ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച കേട്ട അജ്ഞാത ശബ്ദം ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ സോണിക് വിമാനത്തിന്റെതാണെന്ന് സ്ഥിരീകരണം. വിമാനം 36,000 മുതല്‍ 40,000 അടി വരെ ഉയരത്തില്‍ സോണിക്കില്‍ നിന്ന് സബ്സോണിക് വേഗതയിലേക്ക് മാറുമ്പോഴാണ് സോണിക് ബൂം കേള്‍ക്കുന്നതെന്ന് ബാംഗ്ലൂരിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പി.ആര്.ഒ വിശദീകരിച്ചു. 65 മുതല്‍ 80 കിലോമീറ്റര്‍ വരെ അകലത്തില്‍ വിമാനം പറക്കുമ്പോഴും ഇത്തരം ശബ്ദം അനുഭവപ്പെടുമെന്നും ട്വിറ്ററില്‍ അവര്‍ കുറിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പതിവ് പരീക്ഷണ പറക്കലിലാണെന്നും നഗരപരിധിക്ക് പുറത്ത് അനുവദിച്ച വ്യോമാതിര്‍ത്തിയില്‍ പറക്കുകയാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ ഡിവിഷന് ട്വീറ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതമായ ശബ്ദം കേട്ടത്. ഇതിന് ശേഷം നടന് ഹൃത്വിക് റോഷന്റെ ആരാധകന് ഹൃത്വിക് അബദ്ധത്തില്‍ ഏലിയനെ വിളിച്ചതാണോ ഇതിന് കാരണം എന്ന് ചോദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അബദ്ധത്തില്‍ അല്ല അറിഞ്ഞ് തന്നെ വിളിച്ചതാണ് ഇപ്പോള്‍ അതിനുള്ള സമയമായി എന്ന രസകരമായ മറുപടിയാണ് ആരാധകന്റെ ട്വീറ്റിന് മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തത്.

