Skip to main content

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പുല്‍വാമ ഭീകരാക്രമണത്തെ സ്മരിച്ച് ബി.ജെ.പിയ്ക്ക് എതിരെ ചോദ്യങ്ങളുമായി രംഗത്തെത്തി. 

കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കാനും സംരക്ഷിക്കാനും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 

പുല്‍വാമ ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും കുടുംബങ്ങളോടും ഇന്ത്യ എന്നും നന്ദിയുള്ളവരായിരിയ്ക്കും എന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

പുല്‍വാമ ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്, ആക്രമണത്തിന്റെ അന്വേഷണം എന്തായി, ആക്രമണത്തിന് അനുവാദം നല്‍കി കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബി.ജെ.പി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. 

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. വയനാട് ലക്കിടി സ്വദേശിയായ വി.വി.വസന്തകുമാറും ഭീകരാക്രമണത്തില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചിരുന്നു.