Skip to main content

pranab mukherjee, rajdeep sardesai

ചില നിമിഷങ്ങള്‍ നിശബ്ദമായി ചരിത്രത്തിലേക്കു പ്രവേശിക്കും.അതു ചിലപ്പോള്‍ വഴിത്തിരുവുകളുമായി മാറും. അത്തരത്തിലൊന്നാണ് മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുമായി രാജ്ദീപ് സര്‍ദേശായി ഇന്ത്യാ ടുഡേ ചാനലില്‍ നടത്തിയ അഭിമുഖം. അഭിമുഖത്തിലെ ഉളളടക്കമല്ല ചരിത്രമാകുന്നത്. അതില്‍ രാജ്ദീപിലൂടെ ഇന്ത്യന്‍ മാധ്യമലോകത്തെ മുന്‍രാഷ്ട്രപതി ഓര്‍മ്മിപ്പിച്ച കാര്യമാണ്. മുന്‍ രാഷ്ട്രപതി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനിടയില്‍ കയറി തടസ്സപ്പെടുത്തി ചോദ്യമുന്നയിച്ചതായിരുന്നു ആ ചരിത്ര നിമിഷം. വളരെ അവധാനതയോടെ പ്രണാബ് മുഖര്‍ജി രാജ്ദീപിനെ ഓര്‍മ്മിപ്പിച്ചു' നിങ്ങള്‍ ഇടയക്ക് കയറി തടസ്സപ്പെടുത്തരുത്. നിങ്ങള്‍ മുന്‍ രാഷ്ട്രപതിയോടാണ് സംസാരിക്കുന്നത്. അതിന്റെ ആവശ്യം മര്യാദ കാട്ടാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. എന്റെ രൂപം സ്‌ക്രീനില്‍ കാണാന്‍ എനിക്ക് ഒരു താല്‍പ്പര്യവുമില്ല. നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ഞാന്‍ വന്നത്. ഇടയക്ക് തടസ്സപ്പെടുത്താന്‍ പാടില്ല'
        

രാജ്ദീപ് സര്‍ദേശായിയൊക്കെ തുടങ്ങിവച്ച മാധ്യമസംസ്‌കാരമാണ് അഭിമുഖത്തിലായാലും ചര്‍ച്ചയിലായാലും അതില്‍ പങ്കെടുക്കുന്നവരെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുക എന്നത്. ഉത്തരം ലഭിക്കുക എന്നതിലല്ല അവരുടെ താല്‍പ്പര്യം. ഉത്തരം മുട്ടിക്കുക എന്നതിലാണ്. ഉത്തരം മുട്ടിക്കലിലൂടെയാണ് അവര്‍ തങ്ങളുടെ കേമത്തം തെളിയിക്കാന്‍ ശ്രമിക്കുന്നത്. രാജ്ദീപൊക്കെ ഇന്ത്യയിലെ ബുദ്ധിജീവി മാധ്യമപ്രവര്‍ത്തനവിഭാഗത്തിലാണെന്ന് സ്വയം വിശ്വസിക്കുകയും ഒട്ടേറെ പേര്‍ അങ്ങനെ കരുതകയും ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ടാവണമല്ലോ കേരളമുള്‍പ്പടെയുള്ള പല സദസ്സുകളിലും മതേതരത്വത്തിന്റെയും മറ്റും പേരില്‍ നടന്നിട്ടുള്ള യോഗങ്ങളിലൊക്കെ അദ്ദേഹം ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
         

 

