Skip to main content

 parvathy, mammotty

കസബ എന്ന സിനിമയില്‍ മഹാനടനായ മമ്മൂട്ടി സ്ത്രീവിരുദ്ധമായ തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിച്ചു എന്നതാണ് നടി പാര്‍വതി ഉയര്‍ത്തിയ ആരോപണം. ആ അഭിപ്രായത്തെ ഇപ്പോള്‍ ശശി തരൂര്‍ എം.പി പിന്തുണച്ചുകൊണ്ടു പറയുന്നു, അതൊരു മുഖ്യചര്‍ച്ചാ വിഷയമാക്കണമെന്ന്. ഓഖി ദുരന്തത്തില്‍ പെട്ട് ഉഴലുന്ന അദ്ദേഹത്തിന്റെ ലോകസഭാ മണ്ഡലത്തിലെ സ്ത്രീകളുടെ ജീവിതത്തിലേക്കു നോക്കിയാല്‍ എന്താണ് സ്ത്രീ വിരുദ്ധതയെന്നും സ്ത്രീ വിരുദ്ധതയെ ബുദ്ധിജീവികള്‍ കാണുന്നതു പോലെ ഒറ്റപ്പെട്ടു കാണേണ്ട വിഷയവുമല്ലെന്നും അറിയാന്‍ കഴിയും. സ്ത്രീവിരുദ്ധത എന്ന സംജ്ഞാപ്രയോഗത്തില്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിസ്ത്രീകളെ പോലുള്ളവര്‍ സ്ത്രീയെന്ന ചിന്തയില്‍ വരുമെന്ന് തോന്നുന്നില്ല.  പൂന്തുറയിലെയും മറ്റ് കടപ്പുറങ്ങളിലെയും ജീവിതങ്ങളില്‍ എന്തുകൊണ്ട് കാലം മാറിയിട്ടും ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നില്ല.? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനു പുറമേ ലത്തീന്‍ സഭ പ്രധാനമന്ത്രിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക നിവേദനം നല്‍കി? മത്സ്യത്തൊഴിലാളികള്‍ ഏതു ഭരണത്തിന്‍ കീഴിലാണ്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയോ അതോ ലത്തീന്‍ സഭയുടെയോ? മത്സ്യത്തൊഴിലാളികള്‍ , വിശേഷിച്ചും തെക്കന്‍ കേരളത്തിലുള്ളവര്‍, എന്തുകൊണ്ടു പൊതു സമൂഹവുമായി ഇഴുകുന്നില്ല. തുടങ്ങി അനേകം സങ്കീര്‍ണ്ണ മാനങ്ങളുള്ള വിഷയങ്ങളിലേക്ക് വേണമെങ്കില്‍ ശശി തരൂരിനു നോക്കാം. ചര്‍ച്ച് ചെയ്യാം. പരിഹാരങ്ങള്‍ തേടാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും മുഖ്യവിഷയം പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനമാണ്.
              

മനുഷ്യനില്‍ അറ്റുപോകാതെ കിടക്കുന്ന സംസ്‌കാരമാണ് ഗോത്രസംസ്‌കാരം. അതുകൊണ്ടാണ് ഗോത്ര രീതിയില്‍ മനുഷ്യന്‍ ഓരോ ഗ്രൂപ്പു തിരിയുന്നതും, ഗ്രൂപ്പുകള്‍ക്കു വേണ്ടി ഒന്നിച്ച് പോരാടുന്നതും. ആ സംസ്‌കാരത്തില്‍ നിന്നും അകലുമ്പോഴാണ് മനുഷ്യന്‍ സാമൂഹ്യ ജീവിയായി മാറുന്നത്. സ്ത്രീകള്‍ സ്ത്രീകള്‍ക്കു വേണ്ടിയും അംഗവൈകല്യമുള്ളവര്‍ അവര്‍ക്കു വേണ്ടിയും ചെത്തുകാര്‍ അവര്‍ക്കുവേണ്ടിയുമൊക്കെ വാദിക്കുന്നതും പൊരുതുന്നതുമെല്ലാം ഈ ഗോത്രസ്വഭാവ പ്രത്യേകതകൊണ്ടാണ്. ഇവ്വിധം പല പല ഗ്രൂപ്പുകളായി ഒരു സമൂഹത്തെ വിഭജിച്ചാല്‍ പിന്നെ ആ സമൂഹത്തിന്റെ മേല്‍ അണുബോംബിടേണ്ട ആവശ്യമില്ല. 'സ്ത്രീ വിരുദ്ധ'തയും ആ ഗോത്രസംസ്‌കാര ബഹിര്‍സ്ഫുരണം തന്നെ.
        

