Skip to main content

pinneyum

 

അടൂർ ഗോപാലകൃഷ്ണന്‍ എട്ടു വർഷത്തിനു ശേഷം സംവിധാനം ചെയ്ത  ചലച്ചിത്രം പിന്നെയും എറണാകുളം ഗോൾഡ്സൂക്കിലെ ക്യൂ സിനിമയിൽ ആദ്യ ദിവസം വൈകീട്ടത്തെ ഷോ കാണാന്‍ എത്തിയവർ കഷ്ടിച്ച് ഇരുപതിൽ താഴെ. പിന്നെയുമിലെ നായകനും നായികയും ദിലീപും കാവ്യാ മാധവനും. മറ്റ് നടീനടന്മാരും മലയാള സിനിമിയിലെ പ്രമുഖർ തന്നെ. ഈ താരങ്ങൾ ഉള്ള ഏതു സിനിമ ഇറങ്ങിയാലും, വിശേഷിച്ചും എറണാകുളത്ത്, ആദ്യ ദിവസം മോശമല്ലാത്ത തിരക്കുണ്ടാകും. എന്നാൽ അടൂരിന്റെ സിനിമയിൽ സിനിമയാണ് താരമെന്നറിയാവുന്നതു കൊണ്ടും അടൂർ ചിത്രങ്ങൾ ആർട്ട് സിനിമ എന്നറിയപ്പെടുന്നതിനാലുമാകും പിന്നെയും കാണാനുള്ള പ്രേക്ഷകർ ആദ്യ ദിവസം തന്നെ ഇത്രയും കുറവായിപ്പോയത്. എന്നാൽ പ്രേക്ഷകരുടെ മുൻവിധിയെ അടൂർ അസ്ഥാനത്താക്കിയിരിക്കുന്നു. ഒരുപക്ഷേ അടൂരിന്റെ ഏറ്റവും ഉദാത്തമായ സിനിമയായി പിന്നെയും വിലയിരുത്തപ്പെട്ടേക്കാം. എടുത്തു പറയേണ്ട വസ്തുത പിന്നെയും അസാധാരണമാം വിധം ആസ്വാദ്യമായിരിക്കുന്നു. കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു. വരും ദിവസങ്ങളിൽ നിറഞ്ഞ സദസ്സിൽ ഓടാനുള്ള എല്ലാ സാധ്യതകളും  പിന്നെയും  ബാക്കി വയ്ക്കുന്നു.

*** Spoiler Alert ***

 1982ൽ നടന്ന സുകുമാരക്കുറുപ്പ് സംഭവമാണ് കഥയുടെ ആധാരമായി അടൂർ സ്വീകരിച്ചിരിക്കുന്നത്. ആ വാർത്തയെ അതേപടി സിനിമയിൽ പകർത്തിയ അടൂർ എൺപതുകളിലെ കേരള പശ്ചാത്തലത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. എന്നാൽ ഈ സിനിമ കൈകാര്യം ചെയ്യുന്നത് കാലാതിവർത്തിയായ, മനുഷ്യന്റെ അടിസ്ഥാന പ്രമേയങ്ങളില്‍ ഒന്നും. വർത്തമാന കാലത്തിന്റെ ഒരു ചിഹ്നങ്ങളുമില്ലാതെ, എന്നാൽ വർത്തമാന കാലത്തിന്റെ ധനകേന്ദ്രീകൃത സുഖാന്വേഷണ സംസ്‌കാരത്തിന്റെ മുഖവും പിന്നെയും വ്യക്തമാക്കുന്നു. മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഈ കെണിയിൽ പെടുന്നതും അതിൽ നിന്ന് മോചിതമാകാനുള്ള ശ്രമങ്ങളുമാണ് മനുഷ്യവംശത്തെ മാനവികമായി നിലനിർത്തുന്നതും. എന്നാൽ, അതിനെക്കുറിച്ചൊന്നും സൂചന നൽകാതെയാണ് ഒരു തരിയിൽ അഖിലാണ്ഡമണ്ഡലക്കാഴ്ചയെന്നപോലെ അടൂർ ഒരു ഓണാട്ടുകര സംഭവത്തിലൂടെ സംവദിക്കുന്നത്.

