Skip to main content

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് അവസാനിച്ച് ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷവും പോളിംഗ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടിംഗ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കന്‍ വൈകുന്നതിനാലാണ് ആംആദ്മി പാര്‍ട്ടി ഇതിനെ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചത് തികച്ചും ഞെട്ടിക്കുന്നത് എന്നാണ്. എന്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നത് എന്നും വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞതിന് ശേഷവും എന്തുകൊണ്ടാണ് വോട്ടിംഗ് ശതമാനം വെളിപ്പെടുത്താത്തത് എന്നും അരവിന്ദ് കെജ്‌രിവാള്‍ ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 

ശനിയാഴ്ച ആറുമണിക്കാണ് വോട്ടിംഗ് അവസാനിച്ചത്. വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വൈകുന്നേരത്തോടെ വോട്ടിംഗ് ശതമാനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

എല്ലാ എക്‌സിറ്റ് പോളുകളും പ്രഖ്യാപിച്ചിരിക്കുന്നത് ആം ആദ്മി പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുമെന്നാണ്.