ വഴി നേരത്തെ വായ്പ അനുവദിച്ചത്.