ഒരു സിനിമയെ വിലയിരുത്തേണ്ടത് കുരുടന്‍ ആനയെ കാണുന്നതു പോലെയാകരുത്. ചെവിയില്‍ പിടിച്ചവന്‍ മുറം പോലെയെന്നും കാലില്‍ പിടിച്ചവന്‍ തൂണുപോലെയാണ് ആനയെന്നും വാദിക്കും. അവര്‍ക്കത് ശരിയാണെന്നു തോന്നും.ആ ശരിക്കു വേണ്ടി അവര്‍ എന്തും സഹിക്കും. വാശി പിടിക്കും. അതു മൂക്കുമ്പോള്‍ ആള്‍ക്കാരെ കൊല്ലാനിറങ്ങും. ഇങ്ങനെയാണ് മൗലികവാദം ഉണ്ടാകുന്നതും പ്രചരിക്കുന്നതും. ഒരു സിനിമയിലെ ഒരു വാചകത്തെയോ ഒരു രംഗത്തെയോ എടുത്തല്ല ആ സിനിമയെക്കുറിച്ചും അതിലഭിനയിച്ച നടീനടന്മാരെക്കുറിച്ചും വിമര്‍ശനം നടത്തേണ്ടത്. സിനിമ സംവിധായകനില്‍ നിന്ന് മഹാനടന്മാരെ കേന്ദ്രീകരിച്ചായി മാറി എന്ന് കുറ്റപ്പെടുത്തുമ്പോള്‍ തന്നെ, മഹാനടന്‍ ഇവ്വിധം അഭിനയിച്ചതിനെ ചോദ്യം ചെയ്യുന്നത് സംവിധായകനെ സിനിമയുടെ ഉത്തരവാദിത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതാണ് എന്നും ഓര്‍ക്കേണ്ടതാണ്.
        

പാര്‍വതിയുടെ നിരീക്ഷണത്തിലൂടെ കലാശില്‍പ്പങ്ങളെ വിലയിരുത്തുകയാണെങ്കില്‍ ഏറ്റവും വലിയ പാതകം ചെയ്തത് വ്യാസനാണ്. കാരണം തുറന്ന കൗരവസഭയില്‍ പാഞ്ചാലിയെ പണയ വസ്തുവാക്കുകയും പിന്നീട് ദുശ്ശാസനനെക്കൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിച്ച് ആക്ഷേപിച്ചതും വ്യാസനാണ്. ഷേക്‌സ്പീയറിന്റെ നാടകമായ മാക്ബത്തിലെ ലേഡീ മാക്ബത്തും ഇന്നത്തെ കാഴ്ചപ്പാടില്‍ സ്ത്രീ വിരുദ്ധമല്ലേ. കലയെ വിമര്‍ശിക്കുന്നത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിധമായിരിക്കണം. മറിച്ച് ചൂഷണാധിഷ്ടിത കമ്പോളം സൂത്രത്തിലൂടെ കടത്തിവിടുന്ന കാഴ്ചപ്പാടുകളല്ല പ്രമാണമാകേണ്ടത്. പ്രമാണം ജീവിതമായിരിക്കണം. ജീവിതം സമഗ്രമാണ്. ആ സമഗ്രതയിലെ കേന്ദ്രബിന്ദുവാണ് സ്ത്രീ. ആ തിരിച്ചറിവിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടത്തക്കവിധം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീയുടെ അവസ്ഥയില്‍ ഗുണകരമായ മാറ്റം ഉണ്ടാവുന്നത്. അല്ലെങ്കില്‍ വെറുതെ കുറേ കോലാഹലമുണ്ടാവുകയും സ്ത്രീകള്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും.
          

