Skip to main content

dileep

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

 

അന്വേഷണം ശരിയായ ദിശയിലായിരുന്നെന്നും കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയത്. കേസില്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ ഹൈക്കോടതി വരെ വിവിധ ആവശ്യങ്ങളുന്നയിച്ച് 11 ഹര്‍ജികളാണ് ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത്. കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നല്‍കിക്കഴിഞ്ഞതാണ്. പിന്നെയും ഒന്നിനു പിറകേ ഒന്നായി ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള കുടിലതന്ത്രമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

 

ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ വിശദമായ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.