മറ്റുള്ളവരുടെ ചിന്തയെ അസ്വസ്ഥമാക്കുക എന്നത് ആക്രമിക്കല്‍ തന്നെ. റേറ്റിംഗ് കൂട്ടലിന് രാജ്ദീപ് സര്‍ദേശായിയൊക്കെ തുടങ്ങിവച്ച വിപണന തന്ത്രമാണ് ഈ ഹിംസാത്മക മാധ്യമപ്രവര്‍ത്തനം. നായകന്‍ വില്ലനെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന മൂന്നാംകിട സിനിമകളിലെ രംഗങ്ങള്‍ കണ്ട് ആസ്വദിക്കുന്ന മനസ്സുള്ള പ്രേക്ഷകര്‍ ഈ ഹിംസാത്മക മാധ്യമപ്രവര്‍ത്തനത്തെ ഇഷ്ടപ്പെടുന്നു. സാമൂഹികമായ ജീര്‍ണ്ണതയുടെ ലക്ഷണമാണത്. അപ്പോള്‍ അത്തരത്തിലുളള പ്രവണതകളെ ഊട്ടിവളര്‍ത്തുന്നതും സാമൂഹികമായ ദ്രോഹം തന്നെയാണ്. രാജ്ദീപിന്റെ സമീപനത്തിന്റെ ഗ്രേഡ് കൂടി ഭ്രാന്തിന് സമാനമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസാമിയുടേത്. ഒടുവില്‍ ദില്ലി ഹൈക്കോടതിവരെ ആ സമീപനത്തിനെതിരെ പരാമര്‍ശം നടത്തുകയുണ്ടായി.
       

ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്ന ദേശീയ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും തഴക്കവും പഴക്കവും ഉളള നേതാവാണ് പ്രണാബ് കുമാര്‍ മുഖര്‍ജി.രാജ്യതന്ത്രജ്ഞത അദ്ദേഹത്തോളം പയറ്റാന്‍ അവസരം ലഭിച്ചിട്ടുള്ള നേതാക്കളും ഇന്ന് ഇല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈഭവവും തീരുമാനമെടുക്കാനുള്ള ശേഷിയും വളരെ പ്രശസ്തമാണ്. ആലോചിച്ച് ഉറച്ചതല്ലാതെ ഒരു വാക്കു പോലും അദ്ദേഹത്തില്‍ നിന്നുണ്ടാവുകയില്ല. അത് പാര്‍ലമെന്റിലായാലും പുറത്തായാലും മാധ്യമങ്ങളില്‍ അഭിമുഖത്തിന് എത്തുമ്പോഴായാലും. ക്ഷോഭം ദുര്‍ലഭം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കിന്റെ ശക്തി വളരെ ശക്തവുമാണ്. ഭരണാധികാരി എന്ന നിലയില്‍  മാനസികമായ ദൗര്‍ബല്യമോ നൈര്‍മല്യമോ പോലും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിഴലിക്കില്ല. അതാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹം എത്തിയ ഉടന്‍ തന്നെ ഡോ.എ പി ജെ അബ്ദുല്‍ കലാം തീരുമാനമെടുക്കാതെ മാറ്റിവച്ചിരുന്ന വധശിക്ഷ നടപ്പാക്കലുകള്‍ ഒന്നിനു പുറകെ ഒന്നായി വന്നതും.     
              

 

രാഷ്ട്രപതി ഭവനിലിരിക്കുമ്പോഴും രാഷ്ട്രീയ വീക്ഷണത്തിലൂടെ രാജ്യത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും  ഗതിവിഗതികളും സ്പന്ദനങ്ങളും അദ്ദേഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഭാഗങ്ങളില്‍ നിന്നും ഹിന്ദു ദിനപ്പത്രത്തില്‍ വന്ന അഭിമുഖത്തില്‍ നിന്നുമൊക്കെ മനസ്സിലാകുന്നത്. രാജ്യത്തെ ചാനല്‍ പ്രവര്‍ത്തനത്തേയും മാധ്യമപ്രവര്‍ത്തനത്തിന്റെ ഹീംസാത്മകമായ രീതിയേയും സ്വാഭാവികമായും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഔചിത്യത്തിന്റെയും മര്യാദയുടെയും അഭാവമാണ് മലയാളമുള്‍പ്പടെ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തനത്തിന്റെ സംസ്‌കാരമായി പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമലോകത്തിനെ ആ ഔചിത്യത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഫാസിസ്റ്റ് സംസ്‌കാരത്തിലുള്ള ഇടപെടലിനെ വളരെ വിദഗ്ധമായി തടഞ്ഞുകൊണ്ട് പ്രണാബ് മുഖര്‍ജി നടത്തിയത്.
        