ഇതിനര്‍ത്ഥം പാര്‍വതിക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നല്ല. അവര്‍ കണ്ട ശരി സമൂഹവുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. അവരെ ആക്ഷേപിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഭരണകൂടം ഉചിതമായ നടപടി എടുക്കുക തന്നെ വേണം. സമൂഹത്തില്‍ മൗലിക വാദം വര്‍ധിതമായി എന്നുള്ളതിന്റെ തെളിവാണ് പാര്‍വ്വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ട ആക്രമണങ്ങള്‍.വാക്കുകൊണ്ടു കൊല്ലല്‍ മൗലികവാദത്തിന്റെ ആദ്യപടിയാണ്.  സംശയം വേണ്ട ആദിമ ഗോത്രസംസ്‌കാരത്തിന്റെ വര്‍ത്തമാനകാല പ്രകടനങ്ങള്‍ തന്നെയാണ് അവ. ഓട്ടിസം ബാധിച്ച കുഞ്ഞിനെ നോക്കേണ്ടതിന്റെ പേരില്‍ ജോലി നഷ്ടമായ ലൈഫ് ഇന്‍ഷുറന്‍സ് ജീവനക്കാരിയ അമ്മ കേരളഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ വിധി പ്രധാനവാര്‍ത്തയായ ദിവസമാണ് പാര്‍വതി പരാതി നല്‍കിയ വാര്‍ത്തയും വന്നത്. കുടുംബമാണ് പ്രധാനം എന്നുയര്‍ത്തിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ആ വിധി പ്രഖ്യാപിച്ചത്. ആ കുടുംബ സംവിധാനത്തെ തകര്‍ക്കാനാണ് സന്നദ്ധസംഘടനകളിലൂടെയും ബുദ്ധിജീവികളിലൂടെയും മാധ്യമങ്ങളിലൂടെയും അതിബുദ്ധിപരമായി വികിസിത രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
 

ഫലപ്രദമായ നിയമ സംവിധാനത്തിന്റെ അഭാവത്വമാണ് പൊതുസമൂഹത്തില്‍ സ്ത്രീവിരുദ്ധത വളരുന്നതിന് കാരണമെന്നും കോടതി വിധി പറയുന്നു. ഈ വിധിയുടെയുടെ വെളിച്ചത്തില്‍ ഓരോ സ്ത്രീയും കുടുംബവും നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് വര്‍ത്തമാനകാല കേരളം തിരിയേണ്ടത്. കാരണം കുടുംബവ്യവസ്ഥ ഇന്ന് കേരളത്തില്‍ തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിന് ഒട്ടേറെ കാരണങ്ങളുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പലവിധമാണ്. അതില്‍ പ്രധാന കാരണം ചാനലുകളിലൂടെ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന സീരിയലുകളാണ്. കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചപോലുളള ആയിരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിനേക്കാല്‍ വലിയ വിപത്താണ് ഒരു ദിവസത്തെ അരമണിക്കൂര്‍ പരമ്പര നിര്‍വ്വഹിക്കുന്നത്. നോക്കൂ, എങ്ങനെയാണ് കാതലായ വിഷയങ്ങളില്‍ നിന്നും സമൂഹ ശ്രദ്ധ തിരിക്കപ്പെടുന്നതെന്ന്.
             

കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്നത് വളരെ ലളിതമായ രീതിയിലാണ്. ഒരു വിഭാഗം എതിര്‍ക്കുന്നതിനെ മറുവിഭാഗം അനുകൂലിക്കുന്നു. പരസ്പരം ചെളിവാരി എറിയുന്നു. ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും അവരുടെ കാഴ്ചപ്പാട് പിന്തുടരുന്ന മാധ്യമങ്ങളും ഒരുഭാഗത്ത്. ഒടുവില്‍ അവര്‍ വിധി പ്രഖ്യാപിക്കുന്നു. അതോടെ അത് വ്യവസ്ഥാപിത ശരിയാകുന്നു. ചുംബനസമരം ഒരുദാഹരണം. ബുദ്ധിജീവികളും പരസ്യമായി ചുംബിച്ചാണ്  പെണ്‍വാണിഭ സംഘമായ അതിന്റെ പിന്നിലെ സന്നദ്ധ സംഘടനക്കാര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുത്തത്.
            

