Skip to main content

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തെ അത്ഭുതപ്പെടുത്തിയ പഞ്ചായത്തായിരുന്നു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും എന്‍.ഡി.എയെയും നിഷ്പ്രഭമാക്കിക്കൊണ്ട് കിഴക്കമ്പലത്ത് ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിയുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇക്കുറി ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രമല്ല മത്സരിക്കുന്നത്. സമീപത്തുള്ള നാല് പഞ്ചായത്തുകളില്‍ കൂടി ട്വന്റി 20 മത്സരരംഗത്തുണ്ട്. കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല എന്നീ പഞ്ചായത്തുകളിലാണ് ട്വന്റി 20 കന്നിയങ്കത്തിനിറങ്ങുന്നത്. മത്സരരംഗത്തുള്ള വാര്‍ഡുകളിലെല്ലാം ട്വന്റി 20ക്ക് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് അണികളും പ്രവര്‍ത്തകരും വളരെ കൂടുതലാണ്. ഇന്നുവരെ തിരഞ്ഞെുപ്പ് പ്രചാരണ യോഗം ദൂരെ നിന്ന് കണ്ടിട്ടില്ലാത്തവര്‍ വരും ട്വന്റി 20യ്ക്ക് വേണ്ടി രംഗത്തുണ്ട്. ഒരു പാര്‍ട്ടിയിലും പെടാതെ നിഷ്പക്ഷരായി നിന്നവര്‍ ട്വന്റി 20 ക്കായി വോട്ട് ചോദിക്കുന്നകാഴ്ചയും കാണാം. 

കേരളത്തില്‍ ജനകീയാസൂത്രണ പദ്ധതി കൊണ്ടുവന്നിട്ട് 25 വര്‍ഷമാകുന്ന ഈ അവസരത്തിലെ ഏറ്റവും വലിയ വിരോധാഭാസമായി ഈ പ്രതിഭാസത്തെ കാണാം. അധികാരം ജനങ്ങളിലേക്ക്, അല്ലെങ്കില്‍ പങ്കാളിത്ത ഭരണം എന്ന ഉദ്ദേശശുദ്ധിയിലാണ് ജനകീയാസൂത്രണമെന്ന മഹത്തായ പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍ ആ ഉദ്ദേശശുദ്ധിയോട് നീതി പുലര്‍ത്താന്‍ നമുക്കായിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ട്വന്റി 20. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അധികാരവും പങ്കാളിത്തവും തങ്ങളിലേക്ക് മാത്രമായി മാറ്റിയപ്പോള്‍ സംഭവിച്ച ജീര്‍ണതയില്‍ നിന്നാണ് ട്വന്റി 20 എന്ന പ്രസ്ഥാനം ഉടലെടുക്കുന്നതും വളരുന്നതും. ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളറിപ്പ് പ്രവര്‍ത്തിക്കുക എന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം. ഇങ്ങനെ സംഭവിക്കാതെ വന്നാല്‍ ജനങ്ങള്‍ സ്വാഭാവികമായും മടുക്കും. ആ ഒരവസരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ കുറച്ചെങ്കിലും നിറവേറ്റുന്ന ഒരു പ്രസ്ഥാനം കടന്നുവന്നാല്‍ ഇരുകൈയും നീട്ടി ജനങ്ങള്‍ അവരെ സ്വീകരിക്കും. 