രാഷ്ട്പതി ഭവനിലെത്തിയ ഉടന്‍ കെട്ടിക്കിടന്നിരുന്ന വധശിക്ഷകളില്‍ തീരുമാനമെടുത്ത അതേ കൃത്യതയിലൂടെയാണ് നിങ്ങള്‍ തടസ്സപ്പെടുത്താന്‍ പാടില്ല എന്ന അസന്ദിഗ്ധമായി അദ്ദേഹം രാജ്ദീപിനോട് ആജ്ഞാപിച്ചത്. ഭാവവ്യത്യാസങ്ങള്‍ മുഖത്ത് കാണിക്കാതിരിക്കാന്‍ രാജ്ദീപ് ശ്രദ്ധിച്ചെങ്കിലും അദ്ദേഹം മാപ്പു പറഞ്ഞു. അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്. ഫാസിസത്തിനെതിരെ വാചാലമാവുകയും ഫാസിസത്തിന്റെ മുഖം പ്രകടമാക്കുകയും ചെയ്യുന്നു പലപ്പോഴും ചാനല്‍ മാധ്യമ പ്രവര്‍ത്തകര്‍. അത് സംസ്‌കാരമില്ലായ്മയും കൂടിയാണ്, കാഴ്ചക്കാരുടെയും. ഫാസിസം വരുന്ന വഴിയും അതാണ്. അതിനെ ഒരു രാഷ്ട്രീയക്കാരന്റെ മികവോടുകൂടിയാണ് മുന്‍രാഷ്ട്രപതി തിരുത്തിയിരിക്കുന്നത്. ഇനി ആരു തന്നെ പ്രണാബ് മുഖര്‍ജിയുമായി അഭിമുഖം നടത്തിയാലും ഔചിത്യം പാലിച്ചിരിക്കും.മാത്രമല്ല, അഭിമുഖത്തിനു വരുന്ന മററുള്ളവര്‍ക്ക് പ്രണാബ് കുമാര്‍ മുഖര്‍ജി ഒരു പാഠവും തുറന്നു വച്ചിരിക്കുന്നു.

    
ഇവിടെ ഒരു അപകടവും പതിയിരിപ്പുണ്ട്. കാരണം പ്രണാബ് മുഖര്‍ജി രാജ്ദീപിനെ ആജ്ഞാപനത്തിലൂടെ താക്കീതു ചെയ്യുകയായിരുന്നു.അത് നല്ല സൂചനയല്ല. രാജ്ദീപിലൂടെ ഇന്ത്യന്‍ മാധ്യമരംഗത്തിനേറ്റ പ്രഹരമാണത്.അതിലൂടെ മാധ്യമങ്ങളുടെ അന്തസ്സ് ഉയരുകയായിരുന്നില്ല, മറിച്ച് തകരുകയാണുണ്ടായത്. തകര്‍ന്ന അന്തസ്സുള്ള ഏതവസ്ഥയിലും മറ്റ് പലരും പ്രണബിന്റെ മാതൃകയെ മാതൃകയാക്കും. അത് മാധ്യമങ്ങളുടെ ഷണ്ഡീകരണത്തിലേക്കു നയിക്കും. അത്  എന്തുതന്നെയായാലും ജനായത്ത സംവിധാനത്തിന്  ദോഷം വരുത്തും. മാധ്യമസ്വാതന്ത്ര്യത്തില്‍ മാധ്യമ അന്തസ്സും അതുകൊണ്ടാണ് മുഖ്യഘടകമാകുന്നത്. ഫലത്തില്‍ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണെന്ന് രാജ്ദീപ് വ്യക്തമാക്കിത്തരുന്നു.
           

വിയോണ്‍ ചാനല്‍ ഈ പ്ശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ മറ്റ് ആംഗലേയ ചാനലുകള്‍ കാണുമ്പോഴുണ്ടാകുന്ന അലോസരത്വം ആ ചാനല്‍ കാണുമ്പോഴില്ല. അതിനു കാരണം ഉത്തരം മുട്ടിക്കാനല്ല, ആ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിക്കുന്നത്. വളരെ സൗമ്യവും ഭദ്രവുമായി അവര്‍ അതിഥികളോട് പെരുമാറുകയും അവരെ കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യന്നു. രാജ്ദീപ് സിന്‍ഡ്രോം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയാള ചാനല്‍രംഗം. സര്‍ഗ്ഗാത്മകത ഇല്ലാതെ വരുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്.