ജനായത്ത സംവിധനത്തില്‍ എല്ലാവര്‍ക്കും എന്തിനെക്കുറിച്ചും അഭിപ്രായം പ്രകടനം നടത്താം. ചര്‍ച്ച ചെയ്യുകയുമാകാം. ഒരു ചെറിയ ഇലക്ടോണിക് ഉപകരണം വാങ്ങിയാല്‍ പോലും അത് നേരാം വണ്ണം ഉപയോഗിക്കണമെങ്കില്‍ അതിന്റെ യൂസര്‍ മാന്വല്‍ ആവശ്യമാണ്. ഭൂമിയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഗാഡ്ജറ്റാണ്. മനുഷ്യന്‍. ഒരു യൂസര്‍ മാന്വലുമില്ലാതെ കാണുന്ന സ്വിച്ചിലൊക്കെ അമര്‍ത്തി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. അമര്‍ത്തുന്ന സ്വിച്ചെല്ലാം പ്രവര്‍ത്തിക്കുമെന്നതിനാല്‍ താന്‍ അമര്‍ത്തിയ സ്വിച്ചാണ് യഥാര്‍ത്ഥത്തില്‍ അമര്‍ത്തേണ്ടതെന്ന വാദവുമായി ആളുകള്‍ രംഗത്ത് വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
         

പാര്‍വതി നല്ല നടിയാണ്. ഓരോ കഥാ പാത്രങ്ങള്‍ക്ക് അവര്‍ ജീവന്‍ നല്‍കുന്നതിലൂടെ സിനിമയെന്ന കലാരൂപം അവരിലൂടെ വിജയിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ തനിക്ക് പരിചിതമായ മേഖലയിലെ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ സമൂഹവുമായി പങ്കു വയ്ക്കുകയാണെങ്കില്‍ അത് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണ്. കസബയിലെ മമ്മൂട്ടിയുടെ അഭിനയത്തിനെതിരെ പാര്‍വതി നടത്തിയ വിമര്‍ശനത്തിലൂടെ ഗുണമുണ്ടായത് മമ്മൂട്ടിക്കാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സാമൂഹിക നിരീക്ഷണത്തിന് വിധേയനായ മമ്മൂട്ടിക്ക് അതിലൂടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടി എടുത്ത നിലപാട് സ്ത്രീവിരുദ്ധം എന്നതിനേക്കാളുപരി സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു.  കസബ വിമര്‍ശം അതില്‍ നിന്നും മോചിതനാകാന്‍ മമ്മൂട്ടിയെ സഹായിച്ചു. ഭരണകൂടം ഇത്തരത്തില്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായസ്വാതന്ത്ര്യം അതിരുകടന്ന വിധം പ്രയോഗിക്കപ്പെടുന്നതിനെ തടയിടാനായി. അതിനും അവസരം വീണുകിട്ടി. കാരണം പാര്‍വ്വതിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ നടപടി എടുക്കുന്നതിന് കുറ്റം പറയാന്‍ പറ്റില്ല. ഇവിടെയാണ് സമൂഹമെന്ന സങ്കീര്‍ണ്ണ സംവിധാനത്തില്‍ വാക്കു സൃഷ്ടിക്കുന്ന രസതന്ത്രങ്ങള്‍ സാമൂഹ്യവീക്ഷണത്തിനുള്ളില്‍ വരേണ്ടത്. അത്തരം ഉത്തരവാദിത്വം വരുമ്പോഴാണ് സാമൂഹികമായ അഭിപ്രായങ്ങള്‍ ക്രിയാത്മകമാകുന്നത്. അല്ലെങ്കില്‍ അവ പ്രത്യക്ഷത്തില്‍ കേമമെന്നു പെട്ടെന്ന് തോന്നും. ഫലം വിപരീതമാകും. അതുകൊണ്ടാണ് ശാസ്ത്രങ്ങളില്‍ വച്ച് ഏറ്റവും വലുത് സാമൂഹ്യശാസ്ത്രമാകുന്നത്.
           

