Skip to main content

പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ മേഘാലയയില്‍ മരണം മൂന്നായി. പതിനാറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. വെള്ളിയാഴ്ചയാണ് മേഘാലയയിലെ ഷില്ലോങ്ങില്‍ സംഘര്‍ഷം ആരംഭിച്ചത്. ഖാസി സ്റ്റുഡന്റ്‌സ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ റാലി നടത്തിയത്. സംഘര്‍ഷത്തില്‍ ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ലുര്‍ഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു. 

ഇതര സംസ്ഥാനക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് മേഘാലയയിലാകെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ഗോത്ര ഇതരവിഭാഗം എതിര്‍പ്പുമായി എത്തി. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പത്തു മണിക്കൂറിന് ശേഷം പിന്‍വലിച്ചു. 

ഇന്നലെ ഉച്ചയോടെ വീണ്ടും തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഷില്ലോങ്ങിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മേഘാലയ സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രിച്ചിരിക്കുകയാണ്.