Skip to main content

കൊടകര കുഴല്‍പ്പണക്കേസ് അടക്കമുള്ള വിവാദങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ഒരു സീറ്റ് പോലും കിട്ടാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ദേശീയതലത്തിലടക്കം കേരളത്തിലെ വിവാദങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. പാര്‍ട്ടിക്ക് തന്നെ കേരളത്തിലെ സംഭവങ്ങള്‍ വലിയ തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിച്ച മൂന്ന് പേരുടെ റിപ്പോര്‍ട്ടുകളും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിര്‍ദേശ പ്രകാരം ഇ.ശ്രീധരന്‍, സിവി ആനന്ദബോസ്, തോമസ് ജേക്കബ് എന്നിവരാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സിവി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരന്‍ എന്നിവരോട് എന്താണ് കേരളത്തില്‍ നടന്നതെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു. അമിത് ഷാ ഇവരില്‍ ചിലരെ നേരിട്ട് വിളിച്ച് എന്താണ് സംഭവിച്ചതെന്ന് കാര്യം അന്വേഷിച്ചറിയുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന നേതൃത്വം പൂര്‍ണ പരാജയമാണെന്ന തലത്തിലാണ് മൂന്ന് റിപ്പോര്‍ട്ടുകളും കേന്ദ്രത്തിലേക്ക് എത്തിയതെന്നാണ് സൂചന.