പാര്‍വതി അറിയാതെ തന്നെ പാര്‍വതിയിലൂടെ ചൂഷണാധിഷ്ടിത കമ്പോളം അവരുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സാംസ്‌കാരിക ശൈലിയിലൂടെ താന്‍ ഉപയോഗിക്കപ്പെട്ടതാണെന്നു പോലും പാര്‍വ്വതിക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. വിശേഷിച്ചും സമൂഹം രണ്ടായി തിരിഞ്ഞ് ഒരു ഭാഗം തന്നോടൊപ്പം നില്‍ക്കുമ്പോള്‍. ഈ രണ്ടു വിഭാഗത്തിന്റെയും ശരികള്‍ക്കപ്പുറമാണ് വസ്തുതകളും സത്യവും അവശേഷിക്കുന്നതെന്നറിയണമെങ്കില്‍ സാമൂഹ്യശാസ്ത്രത്തിന്റെ രേഖീയമല്ലാത്ത അതിസങ്കീര്‍ണ്ണമായ വഴികളെക്കുറിച്ച് അല്‍പ്പമെങ്കിലും ധാരണ വേണം. ശക്തിയുള്ള സ്ത്രീയുടെ ഭാവം പ്രകടിപ്പിച്ച പാര്‍വതിയിലൂടെ ഇപ്പോള്‍ വെളിവാകുന്നത് ദുര്‍ബലയായ പാര്‍വ്വതിയെയാണ്. പാര്‍വതിയെപ്പോലുള്ള സ്ത്രീകള്‍ ഇത്രയും ദുര്‍ബലകളാകുമ്പോള്‍ സമൂഹത്തിലെ താഴെ നിരയിലുള്ള സ്ത്രീകളില്‍ അവശേഷിച്ചിരുന്ന ആത്മവിശ്വാസം കൂടി ചോര്‍ന്നു പോകുന്ന കാഴ്ചയല്ലേ കാണുന്നത?ഇതിന്റ വെളിച്ചത്തില്‍ പാര്‍വതിയുടെ പരാമര്‍ശം സ്ത്രീകള്‍ക്കനുകൂലമായിരുന്നോ പ്രതികൂലമായിരുന്നോ എന്ന് സ്വയം വിലയിരുത്തവുന്നതാണ്.

 

അതിനിടയിലും  ആലപ്പുഴയില്‍ നൂറിലേക്കു നീങ്ങുന്ന കെ ആര്‍ ഗൗരിയമ്മ എന്ന സ്ത്രീ ഇപ്പോഴും സമൂഹത്തിലേക്ക് ശ്രദ്ധയോടെയുള്ള കാതും ക്ണ്ണും കൂര്‍പ്പിച്ചിരിക്കുന്നു. ആ സാന്നിദ്ധ്യത്തിന്റെ ഓര്‍മ്മ പോലും സ്ത്രീപുരുഷ ഭേദമന്യേ ഏവരിലും ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു. ' വിജയാ താനൊരു സാരി ചുറ്റി പുറത്തിറങ്ങി നടക്കൂ' എന്ന് കേരളാ മുഖ്യമന്ത്രിയോട് ഗൗരിയമ്മ അടുത്തിടെ പറഞ്ഞു. തന്റെ യൗവ്വനത്തില്‍ തെരുവ് വിളക്കുകളില്ലാത്ത കാലത്ത് രാത്രിയില്‍ പന്ത്രണ്ടു മണിക്കുപോലും തെല്ലും ഭീതിയില്ലാതെ മൈലുകള്‍ നടന്ന് വീട്ടിലെത്തിയത് അനുസ്മരിച്ചുകൊണ്ടാണ് ഗൗരിയമ്മ മുഖ്യമന്ത്രിയെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വികസിത രാജ്യങ്ങളും അവിടുത്തെ ചൂഷണാധിഷ്ടിത വിപണിയും അതിവിദഗ്ധമായി പണിയെടുത്തതിന്റെ മാറ്റവും ഗൗരിയമ്മയുടെ മുഖ്യമന്ത്രിയോടുള്ള പറച്ചിലില്‍ നിന്നു വായിച്ചെടുക്കാം.