 

വർത്തമാന കാലത്തിന്റെ അബോധാവസ്ഥയിലുള്ള അല്ലെങ്കിൽ അജ്ഞതയിലുള്ള പാച്ചിലിനെ അടൂർ കുറ്റപ്പെടുത്തുകയോ പോയ കാലത്തെ ഭേദപ്പെടുത്തിയോ കാണിക്കുന്നില്ല. അവിടെയാണ് ഈ സിനിമ അതിന്റെ ഉദാത്ത ശൃംഗങ്ങളിലേക്ക് പടികയറിത്തുടങ്ങുന്നത്. മനുഷ്യനെയും ഇവിടെ ഉദാത്തീകരിക്കുകയോ അതുപോലെ അധമവത്ക്കരിക്കുകയോ ചെയ്യുന്നില്ല. എല്ലാ മനുഷ്യനിലും ഹിറ്റ്ലറും ചാപ്ലിനും ബുദ്ധനും തമ്മനം ഷാജിയും ഛോട്ടാരാജനും ഗാന്ധിയും മദർ തെരേസ്സയും വീരപ്പനും ഗോവിന്ദച്ചാമിയും എല്ലാമുണ്ട്. എന്നാൽ നാം ഹിറ്റ്‌ലറെ നരാധമനായും ഗാന്ധിജിയെ ഉദാത്ത മനുഷ്യനായും വേർതിരിച്ചു കണ്ടുകൊണ്ട് സുഷുപ്തിയാണ്ടു സ്‌നേഹിച്ചും വെറുത്തും ജീവിക്കുന്നു. അങ്ങനെ മനുഷ്യരെ നാം പ്രിയമുള്ളവരും അന്യരുമായി കാണുന്നു.

 

നെടുമുടി വേണു അച്ഛൻ, കാവ്യ മാധവൻ മകൾ, മകളുടെ ഭർത്താവ് ദിലീപ്, കാവ്യയുടെ സഹോദരൻ ഇന്ദ്രൻസ്, അവരുടെ അമ്മാവൻ വിജയരാഘവൻ, കാവ്യ-ദിലീപ് ജോഡികളുടെ മകൾ എന്നിവരിലൂടെയാണ്  പിന്നെയുമിന്റെ കഥ പുരോഗമിക്കുന്നത്. ഇൻഷുറൻസിന്റെ വൻതുക തട്ടിയെടുക്കാനായി നിരത്തിൽ ഒരു ലിഫ്റ്റ് കാത്തുനിന്ന യുവാവിനെ കാറിൽ കയറ്റി കൊന്ന് അയാളെ സ്റ്റീയറിംഗ് സീറ്റിലിരുത്തി പെട്രോളൊഴിച്ച് കത്തിക്കുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്ത സുകുമാരക്കുറുപ്പ് ചെയ്യുന്ന കുറ്റകൃത്യത്തിൽ അതുവരെ സാത്വികനായി എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന പപ്പു പിള്ള സാറും (നെടുമുടി) അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും (വിജയരാഘവൻ) പങ്കെടുക്കുന്നു. ആ വീട്ടിലെ ത്രാണിയില്ലെന്നു പറയപ്പെടുന്ന കാവ്യയുടെ സഹോദരൻ കുട്ടൻ ഒഴികെ മുതിർന്ന എല്ലാവർക്കും ആ കുറ്റകൃത്യവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ട്. ഒടുവിൽ പോലീസിനാൽ ചതയ്ക്കപ്പെട്ട് പണ്ടേ ദുർബലനായിരുന്ന കുട്ടൻ ശയ്യാവലംബിയാകുന്നു. സദ്പ്രവർത്തിയുടെയും ദുഷ്പ്രവർത്തിയുടെയും ഫലം മനുഷ്യരാശി ഒരുപോലെയാണ് അനുഭവിക്കുന്നത്. കൂടുതൽ തീക്ഷ്ണതയോടെ നിരപരാധികളും നിഷ്‌കളങ്കരും. നമ്മുടെ വർത്തമാന കാല പ്രകൃതിയിലേക്കും മണ്ണിലേക്കും നോക്കിയാൽ അതറിയാൻ കഴിയും. ജനിക്കുമ്പോൾ തന്നെ മഹാവ്യാധികളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുമൊക്കെ അത് നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ ആഘാതങ്ങളേയും പരാതിയില്ലാതെ ഏറ്റുവാങ്ങുന്ന പ്രകൃതി അതിനെയെല്ലാം അതിജീവിക്കുകയും ‌ചെയ്യുമെന്ന പ്രതീക്ഷയും ആ കഥാപാത്രവും കാവ്യയുടെ മകൾ കഥാപാത്രവുമുൾപ്പടെ പിന്നെയുമിലെ നിഷ്‌കളങ്കരും അതിന്റെ തിരിച്ചറിവിലേക്കു നീങ്ങുന്നവരും മുന്നോട്ടു വയ്ക്കുന്നു.

 

ഒന്നാം പകുതിയിൽ സമൂഹത്തിന്റെ സ്വഭാവം വ്യക്തിയേയും ബന്ധങ്ങളേയും വൈകാരികതയേയും പ്രണയത്തേയും ഗതികേടിനേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന്‍ അലോസരമില്ലാതെ നാമോരോരുത്തർക്കും പരിചിതമായ സന്ദർഭങ്ങളിലൂടെ അടൂർ നമ്മളിലേക്ക് സന്നിവേശിപ്പിക്കുന്നു. മനുഷ്യരുടെ പരസ്പര പെരുമാറ്റങ്ങളും നൈസർഗികമായി ഒളിഞ്ഞുകിടക്കുന്ന വാസനകളും വാസനകൾക്കനുസരിച്ചുള്ള ശ്രദ്ധയും വ്യക്തിയുടെ വ്യക്തിത്വത്തിൽ വരുത്തുന്ന രൂപമാറ്റവും അടൂർ അതിമനോഹരമായി കാണിച്ചു തരുന്നു. അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണ കഥ വായിച്ച് ജീവിതം തള്ളിനീക്കുന്ന, ആറു വയസ്സുകാരിയുടെ അച്ഛനും തൊഴിൽ രഹിതനുമായ യുവാവായ ദിലീപിന്റെ കഥാപാത്രമായ പുരുഷോത്തമൻ നായരിലൂടെ അടൂർ അതു പറയുമ്പോൾ ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട സാമൂഹിക വിഷയത്തിലേക്ക് വിരൽ ചൂണ്ടിപ്പിക്കുന്ന കലാവൈഭവം അവിടെ പ്രകടമാകുന്നു.

 

രണ്ടാം പകുതി കാവ്യയുടെ അഭിനയ ശേഷിയുടെ മാറ്റ് പുറത്തു കാട്ടാൻ ഉതകിയ വൈകാരിക നിമിഷങ്ങൾ കൊണ്ട് നിബിഡമായിരുന്നു. പുരുഷോത്തമൻ നായരുടെ ഭാര്യ സ്വന്തമായി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം നേരിടേണ്ടിവരുന്ന വൈകാരികവും ജീവിതപരവുമായ നിമിഷങ്ങളാണ് കാവ്യയ്ക്ക് തന്റെ കഴിവ് പുറത്തെടുക്കാൻ അവസരം ഒരുക്കിയത്. സുകുമാരക്കുറിപ്പിനാൽ കൊല ചെയ്യപ്പെട്ട യുവാവിന്റെ മകൻ കൂടി രണ്ടാം പകുതിയുടെ പകുതിയോടെ രംഗപ്രവേശം ചെയ്യുന്നതോടുകൂടി ആ വൈകാരികതയിലും മനുഷ്യത്വത്തിന്റെ സ്ഫുരണശേഷി അടൂർ പ്രകടമാക്കുന്നു. തിന്മയുടെ ആസുരലോകത്തും മുളച്ചുവരാൻ ശേഷിയുള്ള നന്മയുടെ വിത്തുകളുടെ നൈസർഗിക ശേഷിയെ ഉറക്കെ പ്രഖ്യാപിക്കുകയാണവിടെ.

 

ഒരു ലോഡ്ജ് മുറിയിൽ അജ്ഞാതൻ മരിച്ചു കിടക്കുന്നിടത്തു നിന്നാണ് പിന്നെയുമിന്റെ തുടക്കം. അതേസമയം ആ ലോഡ്ജുടമയ്ക്ക് അയാളെ പരിചയമുണ്ട്. കാരണം ഇടയ്ക്കിടയ്ക്ക് അയാൾ അവിടെ വന്നു മുറിയെടുക്കാറുണ്ട്. ആള് കുഴപ്പക്കാരനല്ല. അതുകൊണ്ടു തന്നെ കൂടുതൽ അന്വേഷിക്കാറുമില്ല. ഒരു വൈരക്കൽ വ്യാപാരിയാണെന്ന് ആരോ സംശയം പോലെ പറഞ്ഞുകേട്ടിട്ടുളളതായും ലോഡ്ജുടമ പറയുന്നു. സിനിമ അവസാനിക്കുന്നതും ആ രംഗത്ത് പോലീസെത്തി വിവരം ശേഖരിക്കുന്നതോടെയാണ്. ഒടുവിൽ ആത്മഹത്യാക്കുറിപ്പ് കിട്ടുന്നു. അതിൽ ഞാൻ ആരാണെന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ലെന്നും ഞാൻ ആരാണെന്ന് എനിക്കുപോലും അറിയില്ലെന്നുമുള്ളത് വായിക്കുന്നതോടെ പിന്നെയും കഴിയുന്നു.

 

മനുഷ്യൻ അനാദികാലം മുതൽ തേടുന്ന ഉത്തരമാണ് താൻ ആരാണെന്നുള്ളത്. രൂപം മാറിയതുകൊണ്ട് താൻ താനല്ലാതാകുന്നോ. രൂപം മാറിയാലും താൻ താനല്ലേ എന്ന് സ്വയവും ഭാര്യയോടും ചോദിക്കുന്നു. അജ്ഞതയിൽ രൂപം പ്രാപിക്കുന്നതല്ല പ്രണയമെന്നും അടൂർ പറഞ്ഞുവയ്ക്കുകയാണ് ഈ പ്രണയ സിനിമയിലൂടെ. എല്ലാ തിൻമകളുടെയും പ്രഭവകേന്ദ്രം അജ്ഞത തന്നെ. സുഖവും അജ്ഞതയിൽ നിന്ന് സമാഹരിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ ഗതികേട് നേരിടുന്നു. സമൂഹം ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന സുഖത്തിന്റെ പാതയിലൂടെ നിങ്ങിയാൽ കണ്ടെത്താവുന്ന ഉത്തരമല്ല അത്.  സുഖം തേടിയവരെക്കുറിച്ച് അന്വേഷിക്കുന്നവർക്കും കാണാൻ പറ്റുന്നില്ല. സിനിമയുടെ രണ്ടാം പകുതിയിൽ സാഹചര്യത്തിനോടു ചേർന്നു നിൽക്കുന്ന ഒരു സ്വാഭാവിക സംഭാഷണത്തിലെ ചോദ്യമുണ്ട്. പുരുഷോത്തമൻ നായരോട് കാവ്യയുടെ കഥാപാത്രമായ ദേവി ചോദിക്കുന്നത്. അതിങ്ങനെ. രണ്ടാം പ്രതിയും മൂന്നാം പ്രതിയും (ദേവിയുടെ അച്ഛനും അമ്മാവനും) പിടിക്കപ്പെട്ടുവെങ്കിലും മുഖ്യ പ്രതി പിടിക്കപ്പെടാത്തതിനെ ഓർമ്മിപ്പിച്ചുകൊണ്ട്. അതുതന്നെയാണ് മനുഷ്യൻ നേരിടുന്ന പ്രശ്‌നവും. താൻ ആരാണ്? അഥവാ മുഖ്യ 'പ്രതി'  ആരാണ്? മുഖ്യ 'പ്രതി'യിൽ നിന്നാണ് രണ്ടും മൂന്നും പ്രതികൾ ഉണ്ടാകുന്നത്. രണ്ടും മൂന്നും നാലും അഞ്ചും അഞ്ഞൂറും പ്രതികളെ പിടിക്കാൻ നമുക്കു കഴിയുന്നു. എന്നാൽ മുഖ്യ പ്രതി അജ്ഞാതമായി തുടരുന്നു.

 

ഈ ചോദ്യം തന്നെയാണ് ആദി ശങ്കരനും ചോദിച്ചത്. എന്നാൽ ശങ്കരൻ മുഖ്യ പ്രതിയെ പിടിച്ചു. അടൂരും കാണിച്ചു തരുന്നു. മുഖ്യ പ്രതിയുണ്ട്, അജ്ഞാതനാണെങ്കിൽ പോലും. അടൂരിന്റെ മാസ്റ്റര്‍ പീസായി മാറുന്ന  പിന്നെയും ഒരുക്കിയിരിക്കുന്ന പശ്ചാത്തലം എടുത്തു പറയേണ്ടതാണ്. ഈ കഥയ്ക്കു വേണ്ടി വിധിയേറ്റു വാങ്ങിനിന്നപോലെയുള്ള, ഓണാട്ടുകരയിൽ, പണ്ട് പ്രതാപത്തിലായിരുന്ന, മൂലകളോടുകൂടിയുള്ള പൂമുഖ വീട്. മുൻപിൽ കന്നുകാലിയില്ലെങ്കിലും നീണ്ട എരുത്തിൽ (കാലിത്തൊഴുത്ത്). ആ വീടും പശ്ചാത്തലവും സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ്. ഓണാട്ടുകര സംസ്‌കാരം അതിന്റെ എല്ലാ സൂക്ഷ്മാംശത്തിലും നിഴലിപ്പിക്കുന്നത് കാവ്യഭംഗി പോലെയാണ് പ്രേക്ഷകന് അനുഭവമുണ്ടാവുക. അതുപോലെ, മലയാള സിനിമയിൽ കഥാപാത്രം തിരുവനന്തപുരത്തുകാരാണെങ്കിലും അവരെക്കൊണ്ട് വള്ളുവനാടൻ ഭാഷ പറയിപ്പിക്കുന്ന ഒരു രീതിയുണ്ട്. അതിനാൽ വള്ളുവനാടൻ ഭാഷയ്ക്ക് എന്താ പ്രത്യേകിച്ചൊരു പ്രത്യേകത എന്ന ഗൂഢചോദ്യം പോലെ അച്ചടി ഭാഷയോട് ചേർന്നു നിൽക്കുന്ന ഓണാട്ടുകര ഭാഷയെ അടൂർ ഉപയോഗിച്ചിട്ടില്ലേ എന്ന്‍ ഒരു കുസൃതി സംശയത്തിനും ഇട നൽകിയിട്ടുണ്ട്.

 

ജീവിത യാഥാർഥ്യങ്ങളെ അതേ തലത്തിൽ നിന്നുകൊണ്ട് സിനിമയെന്ന കലയിലൂടെ കഥ പറയുന്ന അടൂർ സൗഹൃദത്തിന്റെ പേരിലാണെങ്കിലും ചില വ്യക്തികളെയും സിനിമയിൽ കഥാപാത്രങ്ങളായി ശ്രുതിചേർത്തു വച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി സി.പി നായർ,  എഷ്യാനെറ്റ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ, ദ ഹിന്ദുവിന്‍റെ കേരളാ എഡിറ്റർ ഗൗരീദാസൻ നായർ എന്നിവരെയൊക്കെ. ഇവരടങ്ങുന്ന ഇന്റർവ്യൂ ബോഡിനെ പുരുഷോത്തമൻ നായർ അഭിമുഖീകരിക്കുന്നതാണ് രംഗം. സാങ്കേതികത്വത്തിന്റെ അതിപ്രസരത്തിൽ ഇന്ദ്രിയഭ്രമമുണ്ടാക്കുന്ന വർത്തമാന സിനിമാക്കാഴ്ചയിൽ നിന്നും മാറിയൊഴുകുന്നൊരു മനോഹര കാവ്യം പോലെയാണ് പിന്നെയുമിന്റെ ഗതി. ബിജിബാലിന്റെ സംഗീതത്തിൽ അടൂരിന്റെ കഥയുടെ ആത്മാവ് പ്രകടം. അതുപോലെ എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണമാണ് കാലത്തെ ഇത്രയധികം സംവേദനത്വത്തിൽ എത്തിച്ചത്.