Skip to main content

യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയുമായി സൈന്യം. ഈ പദ്ധതിയെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സേവന പദ്ധതിയാണിത്. സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കും. അതുമാത്രമല്ല വലിയ സാമ്പത്തിക ബാധ്യതകള്‍ കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാനാകുമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് സൈന്യത്തിന്റെ ഈ നിര്‍ദ്ദേശങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പരീക്ഷണമെന്ന നിലയില്‍ ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാല്‍ മാത്രം വിപുലമാക്കാമെന്നുമാണ് നിര്‍ദ്ദേശം. യുവാക്കളില്‍ രാജ്യ സ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്നും ഇവര്‍ പറയുന്നു. 

സൈനിക സേവനം ഒരു പ്രൊഫഷനായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ സൈനിക ജീവിതത്തിന്റെ സാഹസികതയും അനുഭവങ്ങളും അതിന്റെ ത്രില്ലും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. അതിനാല്‍ തന്നെ ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. സൈനിക സേവനത്തിന്റെ നിര്‍വചനങ്ങളില്‍ മാറ്റം വരുമെങ്കിലും സൈനിക സേവനത്തിന്റെ നിബന്ധനകളില്‍ ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ വിശദീകരിക്കുന്നുണ്ട്. 

നിലവില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14 വര്‍ഷത്തിന് ശേഷം വിരമിക്കും. 30-ാം വയസ്സില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്ല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചിലവിടുന്നത്. ഇവരെ സൈനിക ജോലിക്ക് പ്രാപ്തരാക്കാനുള്ള പരിശീലനത്തിന്റെ ചിലവ് വേറെയും. 5 കോടി മുതല്‍ 6.8കോടി വരെയാണ് ഒരു സൈനികന് വേണ്ടി രാജ്യം ഇക്കാലയളവില്‍ ചിലവാക്കുന്നത്. മൂന്ന് വര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്പോള്‍ സൈന്യം നിരത്തുന്ന കണക്ക് പ്രകാരം 80 മുതല്‍ 85 ലക്ഷം വരെ മാത്രമെ ചിലവ് ആകുകയുള്ളൂ.