Skip to main content
kozhikode

 k-karunakaran-mm-hassan

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജി വയ്പ്പിക്കരുതെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കോഴിക്കോട് നടന്ന കെ.കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്റണിയുടെ ഉപദേശം കേള്‍ക്കാതെ അന്ന് കരുണാകരന് എതിരെ എടുത്ത നിലപാടില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട്. ആത്മകഥ എഴുതുന്ന സമയത്ത് ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയിരുന്നത്. കരുണാകരന്‍ അനുസ്മരണം നടക്കുമ്പോള്‍ ഇക്കാര്യം പറയാതെ പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയ ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം എം.എം ഹസ്സനും ഉണ്ടായിരുന്നു.