Skip to main content

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുമ്പ് തിരക്കിട്ട് നഗരം മോടിപിടിപ്പിക്കുന്നു. അഹമ്മദാബാദില്‍ തിരക്കിട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഉത്തരവോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ്‌ഷോ കടന്നുപോകുന്ന വഴിയും പരിസരവുമാണ് മോടി കൂട്ടുന്നത്. ഇതിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായി 6-7 അടി പൊക്കത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ചുവരുകള്‍ നിര്‍മ്മിക്കുന്നത്. 500ഓളം കുടിലുകള്‍ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്ന ചേരി പ്രദേശത്ത് 2500ഓളം ആളുകളാണുള്ളത്.  

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചുവര്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പാതയോരത്ത് ഈന്തപ്പനകളും വച്ചുപിടിപ്പിക്കുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ ഈ പ്രവര്‍ത്തനത്തില്‍ കോളനിവാസികളെല്ലാം വളരെ രോഷത്തിലാണ്. മതിലുകള്‍ പണിയുന്നതിന്റെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടടക്കം കോളനിവാസികള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. തങ്ങളെന്താ പുഴുക്കളാണോ മറച്ചു വയ്ക്കാന്‍ എന്ന് തുടങ്ങിയ ചോദ്യങ്ങളും അവര്‍ ഉന്നയിച്ചു. 

മുമ്പ് ഈ വഴി വി.വി.ഐ.പികള്‍ കടന്ന് പോവുമ്പോള്‍ പച്ച കര്‍ട്ടനിട്ട് മറയ്ക്കുകയാണ് പതിവെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി ഒരു മതില്‍ പണിത് മറയ്ക്കാന്‍ തീരുമാനിക്കുകയാണെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്നാല്‍ മുമ്പും ഇവിടെ ഒരു മതില്‍ ഉണ്ടായിരുന്നു എന്നും അത് പുതുക്കി പണിയുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ പറഞ്ഞു. ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം.