Skip to main content

kali movie poster

 

വളരെ കാലികവും സംവേദനമൂല്യവും ആകുമായിരുന്ന സിനിമയാണ് സമീർ താഹിറിന്റെ സംവിധാനത്തിൽ തയ്യാറായ കലി. പക്ഷേ, സംവിധായകന്റെ മാനസിക നിലവാരത്തിന്റെ ഉയർച്ചയില്ലായ്മ കാരണം അത് നിർണ്ണായകമായ സന്ദർഭത്തിൽ നിലം പതിച്ചു. അതോടെ ആ സിനിമ എന്തു പറയണം എന്ന ലക്ഷ്യം കാണാതെ പോയി. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു സിനിമയുടെ ഗതി. അതുകൊണ്ടുതന്നെ, പറയാനുള്ളതും പറയാൻ ഉദ്ദേശിച്ചതുമായ കാര്യം പറയാതെ പോയപ്പോൾ ഉണ്ടായ അവസ്ഥയില്‍ സിനിമ പ്രേക്ഷകനുമായി സംവദിക്കാതെ പോയി.

 

സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ കലിയാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. കലി മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്. അത് ആളുകളില്‍ ഏറിയും കുറഞ്ഞുമിരിക്കുന്നു. അതു കൂടിയവരോടൊപ്പം താമസിക്കുക, പെരുമാറുക എന്നൊക്കെയുള്ളത് അങ്ങേയറ്റം ശ്രമകരമായ കാര്യമാണ്. ഈ സിനിമയിൽ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച നായക കഥാപാത്രം കലി മാത്രമാണ് തുടക്കം മുതൽ അവസാനം വരെ അവതരിപ്പിക്കുന്നത്. ആ അവതരണം നായകൻ പെട്ടെന്ന് കലി വരുന്ന മാനസിക രോഗത്തിന് അടിമയായതു പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അയാൾക്ക് അയാളെ നിയന്ത്രിക്കാനാകുന്നില്ല. ചികിത്സ അനിവാര്യമായ അവസ്ഥയാണ് സിനിമയിലൂടെ വ്യക്തമാകുന്നത്. എന്നാൽ ആ നിലയ്ക്ക് സിനിമ പുരോഗമിക്കുന്നില്ല. ആദ്യവസാനം ഈ നായകന്റെ കലി മാത്രമാണ് കാണിക്കുന്നത്. ആദ്യ പകുതിയിൽ കലി പൂണ്ട് നിയന്ത്രണം വിടുന്ന കുഞ്ഞുകുഞ്ഞു രംഗങ്ങൾ. രണ്ടാം പകുതിയിൽ കലിയിൽ നിന്ന് കഥ വികസിക്കുന്നു. അത് ഒരു ദുരന്തത്തിന്റെ വക്കോളം എത്തുന്നു. അവിടെ നിന്നും കഷ്ടിച്ച് രക്ഷപെടുന്നു.

 

കലിയുടെ മറുവശമെന്നവണ്ണം സമാധാനപ്രിയയായ ഭാര്യയുടെ ഭാഗമാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. അവർ അവരുടെ ഭാഗം ഗംഭീരമായി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനായി അധികമില്ലെങ്കിലും. രണ്ടു പേർക്കും എപ്പോഴും ഒരേ വികാരപ്രകടനങ്ങളുടെ ആവർത്തനം മാത്രമേ കാണിക്കാനുള്ളു. കലിയിൽ നിന്നും സ്വയം മോചിപ്പിക്കുമെന്ന് നായകൻ നായികയെ ശൃംഗരിച്ചുകൊണ്ട് പ്രഖ്യാപിച്ച് അധികം കഴിയും മുൻപ്  സമാധാനത്തിന്റേയും ക്ഷമയുടേയും സാന്നിദ്ധ്യമായ സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രം അഞ്ജലി കലി പൂണ്ട് നായകനെ അക്രമത്തിലേക്ക് നയിക്കുന്നിടത്താണ് ദയനീയമായ രീതിയിൽ സിനിമ അവസാനിക്കുന്നതും സിനിമ പാളിപ്പോകുന്നതും.

 

ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും പറഞ്ഞ കാര്യങ്ങൾ ആദ്യപകുതിയിൽ പറഞ്ഞ്  രണ്ടാം പകുതിയിൽ മറ്റൊരു തലത്തിലേക്ക് ഈ സിനിമയെ ഉയർത്തിയിരുന്നെങ്കിൽ വളരെ വിജയിക്കുന്ന സിനിമയായി ഇതു മാറുമായിരുന്നു. അല്ലെങ്കിൽ കുറഞ്ഞ പക്ഷം വ്യത്യസ്തമായ ക്ലൈമാക്സ്‌ കൊണ്ടുവന്നിരുന്നുവെങ്കിലും കാണികൾ നല്ലൊരു സിനിമ തങ്ങളുടെ ജീവിതവുമായി ചേർത്തുവെച്ചു കാണുന്ന അവസഥയിൽ തീയറ്ററുകളിൽ നിന്നു പോകുമായിരുന്നു.

Tags