Skip to main content

Mannar Mathai Speaking 2 poster

 

മാന്നാർ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഇത് മൂന്നാം തവണയാണ് നമ്മെ ചിരിപ്പിക്കാനെത്തുന്നത്. ആദ്യം റാംജിറാവു, പിന്നെ മാന്നാർ മത്തായി. ഇപ്പോഴിതാ മാന്നാർ മത്തായി രണ്ടാമനും. ആദ്യചിത്രം സിദ്ധിഖ്‌-ലാലിന്റെ കന്നിച്ചിത്രം കൂടിയായിരുന്നു. രണ്ടാം ചിത്രം മാണി സി. കാപ്പന്റെ പേരിലാണ് സംവിധാനമെങ്കിലും എല്ലാം ചെയ്തത് സിദ്ധിഖ്‌-ലാലുമാരു തന്നെയെന്നത് തിരയുലകപ്പാട്ടാണ്. ഇത്രയും വെറുതെ പറഞ്ഞതല്ല. ഈ കഥാപാത്രങ്ങളെയെല്ലാം അതേപടി ഉപയോഗിച്ച് മറ്റൊരു സംവിധായൻ ഒരു ചിത്രമെടുക്കുമ്പോഴാണ് നമുക്കാ സംവിധായകരുടെ കഴിവും മിടുക്കും ഒന്നു കൂടി വ്യക്തമാകുന്നത് എന്നു പറയാൻ വേണ്ടി മാത്രമാണ്.

 

പുതിയ ചിത്രമൊരുക്കിയിരിക്കുന്നത് മമാസാണ്. സിദ്ധിഖ്-ലാലുമാരുടെ ചിത്രങ്ങളുടെ ഒരു പ്രത്യകത പ്രേക്ഷകാര്‍ക്ക് ചിന്തിക്കാൻ അവ ഒരു നിമിഷം പോലും ഇട നൽകുന്നില്ല എന്നതാണ്. തൊടുത്തു തൊടുത്തു പോകുന്ന ചിരിശരങ്ങളിലൂടെയാണ് അവ മുന്നേറുക. ഒടുക്കം നെഞ്ചിൽ തട്ടുന്ന ആർദ്രനിമിഷങ്ങളും ശുഭപര്യവസാനവും. ചിത്രം കണ്ട് പുറത്തിറങ്ങിയാൽ ഓർത്തെടുക്കാൻ കുറേ തമാശകളും നല്ല മുഹൂർത്തങ്ങളും ഉണ്ടാവും. മമാസിന്റെ മത്തായിയിൽ ഇല്ലാതെ പോയതും അതു തന്നെ. ഒരു നാലാം ഭാഗം കൂടി എടുത്തുകളയാം എന്ന മുൻകൂർ ധാരണയിലാണ് എല്ലാം തല്ലിക്കൂട്ടിയതെന്ന് ഒടുക്കം കാണുമ്പോള്‍ തോന്നിപ്പോവുകയും ചെയ്യും.

 

എന്നാൽ ഒരു കോമഡിപടത്തിനു വേണ്ട എല്ലാ ചേരുവകളും ഇതിലില്ലേ എന്നു ചോദിച്ചാൽ ഉണ്ടുതാനും. റാംജിറാവുവിന് മാനസാന്തരം വന്ന് സ്‌തോത്രം പാടിക്കൊണ്ടിരിക്കുന്നതും മാന്നാർ മാത്തായിയിലെ കെട്ടിടത്തിൽ നിന്നു വീഴുന്ന വില്ലൻ മഹേന്ദ്ര വർമ്മയെ കിളിപോയ അവസ്ഥയിൽ പുന:സൃഷ്ടിക്കുന്ന ഭാവനയുമെല്ലാം കൊള്ളാം. പിന്നെ മ-ഗോ-ബമാരുടെ തമാശകളും. പക്ഷെ, ചടുലത നഷ്ടപ്പെട്ടതോടെ ചിത്രത്തിന്റെ ജീവൻ പോയി. നാടകം മുടക്കാൻ നടക്കുന്ന ഗര്‍വാസീസ് ആശാന്റെ ശ്രമത്തിന് പിന്നിലെ യുക്തിരാഹിത്യമൊക്കെ പ്രേക്ഷകർ ചിന്തിച്ചു പോകുന്നത് അതുകൊണ്ടാണ്. ഇവിടെയാണ് സിദ്ധിഖ്-ലാൽ ചിത്രവുമായി താരതമ്യം ചെയ്തു പോവുന്നത്.

 