ട്വന്റി 20 യെ സംബന്ധിച്ചെടുത്തോളം 2010-2015 കാലഘട്ടത്തില്‍ കിഴക്കമ്പലത്ത് അധികാരത്തിലിരുന്ന യു.ഡി.എഫ് ഭരണത്തോടുള്ള അഭിപ്രായവ്യത്യാസത്തില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. അന്ന-കിറ്റെക്സ് ഗ്രൂപ്പാണ് ട്വന്റി 20യുടെ സ്ഥാപകരും നടത്തിപ്പുകാരും. കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ വ്യവസായികളാണവര്‍. അവര്‍ക്ക് പണം ഒരു പ്രശ്നമല്ല. അവര്‍ തന്നെ സമ്മതിക്കുന്നുണ്ട് ഞങ്ങള്‍ വ്യവസായത്തില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്കെടുത്താണ് കിഴക്കമ്പലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന്. വെറുതെയങ്ങ് പണംവാരിക്കോരി ജനങ്ങള്‍ക്ക് കൊടുക്കകയല്ല അവര്‍ ചെയ്യുന്നത്. നാട്ടുകാരുടെ വികാരത്തെ പഠിച്ച് അതിനനുസൃതമായിട്ടാണ് അവര്‍ പലകാര്യങ്ങളും ചെയ്തിരിക്കുന്നത്. അങ്ങനെ ചെയ്ത കാര്യങ്ങളെല്ലാം കൃത്യതയോടും ഗുണനിലവാരത്തോടുമാണ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും, റോഡുകളുമാണ് ഉദാഹരണം. അതുകൊണ്ടാണവര്‍ക്ക് ജനപിന്തുണ കിട്ടുന്നതും. കഴിഞ്ഞ പതിറ്റാണ്ടുകളായി അധികാരത്തിലിരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ജനങ്ങളുടെ ആവശ്യമറിഞ്ഞല്ല പ്രവര്‍ത്തിച്ചത് എന്ന് ചുരുക്കം. അതിന് വിലകൊടുക്കേണ്ടി വരുന്നത് ഇവിടുത്തെ ജനായത്ത സംവിധാനമാണ്. ഒരു വ്യക്തിയെ കേന്ദീകരിച്ചോ ഒരു ഗ്രൂപ്പിനെ കേന്ദ്രീകരിച്ചോ മാത്രമായി ഭരണം വരുമ്പോള്‍ അവിടെ ജനായത്തം പരാജയപ്പെടുകയാണ്. പ്രതിപക്ഷമില്ലാത്ത ഒരു ഭരണത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഇവിടെ ട്വന്റി 20യല്ല ഇതിനുത്തരം പറയേണ്ടത്, ജനായത്തത്തെ ജീര്‍ണതയിലേക്ക് നയിച്ചവരാണ്. 

ഇക്കുറിയും മത്സരിക്കുന്ന ഇടത്തെല്ലാം ട്വന്റി 20 വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പേ തന്നെ കിഴക്കമ്പലത്തെ 19 വാര്‍ഡുകളിലും അവര്‍സ്ഥാനാര്‍ത്ഥികളെ ഇറക്കി. പുതിയതായി മത്സരിക്കുന്ന പഞ്ചായത്തുകളിലേക്ക് അവര്‍ കടന്നു ചെന്നത് കൊറോണയെ മുന്‍നിര്‍ത്തി, ഒരോ വീടുകളിലും മാസ്‌കും സാനിറ്റൈസറും നല്‍കിക്കൊണ്ടാണ്. പിന്നീട് കൊതുകിനെ കൊല്ലുന്ന ബാറ്റും അവര്‍ വിതരണം ചെയ്തു. സത്യത്തില്‍ ജനങ്ങള്‍ അപ്പോള്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് അവര്‍ നല്‍കിയത്. അതെത്രത്തോളം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാം. ട്വന്റി 20 2015ലെ വിജയം കിഴക്കമ്പലത്തും മറ്റ് 4 പഞ്ചായത്തുകളിലും ആവര്‍ത്തികുകയാണെങ്കില്‍ നമുക്കടിവരയിടാം, ജനങ്ങള്‍ ജനായത്തത്തില്‍ വന്ന ജീര്‍ണതകളെ മടുത്തിരിക്കുന്നു, നിലവിലുള്ള ജീര്‍ണിച്ച ജനായത്തത്തേക്കാള്‍ അവര്‍ക്ക് വിശ്വാസം ട്വന്റി 20 മാതൃകയിലാണ്.