നായികയായി വന്ന അപർണയ്ക്ക് ഒന്നും ചെയ്യാനില്ല. റാംജിറാവിലെ രേഖയേയും മാന്നാർ മത്തായിയിലെ വാണിയേയും ഇപ്പോഴും പ്രേക്ഷകർ ഓർക്കും. അപർണയെ അങ്ങനെ ഓർക്കാനൊന്നുമില്ല, അവളെ റാംജിറാവുവിന്റെ മകളാക്കിയതൊഴിച്ചാൽ. അസുഖം ഭേദമായതിന് ശേഷം ഇന്നസെന്റ് ഫോം വീണ്ടെടുക്കുന്നത് ഈ ചിത്രത്തിലാണെന്നു പറയാം. അതും ആ കഥാപാത്രത്തിന്റെ ശക്തി തന്നെ. കലാഭവൻ ഷാജോണിന് ദൃശ്യത്തിലെ ക്രൂരനായ പോലീസുകാരനിൽ നിന്ന് ഒരു സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട് ഈ ചിത്രത്തിൽ. യഹോവാ സാക്ഷിയായ എസ്.ഐ തമാശ വിതറുന്നുണ്ട്. പൊന്നപ്പനും ഗര്‍വാസീസും മഹേന്ദ്ര വർമ്മയും റാംജിറാവുമെല്ലാം പുനർജനിച്ചപ്പോൾ ഹംസയ്ക്കയ്ക്ക് കൂടെ ഒരു ചാൻസ് കൊടുക്കാമായിരുന്നെന്ന് തോന്നി. കുശിനിക്കാരന്റെയും ഡ്രൈവറുടെയുമെല്ലാം റോളിങ്ങനെ ചിത്രത്തിൽ കിടക്കുന്നുമുണ്ടായിരുന്നു.

 

മലയാള സിനിമയിൽ എത്തിയ കാലത്തു ബിജു മേനോൻ ആദ്യമായി ചെയ്ത ഒരു വില്ലൻ വേഷം. വർഷങ്ങൾക്കു ശേഷം അടുത്ത ഭാഗം വരുമ്പോൾ ഈ സിനിമയിൽ അഭിനയിക്കുന്നവരില്‍ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ താരമായി അയാൾ മാറിയിരിക്കുന്നു. സിനിമ അങ്ങനെയാണ്. ഇവിടെ ഒരു പൂർണതയിലെത്താതെ കഥ അവസാനിക്കുമ്പോഴും ബിജു മേനോന്റെ വില്ലനെ വെറുതെ വിട്ടിരിക്കുകയാണ് കഥാകാരൻ. അതുകൊണ്ട് തന്നെ അടുത്ത ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കാം. കാലം റാംജിറാവുവിലും മഹേന്ദ്ര വർമ്മയിലും വരുത്തിയ മാറ്റങ്ങൾ നന്നായി. പിന്നെ മൂന്നാം ഭാഗത്തു തിളങ്ങിയതു മത്തായിചേട്ടൻ തന്നെ. ഗോ-ബാലകൃഷ്ണൻമാരും മോശമാക്കിയില്ല. സായ് കുമാറിന് കഴിഞ്ഞ രണ്ട് ഭാഗങ്ങളേക്കാളും നന്നായി കോമഡി ചെയ്തു ഫലിപ്പിക്കാൻ കഴിഞ്ഞു. പശ്ചാത്തല സംഗീതവും നന്നായി. പിന്നെ ഒരു പോരായ്മയായി തോന്നിയതു മുകേഷിന്റെ ഭാര്യ, ഗൾഫിൽ ജോലി ചെയ്യുന്ന ഒരു ലക്ഷ്മി, ആരാണെന്നുള്ളതാണ്. അപ്പൊള്‍, മുകേഷ് വാണി വിശ്വനാഥിനെ കെട്ടിയില്ലേ? ഒരു സംശയം ഉണ്ടായി. സ്ത്രീ കഥാപാത്രങളുടെ ദൌർലഭ്യം ഉണ്ടായിരുന്നു. സെന്റി സീനുകളും കുറവായിരുന്നു. അതേസമയം, വെറുതെ തട്ടിക്കൂട്ടിയ പടം എന്നു പറയാൻ കഴിയില്ല. പുതുമയുള്ള തമാശകൾ ഒക്കെ നന്നായിട്ടുണ്ട്. മമാസ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

 

പടം നന്നാവില്ല എന്ന പ്രതീക്ഷയോടെയാണ് കാണാൻ പോയത്. അത് എന്തായാലും തെറ്റിയില്ല. ന്നാലും എന്റെ മാമാസേ ... ആ സിദ്ധിഖ്-ലാലുമാര്‍ക്കെങ്കിലും അവനോട് പറയാമായിരുന്നു വേണ്ടാ... വേണ്ടാന്ന്‍. മൂന്ന്‍ ചിത്രങ്ങളുടെ തുടർച്ച അനുഭവിപ്പിക്കാൻ മമാസിന് കഴിയുന്നുണ്ടെങ്കിലും സിദ്ധിഖ്-ലാലുമാരുടെ പ്രാഗത്ഭ്യത്തിന് മുന്നിൽ പരാജിതനാവുന്ന ഒരു സംവിധായക സാന്നിധ്യമാണ് മമാസ് ഈ ചിത്രത്തിൽ. ഒരഭ്യർഥന കൂടി. ഇതിന്റെ നാലാം ഭാഗം എടുക്കാനുള്ള എല്ലാ ഒത്താശയോടും കൂടിയാണ് നിങ്ങളീ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് ദയവു ചെയ്ത് സിദ്ധിഖ്‌-ലാലുമാർക്ക് വിട്ടുകൊടുക്കുക. അല്ലെങ്കിൽ അത്തരം സാഹസത്തിന് മുതിരാതിരിക്കുക. കാരണം ആ കഥാപാത്രങ്ങൾ പത്തിരുപത്തഞ്ച് കൊല്ലമായി മലയാളികൾ കൊണ്ടു നടക്കുന്നവരാണ്. അവരെ നശിപ്പിക്കരുത്!

Tags